
ദില്ലി: റഷ്യയുടെ മുൻകൂർ മുന്നറിയിപ്പ് റഡാർ സംവിധാനമായ വൊറോനെഷ് സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. പ്രതിരോധ മേഖല കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വൊറോനെഷ് റഡാറുകൾ വാങ്ങാനുള്ള സുപ്രധാന കരാറിൽ ഇന്ത്യ ഒപ്പുവെക്കാൻ തയ്യാറെടുക്കുന്നത്. റഷ്യയുടെ റഡാർ സംവിധാനം സ്വന്തമാക്കാൻ 4 ബില്യൺ ഡോളറാണ് ഇന്ത്യ ചെലവിടുന്നതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ മൂന്ന് ദിവസത്തെ റഷ്യൻ സന്ദർശനം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. രാജ്നാഥ് സിംഗിന്റെ റഷ്യൻ സന്ദർശന വേളയിൽ വൊറോനെഷുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകളിൽ അന്തിമ ചർച്ചകൾ നടന്നുവെന്നാണ് സൂചന. 8,000 കിലോ മീറ്റർ വരെ ഡിറ്റക്ഷൻ റേഞ്ച് ഉള്ള വൊറോനെഷ് റഡാർ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി നിർമ്മിക്കുമെന്നാണ് സൂചന.
എന്നാൽ ഇതുവരെ ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
റഷ്യയിലെ അൽമാസ്-ആൻ്റേ കോർപ്പറേഷൻ നിർമ്മിച്ച വോറോനെഷ് റഡാർ സംവിധാനത്തിന് ഒരേ സമയം 500-ലധികം വസ്തുക്കളെ കണ്ടെത്താൻ കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏതെങ്കിലും തരത്തിലുള്ള വിക്ഷേപണമോ ആക്രമണമോ ഉണ്ടായാൽ അത് വോറോനെഷ് റഡാർ കണ്ടെത്തും. ബാലിസ്റ്റിക് മിസൈലുകളുടെ വൻതോതിലുള്ള വിക്ഷേപണം പോലെയുള്ള ഭീഷണികൾ പരിശോധിച്ച്
അതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ നൽകുക എന്നതാണ് ഈ റഡാർ സംവിധാനങ്ങളുടെ പ്രധാന ജോലി.
ഭൗമ, ബഹിരാകാശ വസ്തുക്കളും അവശിഷ്ടങ്ങളും നിരീക്ഷിച്ച് കണ്ടെത്താനുള്ള റഡാറിൻ്റെ കഴിവ് ഐഎസ്ആർഒയ്ക്കും സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ഐഎസ്ആർഒ തയ്യാറാക്കുന്ന സുപ്രധാന ബഹിരാകാശ പദ്ധതിയിൽ ഉൾപ്പെടെ നിർണായക പങ്കുവഹിക്കാൻ ഇവയ്ക്ക് കഴിഞ്ഞേക്കും. റഷ്യൻ സൈന്യം 2012 മുതൽ ഈ റഡാർ ഉപയോഗിക്കുന്നുണ്ട്. ഏതാണ്ട് പത്തോളം വൊറോനെഷ് റഡാർ സംവിധാനങ്ങൾ റഷ്യയിൽ ഉടനീളം വിന്യസിച്ചിട്ടുണ്ട്. ഇവയുടെ നവീകരിച്ച പതിപ്പാണ് ഇന്ത്യ സ്വന്തമാക്കാനൊരുങ്ങുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam