
ദില്ലി: അഫ്ഗാൻ പൗരൻമാർക്ക് നേരത്തെ നല്കിയ എല്ലാ വിസകളും റദ്ദാക്കി ഇന്ത്യ. ഇ വിസയ്ക്ക് മാത്രമേ ഇനി അംഗീകാരമുള്ളു എന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഫ്ഗാൻ പൗരൻമാരുടെ ഇന്ത്യൻ വിസയുള്ള പാസ്പോർട്ടുകൾ ഭീകരർ മോഷ്ടിച്ചെന്ന് സൂചന. ഈ സാഹചര്യത്തിലാണ് പഴയ വിസകൾ റദ്ദാക്കിയത്. അതേസമയം, അഫ്ഗാനിസ്ഥാനിൽ രക്ഷാദൗത്യത്തിനയച്ച വ്യോമസേന വിമാനം നാല് ദിവസം കൂടി അവിടെ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തിരിച്ചെത്തുന്ന എല്ലാവർക്കും രണ്ടാഴ്ച നിരീക്ഷണം നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. താലിബാനോടുള്ള ഇന്ത്യൻ നിലപാട് വ്യക്തമാക്കണമെന്ന് നാളത്തെ സർവ്വകക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടും.
അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യം മുപ്പത്തിയൊന്നിന് അവസാനിപ്പിക്കും എന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. ഇനി എത്ര ഇന്ത്യക്കാർ മടങ്ങാനുണ്ടെന്ന് വ്യക്തമായ കണക്ക് കേന്ദ്രം നല്കിയിട്ടില്ല. എന്നാൽ പല രാജ്യങ്ങളുടെ ക്യാംപുകളിൽ ജോലി ചെയ്ത നൂറിലധികം പേർ ഇനിയും ഉണ്ടാകും എന്നാണ് സൂചന. വിമാനത്താവളത്തിൽ എത്തുന്നവരെ താജിക്കിസ്ഥാനിൽ എത്തിക്കാൻ വ്യോമസേന വിമാനം തല്ക്കാലം അവിടെ തങ്ങും. ഇന്ത്യയിലേക്ക് വരാൻ തയ്യാറെടുക്കുന്ന സിഖ് സമുദായ അംഗങ്ങളായ അഫ്ഗാൻ പൗരൻമാരെയും മുപ്പത്തിയൊന്നിന് മുമ്പ് എത്തിക്കാനാണ് ശ്രമം.
അതിനിടെ, അഫ്ഗാനിസ്ഥാനിൽ നിന്ന് തിരിച്ചെത്തിയ പതിനാറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിൽ ഇന്നലെ എത്തിയ മലയാളിയായ സിസ്റ്റർ തെരേസ ക്രാസ്റ്റ ഉൾപ്പടെയുള്ളവരെ നിരീക്ഷണത്തിലാക്കി. രണ്ടാഴ്ച നിരീക്ഷണം നിർബന്ധമാക്കും. നാളെ രാവിലെ പതിനൊന്നിനാണ് സർക്കാർ വിളിച്ച് സർവ്വകക്ഷിയോഗം ചേരുന്നത്. സർക്കാർ പറയുന്ന നിലപാട് നോക്കി പ്രതികരണം അറിയിക്കും എന്ന് നേതാക്കൾ പറഞ്ഞു. താലിബാനോടുള്ള ഇന്ത്യൻ നിലപാട് എന്തെന്ന് പ്രതിപക്ഷം ആരായും. പാക് കേന്ദ്രീകൃത സംഘടനകളുടെ അഫ്ഗാനിസ്ഥാനിലെ സാന്നിധ്യത്തിനെതിരെ ഇന്ത്യ ഐക്യരാഷ്ട്ര മനുഷ്യവകാശ കൗൺസിലിൽ ആഞ്ഞടിച്ചിരുന്നു. എന്നാൽ താലിബാനെക്കുറിച്ച് തല്ക്കാലം ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ പരാമർശിക്കുന്നില്ല
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam