
ദില്ലി: ഇന്ത്യയുടെ വാക്സീൻ കയറ്റുമതി നയം പാളിയെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ നിന്ന് വാക്സീൻ സ്വീകരിച്ച ഭൂരിപക്ഷം രാജ്യങ്ങളിലും രോഗവ്യാപനം ഇന്ത്യയെക്കാൾ കുറവായിരുന്നു എന്നാണ് ഇന്ത്യന്‍ എക്സ്പ്രസ്സ് പത്രത്തില്‍ വന്ന റിപ്പോർട്ട്. ഇതിനിടെ കൊവിഡ് കൈകാര്യം ചെയ്യുന്ന കേന്ദ്ര ടീം പുനസംഘടിപ്പിക്കണം എന്ന വികാരം ബിജെപിയിലും ആർഎസ്എസിലും ശക്തമാകുന്നു.
രണ്ട് മെയ്‍ഡ് ഇൻ ഇന്ത്യ വാക്സീൻ വികസിപ്പിച്ചതും വാക്സീൻ നിരവധി രാജ്യങ്ങൾക്ക് നല്‍കുന്നതും വലിയ നേട്ടമായി പ്രധാനമന്ത്രി ജനുവരിക്ക് ശേഷമുള്ള എല്ലാം പ്രസംഗങ്ങളിലും ഉയർത്തി കാട്ടിയിരുന്നു. കൊവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സീനുകൾ കയറ്റി അയക്കുന്നത് കൊവിഡ് രണ്ടാം തരംഗത്തോടെ നിറുത്തിവച്ചിരിക്കുകയാണ്. ഇതുവരെ 93 രാജ്യങ്ങൾക്ക് വാക്സീൻ നല്‍കാനാണ് ഇന്ത്യ നടപടി എടുത്തത്. ഇതിൽ 88 രാജ്യങ്ങളിലും ആകെ കൊവിഡ് കേസുകളും മരണസംഖ്യയും ഇന്ത്യയെക്കാൾ കുറവായിരുന്നു. ഏപ്രിൽ മുപ്പതിന് ഇന്ത്യയിലെ കൊവിഡ് കേസുകൾ ഒരു ലക്ഷത്തിന് 1360 ആയിരുന്നെങ്കിൽ പകുതിയിലധികം വാക്സീൻ സ്വീകരിച്ച രാജ്യങ്ങളിൽ ഇത് 500ൽ താഴെ മാത്രമാണ്.
ഇന്ത്യയിൽ മരണം ഒരു ലക്ഷം പേരിൽ 15 ആണെങ്കിൽ ഈ രാജ്യങ്ങളിൽ സംഖ്യ ഇതിൻ്റെ പകുതിയാണ്. ഒരു ലക്ഷത്തിൽ ഒന്നിലധികം മരണം റിപ്പോർട്ട് ചെയ്യാത്ത 14 രാജ്യങ്ങൾക്കും ഇന്ത്യയിൽ നിന്ന് വാക്സീൻ കിട്ടി. വാക്സീൻ കയറ്റുമതിക്ക് തീരുമാനിച്ച ദിവസവും ഇതിൽ 64 രാജ്യങ്ങളിൽ ഇന്ത്യയെക്കാൾ വ്യാപനം കുറവായിരുന്നു എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊവിഡ് കൈകാര്യം ചെയ്ത രീതിയിൽ ബിജെപിക്കകത്തും അതൃപ്തി പുകയുമ്പോഴാണ് വാക്സീൻ നയം പാളി എന്ന റിപ്പോർട്ടും പുറത്തു വരുന്നത്. രണ്ടാം തരംഗം മുൻകൂട്ടി കാണുന്നതിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെയും ആരോഗ്യമന്ത്രാലയത്തിലെയും ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പാളിച്ചയുണ്ടായി എന്നാണ് വിലയിരുത്തൽ. ടീം പുനസംഘടിപ്പിക്കാൻ പ്രധാനമന്ത്രി തയ്യാറാകണം എന്ന വികാരം മുതിർന്ന നേതാക്കൾക്കുണ്ട്. ഏറെ നാളായി പറഞ്ഞു കേട്ട മന്ത്രിസഭ പുനസംഘടന വച്ചു നീട്ടാൻ പാടില്ലായിരുന്നു എന്ന വികാരവും പാർട്ടിക്കകത്ത് പ്രകടമാകുന്നുണ്ട്.
അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടെ 4,03,738 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,092 മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതായാണ് ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്. 37,36,648 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ന് മുകളിലാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam