യെദിയൂരപ്പയുടെ വിശ്വസ്തരുടെ സ്ഥാപനങ്ങളിൽ റെയ്ഡ്; നിർണായക രേഖകൾ പിടിച്ചെടുത്തു

By Web TeamFirst Published Oct 7, 2021, 5:37 PM IST
Highlights

നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. യെദിയൂരപ്പ സർക്കാരിൻറെ കാലത്തെ കരാറുകൾ സംബന്ധിച്ചും ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയാണ്. 

ബം​ഗളൂരു: കർണാടക (Karnataka) മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ (B S Yediyurappa) വിശ്വസ്തരുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ (Income Tax) റെയ്ഡ്. നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. യെദിയൂരപ്പ സർക്കാരിൻറെ കാലത്തെ കരാറുകൾ സംബന്ധിച്ചും ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയാണ്. 

യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്തെ കരാർ രേഖകളുള്ള നാല് ബാഗുകൾ ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കേ ജലവിഭവ വകുപ്പിന് അനുവദിച്ച കരാർ രേഖകളാണ് പ്രധാനമായും പിടിച്ചെടുത്തത് എന്നാണ് വിവരം. യെദിയൂരപ്പയുടെ പിഎ ഉമേഷിൻ്റെ വസതിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. നാല് ബാഗുകളുമായാണ് റെയ്ഡിന് ശേഷം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിയത്. യെദിയൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്രയ്ക്ക് പങ്കാളിത്തമുള്ള  കമ്പനികൾക്ക് അനധികൃത ടെൻഡർ നൽകിയതായി ആരോപണം ഉയർന്നിരുന്നു. 

ആദായനികുതി റെയ്ഡ് സംബന്ധിച്ച ചോദ്യങ്ങൾക്ക്, കാത്തിരുന്ന് കാണാം എന്നാണ് യെദിയൂരപ്പ പ്രതികരിച്ചത്. റെയ്ഡ് സ്വഭാവികമാണ്, രാഷ്ട്രീയപ്രേരിതമല്ല. ഉപതെരഞ്ഞെടുപ്പിനെ റെയ്ഡ് ബാധിക്കില്ല. തന്റെ വിശ്വസ്തൻ തന്നെയാണ് ഉമേഷ് എന്നും യെദിയൂരപ്പ പറഞ്ഞു. 

click me!