തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയില്ല; യൂറോപ്യന്‍ യൂണിയനിലും നിലപാടറിയിച്ച് ഇന്ത്യ

By Web TeamFirst Published Aug 31, 2019, 1:12 PM IST
Highlights


കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാടിനുള്ള പ്രതികരണമായാണ് ഇന്ത്യ നയം  ആവര്‍ത്തിച്ചത്

ദില്ലി: തീവ്രവാദവും അക്രമവും ഉപേക്ഷിക്കാതെ പാകിസ്ഥുമായി ചര്‍ച്ചക്കില്ലെന്ന നിലപാട് യൂറോപ്യന്‍ യൂണിയനിലും ഇന്ത്യ ആവര്‍ത്തിച്ചു . കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെട്ടില്ലെങ്കില്‍ യുദ്ധമുണ്ടാകുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ മുന്നറിയിപ്പ് നല്‍കി.

കശ്മീര്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാടിനുള്ള പ്രതികരണമായാണ് ഇന്ത്യ നയം  ആവര്‍ത്തിച്ചത്.  പ്രകോപനപരമായ നിലപാട് പാകിസ്ഥാന്‍ തുടരുകയാണ്. തീവ്രവാദത്തില്‍ നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന വിധമാണ് പാക്പ്രധാനമന്ത്രിയുടേതടക്കമുള്ള പ്രസ്താവനകള്‍ പുറത്തുവരുന്നത്. ചര്‍ച്ച വേണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിലപാട് അംഗീകരിക്കുന്നു. പക്ഷേ തീവ്രവാദം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ക്രിസ്റ്റോസ് ലിയാന്‍റിസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയ്‍ശങ്കര്‍ വ്യക്തമാക്കി.

അതേ സമയം, പാകിസ്ഥാന്‍ കടുത്ത നിലപാട് തുടരുകയാണ്. കശ്മീരില്‍ ഇന്ത്യ പുനരാലോചന നടത്തിയില്ലെങ്കില്‍ ഏറ്റുമുട്ടലുണ്ടാകുമെന്ന് അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചതായി ഇമ്രാന്‍ഖാന്‍ വെളിപ്പെടുത്തി. ഇന്ത്യക്ക് അനുകൂലമായ നിലപാട് ഉപേക്ഷിച്ച്, അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ ആണവ ശക്തികളായ രാജ്യങ്ങള്‍ ഏറ്റുമുട്ടുമെന്നാണ് ഒരു ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ഖാന്‍ പറഞ്ഞത്. ഇന്ത്യയോടുള്ള പ്രതിഷേധ സൂചകമായി വ്യോമപാത ഭാഗികമായി അടച്ചതും,  വ്യാപാര ബന്ധം അവസാനിപ്പിച്ചതും,സംഝോത എക്സ്പ്രസിന്‍റെ സര്‍വ്വീസ് നിര്‍ത്തിയതുമടക്കമുള്ള വിവരങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പില്‍ അവതരിപ്പിച്ചതായും ഇമ്രാന്‍ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

click me!