
രോഗിയായ സ്ത്രീയെ ശസ്ത്രക്രിയയ്ക്കിടെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി ആരോപണം. ഉത്തര്‍ പ്രദേശിലെ പ്രയാഗ്രാജ് നഗരത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെതിരെയാണ് ആരോപണം. യുവതിയുടെ സഹോദരന്‍റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുടല്‍ സംബന്ധിയായ ബുദ്ധിമുട്ടുകളോടെ ശനിയാഴ്ചയാണ് യുവതിയെ സ്വരൂപ് റാണി നെഹ്റു ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്.
മോത്തിലാല്‍ നെഹ്റു മെഡിക്കല്‍ കോളേജിന്‍റെ ഭാഗമാണ് ഈ ആശുപത്രി. ശനിയാഴ്ച രാത്രി തന്നെ യുവതിക്ക് അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് യുവതിയെ ഓപ്പറേഷന്‍ തീയേറ്ററിന് പുറത്ത് കൊണ്ടുവന്നത്. ഓപ്പറേഷന് ശേഷവും കടുത്ത വേദനയില്‍ ബുദ്ധിമുട്ടുകയായിരുന്നു സഹോദരിയെന്നും സംസാരിക്കാന്‍ ശ്രമിച്ച് നടക്കാതെ വന്നുവെന്നും സഹോദരന്‍ ആരോപണത്തില്‍ പറയുന്നു.
സംസാരിക്കാനുള്ള ബുദ്ധിമുട്ട് നിമിത്തം ഒരു കടലാസില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ പീഡനത്തിന് ഇരയായ വിവരം കുറിയ്ക്കുകയായിരുന്നുവെന്നാണ് സഹോദരന്‍ പരാതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എസ് പി സിംഗ് പറയുന്നത്. യുവതിയെ ശസ്ത്രക്രിയ ചെയ്ത സംഘത്തിലുണ്ടായിരുന്നത് രണ്ട് വനിതാ ഡോക്ടര്‍മാര്‍ ആയിരുന്നുവെന്നും എസ് പി സിംഗ് വിശദമാക്കി. പരാതിയുയര്‍ന്ന സാഹചര്യത്തില്‍ അഞ്ചംഗ സമിതി അന്വേഷണം നടത്തുമെന്നും രോഗിയുടെ മെഡിക്കല്‍ പരിശോധനയടക്കം നടത്തി ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കുമെന്നും എസ് പി സിംഗ് കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോളേജിന്‍റെ പേര് നശിപ്പിക്കാനുള്ള കൂട്ടായ ശ്രമത്തിന്‍റെ ഭാഗമാണ് ആരോപണമെന്നും എസ് പി സിംഗ് വിശദമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam