
ദില്ലി: അരുണാചൽ അതിർത്തിയിലെ സംഘർഷസാധ്യത കുറയ്ക്കാൻ ഇന്ത്യയും ചൈനയും വീണ്ടും സൈനികതല ചർച്ച നടത്തി. കോർ കമാൻഡർ തലത്തിൽ രണ്ടാംവട്ട ചർച്ചകൾ പൂർത്തിയായി. അതിർത്തിയിൽ ഇരുരാജ്യങ്ങളും വൻതോതിൽ സൈനിക വിന്യാസം തുടരുന്നതിനിടെ, ശൈത്യകാലം കടുക്കും മുമ്പ് സംഘർഷം ഒഴിവാക്കുകയാണ് ലക്ഷ്യം.
നവംബർ എട്ട് മുതൽ ഏകദേശം പത്ത് ദിവസം നീണ്ടുനിന്ന ചർച്ചകളാണ് ഇപ്പോൾ പൂർത്തിയായത്. ഇന്ത്യൻ സൈന്യത്തിന്റെ മൂന്നാം കോർപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഗിരീഷ് കാലിയയും ചൈനീസ് സൈന്യത്തിലെ തുല്യപദവിയിലുള്ള ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ചര്‍ച്ചയുടെ ഭാഗമായി. സൈനികർ തമ്മിലുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ വ്യക്തമായ ഇടപെടൽ ചട്ടങ്ങൾ രൂപപ്പെടുത്തുക, ആശയവിനിമയം ശക്തമാക്കുക, അതിർത്തിയിലെ സംഘർഷം കുറയ്ക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യം. സെപ്റ്റംബർ ആറിനും ഏഴിനുമായിരുന്നു ആദ്യവട്ട ചർച്ച.
അപ്പർ സുബൻസിരി ജില്ലയിലെ തക്സിങ് മേഖലയിൽ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. ചർച്ചകൾ സൗഹാർദപരമായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ധാരണകൾ അതിർത്തിയിൽ നടപ്പാക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ശൈത്യകാലം കടുക്കുന്നതോടെ അതിർത്തിയിലെ സൈനിക നീക്കങ്ങളും വിതരണവും കൂടുതൽ ദുഷ്കരമാകും. അതിനുമുമ്പ് സമാധാനം ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ഇരുരാജ്യങ്ങളും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam