
ദില്ലി:പാര്‍ലമെന്‍റിലെ അതിക്രമവുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ച ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പ്രതിപക്ഷ എംപിമാരെ പുറത്താക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഇന്ത്യ സഖ്യ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സഖ്യ യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇപ്പോള്‍ ശ്രദ്ധ തെരഞ്ഞെടുപ്പിലാണെന്നും സ്ഥാനാര്‍ത്ഥിയായി ആരെയും നിര്‍ദേശിക്കേണ്ടെന്നും ഖര്‍ഗെ യോഗത്തില്‍ അറിയിച്ചു. സീറ്റ് വിഭജന ചർച്ചകൾ ജനുവരി ഒന്നിനുള്ളിൽ പൂർത്തിയാക്കണമെന്ന് നേതാക്കൾ നിര്‍ദേശിച്ചു.
ജനാധിപത്യത്തെ അടിച്ചമർത്താനുള്ള നീക്കങ്ങളെ പ്രതിപക്ഷം ഒന്നടങ്കം ചെറുക്കുമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഇത്രയും എംപിമാരെ പുറത്താക്കിയ നടപടി ജനാധിപത്യവിരുദ്ധമാണ്. സർക്കാരിന്‍റെ ഏകപക്ഷീയ നീക്കത്തെ ശക്തമായി നേരിടും. സഭയ്ക്കുള്ളിൽ പ്രതിഷേധിക്കുന്നത് ആദ്യമായല്ല. അമിത്ഷായും പ്രധാനമന്ത്രിയും സംസാരിക്കണമെന്ന ആവശ്യത്തെ മാനിക്കാൻ തയ്യാറാകുന്നില്ല. പകരം അഹമ്മദാബാദിലെ വ്യാപാര സമുച്ചയം ഉദ്ഘാടന ചടങ്ങിലാണ് മോദി പങ്കെടുത്തത്. മര്യാദകെട്ട നടപടിയെ ചോദ്യം ചെയ്യാൻ തന്നെയാണ് തീരുമാനം. എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്ന് ശക്തമായ പ്രതിഷേധം നടത്തും. ഡിസംബർ 22 ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ഒരു പ്രതിസന്ധിയുമുണ്ടാകില്ല. വിജയിക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രിയാരെന്ന് പിന്നീട് തീരുമാനിക്കുമെന്നും ഭൂരിപക്ഷം കിട്ടുകയെന്നതാണ് പ്രധാനമെന്നും ഖര്‍ഗെ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam