മോദിയുടെ 12 വർഷത്തെ ഭരണം ഇന്ത്യൻ ജനാധിപത്യത്തിന് വലിയ ക്ഷതമുണ്ടാക്കിയെന്ന് സോണിയ ഗാന്ധി. ഇതിന് മറുപടിയായി 1975ലെ അടിയന്തരാവസ്ഥ ഓർമ്മിപ്പിച്ച് ബിജെപി രംഗത്തെത്തി. സോണിയയുടെ ഓർമ്മക്കുറിപ്പുകളായ 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' നവംബർ 10ന് പുറത്തിറങ്ങും

ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള 12 വർഷത്തെ കേന്ദ്രത്തിലെ ബി ജെ പി ഭരണം രാജ്യത്തിന്റെ ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും വലിയ ക്ഷതമാണ് ഉണ്ടാക്കിയതെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടായാൽ പോലും കാര്യങ്ങൾ പൂർവസ്ഥിതിയിലേക്ക് എത്തിക്കുക എന്നത് ഏറെ ദുഷ്‌കരമാകുമെന്ന് അവർ പറഞ്ഞു. സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളായ 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' പുറത്തിറങ്ങുന്നതിന് മുന്നോടിയായി 'ദി ഹിന്ദു' ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശങ്ങൾ. 2004 ൽ രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദം നിരസിക്കാൻ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ലെന്നും, മൻമോഹൻ സിംഗുമായി മികച്ച ടീമായി പ്രവർത്തിക്കാൻ കഴിഞ്ഞെന്നും അവർ വ്യക്തമാക്കി. ഇറ്റലിക്കാരിയെന്ന് വിളിച്ച് രാഷ്ട്രീയ എതിരാളികൾ നടത്തിയ പ്രചാരണങ്ങൾ വല്ലാതെ വേദനിപ്പിച്ചുവെന്നും സോണിയ കൂട്ടിച്ചേർത്തു.

അതേസമയം സോണിയ ഗാന്ധിയുടെ വിമർശനങ്ങൾക്കെതിരെ രൂക്ഷമായ മറുപടിയുമായി ബി ജെ പി കേന്ദ്രമന്ത്രിമാർ രംഗത്തെത്തി. ഇതേ സോണിയയുടെ പാർട്ടിയല്ലേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തിന്റെ വായമൂടിക്കെട്ടിയതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ചോദിച്ചു. 1975 ൽ നടന്ന കാര്യങ്ങൾ സോണിയ ഗാന്ധി മറന്നുപോയോ എന്ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാളും പരിഹസിച്ചു. നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ലോക രാജ്യങ്ങൾ ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയതെന്നും ബി ജെ പി നേതാക്കൾ അവകാശപ്പെട്ടു.

'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' നവംബർ 10 ന് പ്രകാശനം

അതേസമയം സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഇന്ത്യയിൽ ഹാർപ്പർ കോളിൻസാണ് പുറത്തിറക്കുക. നവംബർ 10 ന് 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' എന്ന പുസ്തകം പുറത്തിറങ്ങുമെന്ന് ഹാർപ്പർ കോളിൻസ് അറിയിച്ചു. ഇന്ത്യയുടെ യാത്രയെ കുറിച്ചുള്ള അപൂർവ്വമായൊരു അകക്കാഴ്ചയും പുസ്തകം നൽകുമെന്നാണ് പ്രസാധകരുടെ പക്ഷം.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

YouTube video player