527 വീര സൈനികരുടെ ധീര സ്മരണയിൽ രാജ്യം, പാകിസ്ഥാനെ മുട്ടുകുത്തിച്ച കാർ​ഗിൽ യുദ്ധ വിജയത്തിന് ഇന്ന് 27 വർഷം

Published : Jul 26, 2026, 06:40 AM IST
kargil war victory

Synopsis

527 ഇന്ത്യൻ സൈനികരുടെ ജീവത്യാഗത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ കാർഗിൽ യുദ്ധ വിജയത്തിന് 27 വർഷം തികയുന്നു. ദ്രാസിലെ യുദ്ധസ്മാരകത്തിൽ നടക്കുന്ന ചടങ്ങുകളിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പങ്കെടുക്കും. 1999-ൽ പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റത്തെ തുടർന്നുണ്ടായ യുദ്ധം ഇന്ത്യൻ സൈന്യത്തിന്റെ നിർണ്ണായക വിജയത്തിലാണ് അവസാനിച്ചത്.

ദില്ലി: കാർഗിൽ യുദ്ധവിജയ സ്മരണയിൽ രാജ്യം. ഇരുപത്തിയേഴാം കാർഗിൽ വിജയദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ ഇന്ന് ദ്രാസിലെ യുദ്ധ സ്മാരകത്തിൽ നടക്കും. ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാകും. യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര സൈനികരുടെ കുടുംബാംഗങ്ങളെ ആദരിക്കും. ദ്രാസിലെ യുദ്ധ സ്മാരകം കേന്ദ്രീകരിച്ചാണ് പ്രധാന പരിപാടികൾ നടക്കുന്നത്. പരിപാടിയുടെ ഭാഗമായി ഇന്നലെ സാംസ്കാരിക സന്ധ്യയും നടന്നിരുന്നു. ഇന്ത്യൻ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞു കയറിയതോടെയാണ്

കാർഗിലിലെ മഞ്ഞുപുതച്ച മലനിരകളിൽ യുദ്ധം തുടങ്ങുന്നത്. 1999 മെയ് പത്തിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജമ്മു കാശ്മീരിലെ ലഡാക് മേഖലയിലെ ബാൾട്ടിസ്ഥാൻ ജില്ലയിലെ കാർഗിലിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം ആദ്യം കണ്ടത് ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ ത്യാഷി നഗ്യാൻ ആണ്. അദ്ദേഹം ഉടൻ തന്നെ സൈന്യത്തെ വിവരം അറിയിച്ചു.

ഈ സൂചന പിന്തുടർന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റൻ സൗരഭ് കാലിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തിരികെ വന്നില്ല. ഭീകരരുടെയും അഫ്ഗാൻ കൂലിപ്പടയാളികളുടെയും സഹായത്തോടെ കാർഗിലിലെ ഉയർന്ന പോസ്റ്റുകളെല്ലാം പാകിസ്ഥാൻ പിടിച്ചടക്കി. ദ്രാസും കാർഗിലും കടന്ന് ലഡാക്കിലേക്ക് പോകുന്ന പാത പിടിച്ചെടുക്കാനായിരുന്നു പാക് ശ്രമം. കാർഗിലിലെ ഇന്ത്യൻ ആയുധശേഖരശാലയ്ക്ക് നേരെ ഷെല്ലാക്രമണവുമുണ്ടായി. ഇന്ത്യൻ മിഗ് വിമാനം പാക് സൈന്യം വെടിവെച്ചിടുകയും ലഫ്റ്റനന്റ് കെ. നചികേത പാക് പിടിയിലാവുകയും ചെയ്തു. നചികേതയെ തേടിപ്പോയ മറ്റൊരു മിഗ് വിമാനവും ഹെലികോപ്റ്ററും പാക് സൈന്യം വെടിവെച്ചിട്ടതോടെ അഞ്ച് സൈനികർക്ക് വീരമൃത്യു സംഭവിച്ചു.

1999 ജൂൺ 6-ന് ഇന്ത്യയുടെ പ്രത്യാക്രമണം ആരംഭിച്ചു. 2 ലക്ഷം സൈനികരെ അണിനിരത്തിയാണ് നുഴഞ്ഞുകയറിയ പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി തുടങ്ങിയത്. 30,000 ഭടന്മാർ യുദ്ധമുന്നണിയിൽ എപ്പോഴും ഉണ്ടായിരുന്നു. കാർഗിലിലും ദ്രാസിലും പ്രത്യാക്രമണം ശക്തമാക്കിയ ഇന്ത്യൻ സൈന്യം ബതാലിക് സെക്ടർ പിടിച്ചെടുത്തു. ജാട്ട് റെജിമെന്റിലെ ക്യാപ്റ്റൻ സൗരഭ് കാലിയ അടക്കമുള്ളവരെ ക്രൂരമായി കൊലപ്പെടുത്തി എന്ന വാർത്ത പുറത്തുവരുന്നു.

കനത്ത തിരിച്ചടി തുടങ്ങിയ ഇന്ത്യൻ സൈന്യം ടോളോലിംഗ് കുന്നുകളും ടൈഗർ ഹില്ലും തിരിച്ചുപിടിച്ചു. മലയടിവാരത്തിൽ നിന്ന് കുന്നുകൾ പിടിക്കാൻ കയറിയ കരസേനയിലെ ധാരാളം സൈനികർക്ക് വീരമൃത്യു സംഭവിച്ചു. 1999 ജൂലൈയിൽ ദ്രാസ് കരസേന തിരിച്ചുപിടിച്ചു. ലേസർ ബോംബുകളുമായി മിറാഷ് യുദ്ധവിമാനങ്ങൾ കൂടി എത്തിയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി. പാകിസ്ഥാൻ പതിയെ പിൻവാങ്ങാൻ തുടങ്ങി. കരസേനയുടെ ബൊഫോഴ്സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റക്കാർക്കെതിരെ നിരന്തരം തീതുപ്പി. ഇന്ത്യൻ സൈന്യത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് സൈന്യം ഒടുവിൽ പരാജയം സമ്മതിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ആദ്യമായി പ്രതികരിച്ച് അമിത് ഷാ; 'ബിജെപി പ്രവര്‍ത്തകര്‍ക്ക് പദവിയേക്കാൾ വലുത് രാജ്യവും യുവാക്കളും'
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് അഭിജിത്ത് ദീപ്കെ, 'ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചതിന് നന്ദി, അല്ലെങ്കിൽ ഇത് നടക്കില്ലായിരുന്നു'