നിയന്ത്രണരേഖയിൽ നിന്ന് പിൻമാറണം: ചൈനയോട് ഉറച്ച നിലപാടുമായി ഇന്ത്യ

By Web TeamFirst Published Jun 22, 2020, 10:01 PM IST
Highlights

ജൂൺ ആറിന് ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യയും ചൈനയും തമ്മിൽ കമാൻഡർ തല ചർച്ച നടക്കുന്നത്. നേരത്തേ നടന്ന ചർച്ചയിൽ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സൈന്യം പിൻമാറാമെന്ന ധാരണയുണ്ടായിരുന്നെങ്കിലും ഇതിനിടെ ഉണ്ടായ സംഘർഷം കാര്യങ്ങൾ വഷളാക്കി. 

ദില്ലി: രണ്ടാമത് ഇന്ത്യ ചൈന ലഫ്റ്റനൻറ് ജനറൽ തല ചർച്ച പൂർത്തിയായി. ഇന്ത്യ - ചൈന അതിർത്തിയിൽ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (LAC)യുടെ ചൈനീസ് ഭാഗത്തെ മോൾഡോയിലെ ക്യാമ്പിലാണ് കമാൻഡർ തല ചർച്ച നടന്നത്.  നാളെ വിദേശകാര്യമന്ത്രിമാരുടെ യോഗം നടക്കുന്നതിന് മുമ്പായിരുന്നു സേനാതലത്തിലെ ഉന്നതതല യോഗം.

മെയ് നാലിനു മുമ്പുള്ള സാഹചര്യം അതിർത്തിയിൽ പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചർച്ചയിൽ ശക്തമായി ആവശ്യപ്പെട്ടു. നിയന്ത്രണരേഖയിൽ നിന്ന് പിൻമാറണമെന്നും ഇന്ത്യൻ സൈന്യം ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞയാഴ്ചത്തെ സംഘർഷത്തിൽ ചൈനീസ് കമാൻഡിംഗ് ഓഫീസറും കൊല്ലപ്പെട്ടു എന്ന് ചൈന വ്യാഴാഴ്ച നടന്ന സേനാതല ചർച്ചകളിൽ സമ്മതിച്ചുവെന്നാണ് സൂചന. ഇതിനിടെ സിക്കിമിൽ നടന്ന സംഘർഷത്തിന്‍റെ ചില സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നു.

ഈ മാസം ആറിന് ആദ്യ ഇന്ത്യ ചൈന കമാൻഡർ തല ചർച്ച കിഴക്കൻ ലഡാക്കിൽ നടന്നിരുന്നു. അന്ന് അതിർത്തിയിൽ നിന്ന് പിൻമാറാൻ ഉണ്ടാക്കിയ ധാരണ ചൈന പാലിക്കാത്തതാണ് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചത്. കഴിഞ്ഞയാഴ്ച മേജർ ജനറൽ തലത്തിലുള്ള ചർച്ചയ്ക്കു ശേഷമാണ് ഇന്ന് കമാൻ‍ഡർമാർ തന്നെ വീണ്ടും യോഗം ചേർന്നത്.

ചൈനയുടെ ഏതു കടന്നുകയറ്റവും നേരിടാൻ ഇന്നലെ സേനകൾക്ക് കേന്ദ്രസർക്കാർ സ്വാതന്ത്ര്യം നല്കിയിരുന്നു. ചൈനയുടെ ഏത് കടന്നുകയറ്റത്തെയും ശക്തമായി നേരിടുകയും തിരിച്ചടിക്കുകയും ചെയ്യണമെന്നായിരുന്നു കേന്ദ്രം സൈന്യത്തിന് നൽകിയ നിർദേശം. അതിർത്തി സംബന്ധിച്ച് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും പ്രതിരോധമന്ത്രാലയം സൈന്യത്തിന് നിർദേശം നൽകി. ഇതിനു ശേഷമാണ് ഈ യോഗം നടന്നത്. 

നാളെ ഇന്ത്യ- റഷ്യ- ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരുമെങ്കിലും സംഘർഷം തല്ക്കാലം അജണ്ടയിൽ ഇല്ല എന്നാണ് വിശദീകരണം. വീരമൃത്യു വരിച്ച ഇന്ത്യയുടെ ചില സൈനികരുടെ ശരീരങ്ങളിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ചൈനീസ് കമാൻഡിംഗ് ഓഫീസർ കൊല്ലപ്പെട്ടെന്ന വാർത്ത ചൈന സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നടന്ന സേനാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ചൈന ഇക്കാര്യം സമ്മതിച്ചത്. 

ഇതിനിടെ സിക്കിമിൽ മേയ് ആദ്യവാരം നടന്ന സംഘർഷത്തിന്‍റെ ചില ദൃശ്യങ്ങളും പുറത്തു വന്നു. അതിർത്തി ലംഘിക്കാൻ നോക്കിയ ചൈനീസ് സൈനികരെ ഇന്ത്യ തടയുന്ന ഈ ദൃശ്യങ്ങൾക്ക് കരസേന പക്ഷേ സ്ഥിരീകരണം നൽകിയിട്ടില്ല. 

click me!