രാജ്യത്ത് കൊവിഡ് ബാധിതർ 29 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 68,898 രോ​ഗികൾ, 983 മരണം

By Web TeamFirst Published Aug 21, 2020, 9:34 AM IST
Highlights

 24 മണിക്കൂറിനിടെ 983 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 54,849 ആയി. 

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 29 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 68,898 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോ​ഗബാധിതരുടെ എണ്ണം 29,05,823 ആയി. 24 മണിക്കൂറിനിടെ 983 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 54,849 ആയി. 

 6, 92, 028 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 21, 58, 946 പേർ ഇതുവരെ രോ​ഗമുക്തി നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തു ഇന്നലെ 8, 05, 985 സാമ്പിൾ പരിശോധിച്ചു.

അതേസമയം, കൊവിഡ്  പരിശോധനയ്ക്ക് പുതിയ നിർദേശവുമായി ഐസിഎംആർ പഠനം പുറത്തുവന്നു. കൊവിഡ് ലക്ഷണം ​ഗുരുതരമല്ലാത്ത രോഗികളുടെ  കവിൾകൊള്ളുന്ന  വെള്ളം പരിശോധിക്കാമെന്നാണ് ഐസിഎംആർ പറയുന്നത്. ദില്ലി എയിംസിലെ 50 രോഗികളിൽ ഇത്തരത്തിൽ നടത്തിയ പഠനം വിജയകരമാണ്. രോഗം തിരിച്ചറിയാൻ ശ്രവം ശേഖരിക്കുന്നതിലൂടെയുള്ള  രോഗ വ്യാപന സാധ്യത  ഒഴിവാക്കാം എന്നതാണ് ഈ രീതിയുടെ മെച്ചമെന്നും ഐസിഎംആർ പറയുന്നു. 

ഇന്ത്യയിൽ ആദ്യ ഘട്ടത്തിൽ എത്തിക്കുന്നത്  50 ലക്ഷം കൊവിഡ് വാക്സിനുകൾ എന്നുള്ള റിപോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. മുൻനിര പ്രതിരോധ  പ്രവർത്തകർ, സൈനികർ, ഗുരുതരാവസ്ഥയിൽ ഉള്ളവർ എന്നിവർക്കാണ് വാക്സിൻ നൽകുന്നതിൽ മുൻഗണന. ഇന്ത്യയിലെ വാക്സിൻ നിർമ്മാതാക്കളോട് എത്ര വാക്സിൻ നൽകാൻ കഴിയും എന്നത് സംബന്ധിച്ച് വിദഗ്ധ സമിതി റിപ്പോർട്ട്‌ തേടിയിരുന്നു. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓക്സ്ഫോർഡ് വാക്സിൻ ആവും ആദ്യം വിതരണത്തിന് എത്തുകയെന്നാണു സൂചന. അടുത്ത വർഷം പകുതിയോടെ വാക്സിൻ വിതരണത്തിന് എത്തും എന്നാണ് പ്രതീക്ഷ.

click me!