
ബെംഗളൂരു: കാറിന്റെ സൺറൂഫിലും വിൻഡോ സൈഡിലും തൂങ്ങിക്കിടന്ന് നാലുപേര്‍, ഒപ്പം കൈവിട്ട അഭ്യാസ പ്രകടനങ്ങളും. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും ചെയ്തു. ബെംഗളൂരിൽ നടന്ന ഈ സംഭവംത്തിൽ നടപടിയെടുത്തിരിക്കുകയാണ് ഇപ്പോൾ പൊലീസ്. തിരക്കേറിയ റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ ഒരു കൂട്ടം ആളുകൾ നൃത്തം ചെയ്യുന്നു. പിന്നിലെ വാഹനത്തിലുള്ളവര്‍ പകര്‍ത്തിയ വീഡിയോയിൽ യുവാക്കളുടെ അഭ്യാസ പ്രകടനങ്ങൾ മുഴുവൻ പതിഞ്ഞു. ബെംഗളൂരുവിലെ എയർപോർട്ട് റോഡ് എന്നറിയപ്പെടുന്ന എൻഎച്ച് 7 ലാണ് സംഭവം.
ഒരാൾക്ക് കഷ്ടിച്ച് നിൽക്കാൻ മാത്രം കഴിയുന്ന സൺറൂഫ് വിൻഡോയിൽ രണ്ടുപേര്‍ നിൽക്കുന്നു. വലതുവശത്തെ വിൻഡോയിൽ പുറത്തേക്ക് തള്ളി മറ്റൊരാളും. എല്ലാവരും മതിമറന്ന് നൃത്തം ചെയ്യുകയാണ്. മറ്റൊരാൾ ഇടതു വിൻഡോ വഴി പുറത്തേക്ക് തലയിടാൻ ശ്രമിച്ചെങ്കിലും പരാചയപ്പെട്ടു. എന്നാൽ മതിമറന്ന, മറ്റുള്ളവരെ കൂടി അപകടത്തിലേക്ക് തള്ളി വിടുന്ന തരത്തിലുള്ള യുവാക്കളുടെ ആഘോഷം ഒടുവിൽ ബെംഗളൂരു പൊലീസിന്റെ അടുത്തെത്തി. അവരെ ടാഗ് ചെയ്ത് ഒരാൾ വീഡിയോ പങ്കുവച്ചു. ചിലര്‍ എയര്‍പ്പോര്‍ട്ട് റോഡിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നു. ദയവായി ഈ ഭ്രാന്തമായ പ്രവൃത്തിക്ക് തക്കതായ നടപടികൾ പ്രതീക്ഷിക്കുന്നു എന്നായിരുന്നു നമ്പര്‍ സഹിതം നൽകിയുള്ള പോസ്റ്റ്.
വൈകാതെ വീഡിയോക്ക് പ്രതികരണമെത്തി. ചിക്കജാല ട്രാഫ് പൊലീസ് എക്സിൽ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. കഴിഞ്ഞ 15ന് ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എക്സ് വീഡിയോക്ക് പിന്നാലെ പൊലീസ് നടപടി എടുത്തുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സച്ചിൻ പി ഘോർപഡെ ഐപിഎസും വാര്‍ത്താക്കുറിപ്പിൽ പ്രതികരിച്ചു. മോട്ടോർ വെഹിക്കിൾസ് നിയമത്തിലെ സെക്ഷൻ 184 (അപകടകരമായ ഡ്രൈവിംഗ്), അതുപോലെ സെക്ഷൻ 279 (അശ്രദ്ധമായി വാഹനമോടിക്കുന്നതിലൂടെ മനുഷ്യജീവന് അപകടമുണ്ടാക്കൽ), 283 (പൊതുവഴിയിൽ അപകടമുണ്ടാക്കുകയോ തടസപ്പെടുത്തുകയോ ചെയ്യുക) എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം