
ബെംഗളൂരു: ബെംഗളൂരുവിൽ എടിഎം കവർച്ച നടത്തുകയായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്. പഞ്ചാബ് സ്വദേശികളായ ഹർഷ അറോറ (35), സർവ്വജ്യോത് (31) എന്നിവരാണ് അറസ്റ്റിലായത്. ബൈട്രായനപുരയിലുളള എസ്ബിഐ എടിഎമ്മിൽ കവർച്ച നടത്തുന്നതിനിടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
ഇവരുടെ പക്കൽ നിന്ന് രണ്ടു ബാഗുകളിലായി സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ പിടിച്ചെടുത്തിട്ടുണ്ട്. ഇതിനു മുൻപ് നഗരത്തിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ നാല് എടിഎം കവർച്ചകളിലും ഇരുവരും പ്രതികളാണെന്ന് പൊലീസ് പറയുന്നു.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ബൈട്രായനപുരയിലെ എസ്ബിഐ എടിഎമ്മിൽ കയറിയ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തകർക്കുന്നതിനിടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. ബാങ്കിന്റെ മുംബൈ ഹെഡ് ഓഫീസിൽ അപകട സൂചന ലഭിച്ചതിനെ തുടർന്ന് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഇൻസ്പെക്ടറും സംഘവും ഉടൻ സ്ഥലത്തെത്തുകയും ചെയ്തു.
മുഖം മൂടി ധരിച്ച പ്രതികളുമായുള്ള ബലപ്രയോഗത്തിനിടെ പൊലീസുകാർക്ക് പരിക്കേറ്റു. കവർച്ചക്ക് മുൻപ് എടിഎം കേന്ദ്രത്തിലെ സിസിടിവി ഇവർ തകർത്തതായി പൊലീസ് പറയുന്നു. മെഷീൻ തകർത്ത് പണം ബാഗിലാക്കി രക്ഷപ്പെടാനൊരുങ്ങതിനിടെയാണ് ഇരുവരും പിടിയിലായത്. 15 ലക്ഷം രൂപയ്ക്കു പുറമേ കാർ,ഗ്യാസ് കട്ടറുകൾ, ഓക്സിജൻ സിലിണ്ടർ, ആക്രമിക്കുന്നതിനായുള്ള ആയുധങ്ങൾ എന്നിവയും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam