
ദില്ലി: 2026 ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ നടന്ന പ്രതിഷേധത്തില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ദില്ലി പൊലീസ്. പ്രതിഷേധിച്ചവർക്കെതിരെ ക്രിമിനൽ ഗൂഡാലോചന, കലാപത്തിന് ശ്രമം, മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കൽ മുതലായ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ സാമ്പത്തിക സഹായം നല്‍കിയവരെ അടക്കം പിടികൂടാനുണ്ടെന്നും പൊലീസ് പറയുന്നു. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെ യൂത്ത് കോൺഗ്രസാണ് പ്രതിഷേധം നടത്തിയിരുന്നത്. എഐ ഉച്ചകോടി വേദിയിലെ ഹാളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ, ഷർട്ട് അഴിച്ച് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. യുഎസുമായി ഒപ്പുവച്ച പുതിയ വ്യാപാര കരാറിൽ ഇന്ത്യക്ക് ന്യായമായ നേട്ടങ്ങൾ ലഭിച്ചില്ലെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കൃഷ്ണ ഹരി, ബിഹാർ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുന്ദൻ യാദവ്, യുപി യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അജയ് കുമാർ, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ നരസിംഹ യാദവ് എന്നിവര്‍ സംഭവത്തില്‍ അറസ്റ്റിലായിരുന്നു.
കോൺഗ്രസ് പ്രവർത്തകർ പരിപാടി തടസ്സപ്പെടുത്താൻ തയ്യാറെടുക്കുകയായിരുന്നു. എങ്ങനെയോ അവർക്ക് അകത്തേക്ക് പ്രവേശിക്കാനുള്ള ക്യുആർ കോഡുകൾ ലഭിച്ചു. ഉയർന്ന സുരക്ഷാ സംവിധാനമുള്ള വേദിയിലേക്കാണ് ഇരച്ചുകയറിയതെന്നും പ്രതിഷേധക്കാരെ തിരിച്ചറിയാൻ ഫേസ് തിരിച്ചറിയൽ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുണ്ടെന്നും എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കോൺഗ്രസിന്റെ ഭാഗത്തുനിന്നുള്ള നാണക്കേടാണ് സംഭവമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് ആരോപിച്ചു. ലോകത്തിലെ ഒരു സാങ്കേതിക ശക്തികേന്ദ്രമായി ഭാരതം സ്വയം നിലകൊള്ളാൻ മുന്നേറുന്ന സമയത്ത്, കോൺഗ്രസ് രാജ്യത്തെ നാണം കെടുത്താൻ ഏതറ്റം വരെയും പോകുന്നുവെന്നും ഇന്ത്യയുടെ ആഗോള പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഇന്ത്യയുടെ വളർച്ചയോടുള്ള കോൺഗ്രസിന്റെ അസൂയയാണ് എഐ ഉച്ചകോടി തടസ്സപ്പെടുത്താനുള്ള ശ്രമമെന്ന് ബിജെപി ആരോപിച്ചു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നാൽ ഇന്ത്യാ വിരുദ്ധം എന്നാണ് അർത്ഥമാക്കുന്നതെന്ന് ബിജെപി വക്താവ് നളിൻ കോഹ്‌ലി പ്രതിഷേധത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam