
ഭുവനേശ്വര്‍: ഒഡീഷയിലെ നബരംഗ്പൂരിൽ 9 മാസം പ്രായമുള്ള കുഞ്ഞും 11 വയസുള്ള സഹോദരിയും പാമ്പ് കടിയേറ്റ് മരിച്ചു. പാമ്പ് കടിയേറ്റയുടനെ കുഞ്ഞുങ്ങളുമായി മാതാപിതാക്കള്‍ ഓടിയത് സാത്താൻ സേവ ചെയ്യുന്ന ഒരു മന്ത്രവാദിയുടെ അടുത്തേക്കെന്ന് പൊലീസ്. എന്നാൽ അവിടെയെത്തിച്ച് മണിക്കൂറുകൾക്കപ്പുറം ചികിത്സ കിട്ടാതെ കുട്ടികൾ മരിച്ചുവെന്നും പൊലീസ് പറഞ്ഞതായി എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞുങ്ങൾക്കാണ് പാമ്പ് കടിയേറ്റത്. രാത്രി 11 മണിയോടെ 9 മാസം പ്രായമുള്ള ഋതുരാജ് ഹരിജനെയും, സഹോദരി അമിത ഹരിജനെയും പാമ്പ് കടിച്ചു. ഉടനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം അര്‍ദ്ധരാത്രി ചികിത്സയ്ക്കായി "ഗുനിയ" എന്ന് പ്രദേശ വാസികൾ വിളിക്കുന്ന ഒരു മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
3 മണിക്കൂറോളം നീണ്ടുനിന്ന പൂജ നടത്തിയിട്ടും കുഞ്ഞുങ്ങൾ ഉണരാതായപ്പോൾ മാതാപിതാക്കൾ പുലർച്ചെ 4 മണിക്ക് കുട്ടികളെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിക്കും മുമ്പ് കുഞ്ഞുങ്ങൾ മരിച്ചിരുന്നതായും പൊലീസ് പറയുന്നു. കടിച്ച് 2 മണിക്കൂറിനുള്ളിൽ ആന്റിവെനം നൽകേണ്ടതായിരുന്നുവെന്നും ചികിത്സ വൈകിയതിനാലാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നും നബരംഗ്പൂർ ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ (സിഡിഎംഒ) സന്തോഷ് കുമാർ പാണ്ട പറഞ്ഞു.
സംസ്ഥാനത്ത് പ്രതിവർഷം ഏകദേശം 3000 കേസുകൾ പാമ്പുകടിയേൽക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഇതിൽ 40 ശതമാനം മരണവും കൃത്യ സമയത്ത് ചികിത്സ കിട്ടാത്തതിനാൽ സംഭവിക്കുന്നതാണെന്നും സ്പെഷ്യൽ റിലീഫ് കമ്മീഷണറുടെ ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam