'‌അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം'; പാകിസ്ഥാൻ്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

Published : Jun 29, 2026, 11:23 PM IST
Pakistan Attack on Afghanistan

Synopsis

അഫ്ഗാനിസ്ഥാനിൽ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ. പാകിസ്ഥാൻ്റെ നടപടി അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

ദില്ലി: പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. പാകിസ്ഥാൻ്റെ നടപടി അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയുമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര പരാജയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് അയൽരാജ്യങ്ങളെ ആക്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സാധാരണക്കാരുടെ മരണത്തിന് ഇടയാക്കിയ, അഫ്ഗാൻ പ്രദേശത്തെ പാകിസ്ഥാന്റെ വ്യോമാക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. പാകിസ്ഥാന്റെ ഈ നഗ്നമായ അധിനിവേശ നടപടി അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയുമാണ്. ഇത് പാകിസ്ഥാന്റെ തുടർച്ചയായതും ലാഘവത്തോടെ ഉള്ളതുമായ പെരുമാറ്റരീതിയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

തങ്ങളുടെ ആഭ്യന്തര പരാജയങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാൻ അതിർത്തികൾക്കപ്പുറത്ത് അക്രമങ്ങൾ നടത്താനുള്ള പാകിസ്ഥാന്റെ വ്യർത്ഥമായ ശ്രമമാണിത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട അഫ്ഗാൻ കുടുംബങ്ങൾക്ക് ഇന്ത്യ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതിനൊപ്പം അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ ആവർത്തിച്ച് വ്യക്തമാക്കുന്നതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 36 സാധാരണക്കാർ കൊല്ലപ്പെടുകയും 160ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ അധികൃതർ അറിയിച്ചതിന് പിന്നാലെയാണ് ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചത്. പക്തിയ, പക്തിക, കുനാർ എന്നീ പ്രവിശ്യകളിലാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. പാകിസ്ഥാൻ്റേത് ഭീരുത്വം നിറഞ്ഞ അധിനിവേശ നടപടി എന്നും ക്രൂരത എന്നും അഫ്ഗാനിസ്ഥാൻ അപലപിച്ചു. ആക്രമണത്തിന് അടുത്ത സമയം തന്നെ കാബൂൾ മറുപടി നൽകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പാകിസ്ഥാനിൽ നടത്തിയ ഭീകരാക്രമണത്തിന് മറുപടിയെന്നോണമാണ് ആക്രമണം നടത്തിയതെന്നാണ് ഭരണകൂടത്തിൻ്റെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോംസ്റ്റേയിൽ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ, യുവാവ് അബോധാവസ്ഥയിൽ; മുറിയിൽ കയറും കുറേ ഗുളികകളും കണ്ടെത്തി
ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ സബ്സിഡി, റോഡ് നികുതി നൽകേണ്ട; പുതിയ ഇലക്ട്രിക് വാഹന നയം, പെട്രോൾ വാഹനങ്ങൾക്ക് ബൈ ബൈ പറയാൻ ദില്ലി