കശ്മീര്‍ പുനഃസംഘടനയില്‍ രാഷ്ട്രീയമില്ലെന്ന് മോദി; യുദ്ധമുണ്ടായാല്‍ ഉത്തരവാദി ഇന്ത്യയെന്ന് ഇമ്രാന്‍

By Web TeamFirst Published Aug 14, 2019, 11:11 PM IST
Highlights

കശ്മീര്‍ വികസനത്തിനാണ് തീരുമാനം കൈക്കൊണ്ടത്. പ്രത്യേക പദവി ഇത്രയും കാലം കശ്മീരിനെ ഒറ്റപ്പെടുത്തുകയും അവിടുത്തെ വികസനം തടസപ്പെടുത്തുകയും ചെയ്തതായി മോദി പറഞ്ഞു. 

ദില്ലി: കശ്മീര്‍ പുനസംഘടനയില്‍ രാഷ്ട്രീയമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനത തീരുമാനം അംഗീകരിച്ചു കഴിഞ്ഞെന്നും മോദി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന അനുച്ഛേദം 370 എടുത്തുകളഞ്ഞതില്‍ നിക്ഷിപ്ത രാഷ്ട്രീയ ഗ്രൂപ്പുകളില്‍ പെട്ട കുറച്ച് പേര്‍ക്ക് മാത്രമേ എതിര്‍പ്പുള്ളു. തീവ്രവാദത്തോട് അനുഭാവം പുലര്‍ത്തുന്നവരാണ് ഇക്കൂട്ടർ. കശ്മീര്‍ വികസനത്തിനാണ് തീരുമാനം കൈക്കൊണ്ടത്. പ്രത്യേക പദവി ഇത്രയും കാലം കശ്മീരിനെ ഒറ്റപ്പെടുത്തുകയും അവിടുത്തെ വികസനം തടസപ്പെടുത്തുകയും ചെയ്തതായി മോദി പറഞ്ഞു.

അതേസമയം, കശ്മീരിനെ ചൊല്ലി യുദ്ധസമാനമായ സാഹചര്യമുണ്ടായാല്‍ ഉത്തരവാദി ഇന്ത്യയായിരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ മുന്നറിയിപ്പ് നല്‍കി. കശ്മീര്‍ വിഷയം തികച്ചും ആഭ്യന്തരമെന്ന നിലപാട് ഇന്ത്യ തുടരുമ്പോള്‍ വിഷയത്തില്‍ ഇടപെടെണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയെ സമീപിച്ചു. രക്ഷാസമിതി പ്രത്യേക യോഗം വിളിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. പാകിസ്ഥാന്‍ എന്തിനും സജ്ജമാണെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

തീരുമാനം നിയമവ്യവസ്ഥയേയും മനുഷ്യാവകാശത്തെയും ലംഘിക്കുന്നതാണെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. ഇതിനിടെ കശ്മീര്‍ പുനസംഘടനയെ ശക്തമായി എതിര്‍ത്ത ജമ്മുകശ്മീര്‍ പീപ്പിള്‍സ് മൂവ് മെന്‍റ് നേതാവ് ഷാ മുഹമ്മദ് ഫൈസലിനെ ശ്രീനഗറില്‍ വീട്ടുതടങ്കലിലാക്കി. ഹാര്‍വാഡിലേക്കുള്ള യാത്രാമധ്യേ ദില്ലി വിമാനത്താവളത്തില്‍ വച്ച് ഫൈസലിനെ അറസ്റ്റ് ചെയ്ത് ശ്രീനഗറിലേക്ക് അയക്കുകയായിരുന്നു. രാജ്യം വിടാന്‍ ശ്രമിച്ച ഷാ മുഹമ്മദ് ഫൈസലിനെ പൊതു സുരക്ഷാനിയമപ്രകാരം അറസ്റ്റ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം. 

click me!