നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. ഇന്ത്യയുമായുള്ള ഊർജ സഹകരണം, സാമ്പത്തിക സഹായം, മറ്റ് നിർണ്ണായക വിഷയങ്ങൾ എന്നിവ ചർച്ചയാകും.
ദില്ലി : ദ്വിദിന സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ ഇന്ന് വൈകിട്ട് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ബാലൻ ഷായുടെ ഈ ആദ്യ വിദേശ സന്ദർശനം ഇന്ത്യ-നേപ്പാൾ ബന്ധത്തിൽ നിർണായകമാകും. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യാപാരം, ഊർജ സഹകരണം, അതിർത്തി തർക്കം, അടിസ്ഥാനസൗകര്യ വികസനം എന്നിവ ചർച്ചയാകും. നേപ്പാളിലെ ചൈനീസ് സ്വാധീനം വർധിക്കുന്ന പശ്ചാത്തലത്തിൽ പുതിയ നേതൃത്വവുമായി ബന്ധം ശക്തമാക്കുക എന്നത് ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്.
അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ നേപ്പാളിൽ ജെൻസികൾ നടത്തിയ വൻ പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ മാർച്ചിലാണ് 36-കാരനായ ബലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. റാപ്പർ എന്ന നിലയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഷാ, പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷമുള്ള ആദ്യ വിദേശ സന്ദർശനത്തിനായാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ നേപ്പാളിൽ സ്വാധീനമുറപ്പിക്കാൻ മത്സരിക്കുന്നതിനിടെയാണ് ബാലൻ ഷായുടെ ഇന്ത്യാ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. ചൈനയുടെ സ്വാധീനത്തിനിടയിൽ നേപ്പാളിനെ ചേർത്തുനിർത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഷായെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
34 അംഗ ഔദ്യോഗിക സംഘമാണ് ഷായെ അനുഗമിക്കുന്നത്. വൈകുന്നേരം ഇന്ത്യയിലെത്തിയതിന് പിന്നാലെ വൈകിട്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി ഷാ കൂടിക്കാഴ്ച നടത്തും. ഒപ്പം ഇന്ത്യ-നേപ്പാൾ ബിസിനസ് ഫോറത്തിലും പങ്കെടുക്കും. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്ട്രപതി ദ്രൌപതി മുർമ്മുവുമായുള്ള കൂടിക്കാഴ്ച്ച.
കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ മിന്നൽ പ്രളയത്തിൽ തകർന്ന മേഖലകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ഏകദേശം 500 കോടി ഡോളറാണ് നേപ്പാൾ ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യയുടെ ഭാഗത്തുനിന്ന് വൻ സാമ്പത്തിക സഹായ പാക്കേജ് നേപ്പാൾ പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം നേപ്പാളിൽ നിന്നും 1,200 മെഗാവാട്ട് വൈദ്യുതി ഇറക്കുമതി ചെയ്യാൻ ഇന്ത്യ നേരത്തെ അനുമതി നൽകിയിരുന്നു. ഇത് കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ചും, ഇന്ത്യ വഴി ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചും കൂടിക്കാഴ്ച്ചയിൽ ചർച്ചകൾ നടക്കും. നേപ്പാളിലെ പുതിയ വിമാനത്താവളങ്ങളിലേക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്ന് വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനായി ഇന്ത്യൻ വ്യോമാതിർത്തിയിൽ കൂടുതൽ പ്രവേശന പാതകൾ അനുവദിക്കണമെന്ന് നേപ്പാൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്.
ചൈനീസ് സഹായത്തോടെ നിർമ്മിച്ച ഈ വിമാനത്താവളങ്ങളുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് ആശങ്കകളുണ്ടെങ്കിലും, വ്യോമപാതകൾ തുറന്നുകിട്ടുന്നത് വിമാനത്താവളങ്ങളുടെ ലാഭകരമായ നടത്തിപ്പിന് അനിവാര്യമാണെന്ന് നേപ്പാൾ കരുതുന്നുണ്ട്. ഈ വിഷയങ്ങൾക്കൊപ്പം ഇരു രാജ്യങ്ങളുടെയും ഊർജ പദ്ധതികളുടെ സംയുക്ത ഉദ്ഘാടനവും ഇരു പ്രധാനമന്ത്രിമാരും നിർവ്വഹിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം നാളെ വൈകിട്ട് ബാലേൻ ഷാ തിരികെ നേപ്പാളിലേക്ക് പോകും.














