Latest Videos

ഹൈക്കമ്മീഷണര്‍ മടങ്ങിയെത്തിയിട്ടില്ല; പാക് നീക്കം ഉഭയകക്ഷിബന്ധത്തെ അപകടത്തിലാക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം

By Web TeamFirst Published Aug 9, 2019, 5:08 PM IST
Highlights

"കശ്മീരിനെ സംബന്ധിച്ച യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണം."

ദില്ലി: പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദില്ലിയിലേക്ക് മടങ്ങിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഹൈക്കമ്മീഷണറെ പുറത്താക്കിയ തീരുമാനം പുനപരിശോധിക്കാൻ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും വിദേശകാര്യവക്താവ് രവീഷ് കുമാർ പറഞ്ഞു.

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ ഇതുവരെ പാകിസ്ഥാനില്‍ നിന്ന് യാത്രതിരിച്ചിട്ടില്ല. തീരുമാനം പുന:പരിശോധിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മടങ്ങിവരവ് എപ്പോള്‍ വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും രവീഷ് കുമാര്‍ പറഞ്ഞു. ബുധനാഴ്ചയാണ് ഹൈക്കമ്മീഷണറോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ പാകിസ്ഥാന്‍ നിര്‍ദ്ദേശിച്ചത്. 

കശ്മീരിനെ സംബന്ധിച്ച യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണം. സംഝോത, ഥാര്‍ എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കിയ പാകിസ്ഥാന്‍റെ നടപടി ഏകപക്ഷീയമാണ്. ഇന്ത്യയോട് സൂചിപ്പിക്കാതെയാണ് തീരുമാനമെടുത്തത്. ആ തീരുമാനവും പുന:പരിശോധിക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉഭയകക്ഷിബന്ധത്തെ അപകടത്തിലാക്കുന്ന തീരുമാനം മാത്രമാണ് പാകിസ്ഥാന്‍ സ്വീകരിക്കുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തലെന്നും രവീഷ്കുമാര്‍ അഭിപ്രായപ്പെട്ടു.

click me!