
ദില്ലി: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ ഇന്ത്യ അടുത്തയാഴ്ച വീണ്ടും തുടങ്ങാൻ സാധ്യത. ഇന്ത്യൻ സംഘം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അമേരിക്കൻ സംഘം ഇന്ത്യയിലേക്ക് വരുന്നത് നേരത്തെ മാറ്റിവച്ചിരുന്നു. വാർത്തകൾ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. വ്യാപാര ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാൻ ശ്രമമെന്ന് മോദി അറിയിച്ചു. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളും അടുത്ത സുഹൃത്തുക്കളുമാണെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായി യോജിച്ചു നീങ്ങുമെന്നും മോദി അറിയിച്ചു.
ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുന്നതിന് വ്യാപാര ചർച്ചകൾ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാൻ ഞങ്ങളുടെ ടീമുകൾ പ്രവർത്തിക്കുന്നുവെന്നും മോദി വ്യക്തമാക്കി. പ്രസിഡന്റ് ട്രംപുമായി സംസാരിക്കാനും ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റിൽ പറഞ്ഞു. ട്രംപിന്‍റെ പ്രസ്താവനക്ക് മറുപടിയായിട്ടായിരുന്നു മോദിയുടെ ട്വീറ്റ്.
ഇന്ത്യയും യു എസും തമ്മിലുള്ള വ്യാപാര രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുളള വ്യാപാര തടസങ്ങള്‍ നീക്കാനുളള ചര്‍ച്ചകള്‍ തുടരുന്നുവെന്ന് പോസ്റ്റിൽ പറഞ്ഞു.
'ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ഇന്ത്യയും യുഎസും തുടരുന്നുണ്ടെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ വളരെ നല്ല സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒരു അന്തിമ തീരുമാനത്തിലെത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്'- ട്രംപ് കുറിച്ചു.