ആശ്വാസം: രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ 1.20 ലക്ഷമായി കുറഞ്ഞു; രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

By Web TeamFirst Published Jun 5, 2021, 8:44 AM IST
Highlights

കർണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പ്രതിദിന കൊവിഡ് മരണങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. 

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണം 1.20 ലക്ഷമായി കുറഞ്ഞു. 59 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ മാസത്തെ പകുതി കേസുകളും ഗ്രാമീണ മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കർണാടകം, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം പ്രതിദിന കൊവിഡ് മരണങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തയ്യാറാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

24 മണിക്കൂറിനിടെ രാജ്യത്ത് 1,20,529 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3380 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. അതേസമയം, പ്രതിദിന പൊസിറ്റിവിറ്റി 5.78 ശതമാനം ആയി കുറഞ്ഞു. രോഗമുക്തി നിരക്ക് 93.38 ശതമാനം ആയി ഉയരുകയും ചെയ്തു. നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ  80,000 ന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. 15,55,248 പേരാണ് രാജ്യത്ത് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 22 കോടി 78 ലക്ഷം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചു.

അതേസമയം, സ്വകാര്യ ആശുപത്രികൾക്ക് നൽകിയ വാക്സീനുകളിൽ പകുതിയും വൻകിട കോർപ്പറേറ്റുകൾ കൈയ്യടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഒമ്പത് വലിയ ആശുപത്രികൾക്കാണ് പകുതി വാക്സീൻ കിട്ടിയത്. അതിനിടെ, കുട്ടികളിലെ വാക്സീന് രണ്ടാഴ്ചയ്ക്കകം അപേക്ഷ നല്‍കുമെന്ന് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില്ല അറിയിച്ചു. ഭാരത് ബയോടെക്കിൻ്റെ അപേക്ഷയ്ക്കൊപ്പം ഇതും പരിഗണിക്കും. സ്പുട്നിക് വാക്സീൻ ഉത്പാദനത്തിന് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!