അതിർത്തിയിലെ പ്രശ്നപരിഹാരം; ഇന്ത്യാ-ചൈന കൂടിക്കാഴ്ച ശനിയാഴ്ചയെന്ന് പ്രതിരോധമന്ത്രി

By Web TeamFirst Published Jun 2, 2020, 6:59 PM IST
Highlights

ഉന്നത സൈനിക തലത്തിലായിരിക്കും കൂടിക്കാഴ്ച. ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കാൻ ആകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: അതിർത്തിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഇന്ത്യയും ചൈനയും ശനിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് പറഞ്ഞു. ഉന്നത സൈനിക തലത്തിലായിരിക്കും കൂടിക്കാഴ്ച. ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്നും പ്രശ്നം രമ്യമായി പരിഹരിക്കാൻ ആകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് രാജ്നാഥ് സിം​ഗ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യാ-ചൈന അതിർത്തിയിൽ സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലീജിയൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. പ്രശ്നപരിഹാരത്തിന് നയതന്ത്ര തലത്തിൽ തുറന്ന ചർച്ചകൾ നടക്കുന്നുണ്ട്. പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

ചൈനയുമായുള്ള അതിർത്തി തർക്കത്തിന്റെ പേരിൽ ഇന്ത്യയുടെ അന്തസ്സിന് കോട്ടം തട്ടാൻ അനുവദിക്കില്ലെന്ന കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഴാവോ ലീജിയന്റെ പ്രതികരണം. ഇരുരാജ്യങ്ങളുടെയും തലവന്മാരുടെ പൊതുഅഭിപ്രായം അനുസരിച്ചായിരിക്കും ചൈന കാര്യങ്ങൾ നടപ്പിലാക്കുക. അതിർത്തിയിൽ ചൈനയുടെ പരമാധികാരവും സുരക്ഷയും സ്ഥിരതയും ഉറപ്പിക്കാൻ ഞങ്ങൾ ബാധ്യസ്ഥരുമാണ്. ഴാവോ ലീജിയൻ പറഞ്ഞു.

അതിനിടെ, ഇന്ത്യാ-ചൈന അതിർത്തിയിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ടെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ഇന്ത്യൻ സൈന്യത്തിന്റെ ഔദ്യോ​ഗിക സ്ഥിരീകരണം വന്നിരുന്നു. അതിർത്തിയിലെ പ്രശ്നങ്ങളോട് ചേർത്ത് വീഡിയോ പ്രചരിപ്പിക്കുന്നതിന് പിന്നലുളളത് ദുരുദ്ദേശ്യമാണ്. നിലവിൽ യാതൊരു ആക്രമണങ്ങളും അവിടെയില്ലെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. 

ഇരു രാജ്യങ്ങൾക്കുമിടയിൽ ചർച്ചകളിലൂടെ സമവായം കണ്ടെത്താനാണ് ശ്രമിക്കുന്നത്. മുതിർന്ന സൈനിക ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ ഇതിനുളള ശ്രമങ്ങൾ നടക്കുന്നുണ്ട്. ദേശീയ സുരക്ഷയെപ്പോലും ബാധിക്കുന്ന തരത്തിൽ പ്രശ്നങ്ങളെക്കുറിച്ച് ചിലർ പ്രചാരണം നടത്തുന്നതിനെ അപലപിക്കുന്നു. അതിർത്തിയിലെ പ്രശ്നങ്ങൾ വഷളാക്കാൻ മാത്രമേ ഇത്തരം പ്രചാരണങ്ങൾ കൊണ്ട് കഴിയൂ. ഇത്തരം വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഒരു കാരണവശാലും സംപ്രേഷണം ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയാണെന്നും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. 

click me!