ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാര്‍ച്ചില്‍; സിഎഎക്കെതിരെ യൂറോപ്യന്‍ പാര്‍ലമെന്‍റിലെ പ്രമേയം തടയാന്‍ നീക്കവുമായി ഇന്ത്യ

By Web TeamFirst Published Jan 28, 2020, 1:44 PM IST
Highlights

 പാകിസ്ഥാന്‍ ഇടപെടലിനെ തുടര്‍ന്ന് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയിലെയും ലിബറല്‍ ഡെമോക്രാറ്റുകളുടെയും അംഗങ്ങളാണ് സിഎഎ വിരുദ്ധ പ്രമേയത്തിന് പിന്നിലെന്നാണ് ഇന്ത്യ കരുതുന്നത്.

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള യൂറോപ്യന്‍ പാര്‍ലമെന്‍റ് തീരുമാനം പിന്‍വലിപ്പിക്കാന്‍ നീക്കവുമായി ഇന്ത്യ. സിഎഎക്കെതിരെ യൂറോപ്യന്‍ പാര്‍ലമെന്‍റ് പാസാക്കുന്നത് തടയാനും ഇന്ത്യന്‍ സര്‍ക്കാറിന്‍റെ വാദങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാനും ഇന്ത്യ നീക്കം തുടങ്ങി. യൂറോപ്യന്‍ പാര്‍ലമെന്‍റ് പ്രമേയം യുറോപ്യന്‍ കൗണ്‍സിലിന്‍റെയോ യൂറോപ്യന്‍ കമ്മീഷന്‍റെയോ തീരുമാനങ്ങളെ ബാധിക്കില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. അതേസമയം, യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധത്തെ താല്‍ക്കാലികമായി ചെറിയ തോതില്‍ ബാധിക്കുമെന്നും വിലയിരുത്തുന്നു.

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ചില്‍ ബ്രസ്സല്‍സിലെത്തുന്നുണ്ട്. അതിന് മുന്നോടിയായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബ്രസ്സല്‍സിലേക്ക് ഫെബ്രുവരി മധ്യത്തോടെ തിരിക്കും. സിഎഎക്കെതിരെ ആറ് പ്രമേയങ്ങളുടെ കരടാണ് വിവിധ ഗ്രൂപ്പുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കരടുകള്‍ ഏകീകരിച്ച് ഒറ്റ പ്രമേയമായിട്ടായിരിക്കും അവതരിപ്പിക്കുക. പ്രമേയം അവതരിപ്പിക്കാനും വോട്ടിനിടാനും കേവല ഭൂരിപക്ഷം വേണം. ഇന്ത്യന്‍ സര്‍ക്കാറിന്‍റെ കശ്മീര്‍ നിലപാടിനെയും യൂറോപ്യന്‍ പാര്‍ലമെന്‍റ് എതിര്‍ക്കും.

ഇന്ത്യ നടപ്പാക്കിയ സിഎഎ നിയമത്തെ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്‍റ് വക്താവ് വിര്‍ജിനി ബട്ടു-ഹെന്‍റിക്സണ്‍ പറഞ്ഞു. പ്രമേയത്തിന് അന്തിമ രൂപമായിട്ടില്ലെന്നും കരടുകള്‍ തയ്യാറായിട്ടേയുള്ളൂവെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍റെ അടുത്ത പങ്കാളിയാണ് ഇന്ത്യ എന്നതില്‍ സംശയമില്ല. വിവിധ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെയോ അംഗങ്ങളുടെയോ അഭിപ്രായം യൂറോപ്യന്‍ യൂണിയന്‍റെ ഔദ്യോഗിക നിലപാടല്ലെന്നും അവര്‍ വ്യക്തമാക്കി.

സിഎഎ സംബന്ധിച്ച് ഇന്ത്യന്‍ ഭാഗം വിശദീകരിക്കാന്‍ ഇന്ത്യന്‍ പ്രതിനിധി ഗായത്രി കുമാറിനെ ബ്രസ്സല്‍സിലേക്കയച്ചു. പാകിസ്ഥാന്‍ ഇടപെടലിനെ തുടര്‍ന്ന് ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയിലെയും ലിബറല്‍ ഡെമോക്രാറ്റുകളുടെയും അംഗങ്ങളാണ് പ്രമേയത്തിന് പിന്നിലെന്നാണ് ഇന്ത്യ കരുതുന്നത്. ജനുവരി 31ന് ബ്രെക്സിറ്റ് പാസാകുന്നതോടെ 73 അംഗങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്‍റ് വിടും. ഈ സാഹചര്യം മുതലെടുക്കാനാണ് ഇന്ത്യയുടെ തീരുമാനം.

സിഎഎ പൂര്‍ണമായും ആഭ്യന്തര കാര്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. യൂറോപ്യന്‍ പാര്‍ലമെന്‍റിന്‍റെ പ്രമേയം പാസാക്കാനുള്ള തീരുമാനം അനാവശ്യമാണെന്ന് സ്പീക്കര്‍ ഓം ബിര്‍ല വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല. യൂറോപ്യന്‍ പാര്‍ലമെന്‍റ് സ്വതന്ത്ര സംവിധാനമാണെന്നും യൂറോപ്യന്‍ യൂണിയന്‍റെ ഔദ്യോഗിക നിലപാടിനെ സ്വാധീനിക്കില്ലെന്ന് വ്യക്തമാക്കുമ്പോഴും അന്താരാഷ്ട്ര തലത്തില്‍ തിരിച്ചടിയാകുമെന്നാണ് ഇന്ത്യന്‍ കണക്കുകൂട്ടല്‍. അതുകൊണ്ട് തന്നെ പ്രമേയം പാസാകാതിരിക്കാനാണ് ഇന്ത്യയുടെ ശ്രമം. 

click me!