ന്യൂനപക്ഷങ്ങൾക്ക് എതിരായ അക്രമം; സ്വരം കടുപ്പിച്ച് ഇന്ത്യ, നടപടി എടുത്ത് ബം​ഗ്ലാദേശ്, 70 പേ‍ർ അറസ്റ്റിൽ

ഓഗസ്റ്റ് 5 മുതൽ ഒക്ടോബർ 22 വരെയുള്ള കാലയളവിലെ കേസുകളിലാണ് ബംഗ്ലാദേശിന്റെ നടപടി.

Violence against minorities 70 people arrested in Bangladesh after India raises concern

ധാക്ക: ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തെന്ന് ബംഗ്ലാദേശ്. ഓഗസ്റ്റ് 5 മുതൽ ഒക്ടോബർ 22 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത 88 കേസുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സുനംഗഞ്ച്, ഗാസിപൂർ തുടങ്ങിയ പ്രദേശങ്ങളിൽ അടുത്തിടെ പുതിയ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ കേസുകളുടെയും അറസ്റ്റുകളുടെയും എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്നാണ് സൂചന. 

തിങ്കളാഴ്ച ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയും ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിം ഉദ്ദീനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമ സംഭവങ്ങൾ ഇന്ത്യ ഉന്നയിച്ചിരുന്നു. എന്നാൽ, ഇവയെല്ലാം തെറ്റായ വിവരങ്ങളാണെന്നായിരുന്നു ബം​ഗ്ലാദേശിന്റെ പ്രതികരണം. ഇന്ത്യയുടെ ആരോപണങ്ങൾ നിഷേധിച്ച ബം​ഗ്ലാദേശ് തന്നെയാണ് ഇപ്പോൾ ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 70 പേരെ അറസ്റ്റ് ചെയ്തതായി അറിയിച്ചിരിക്കുന്നത്. 

ബംഗ്ലാദേശ് അധികാരികളിൽ നിന്ന് നിലവിലെ വിഷയങ്ങളിലെല്ലാം ക്രിയാത്മകമായ സമീപനമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനാണ് ആ​ഗ്രഹമെന്നും മുഹമ്മദ് ജാഷിം ഉദ്ദീനുമായി നടന്ന കൂടിക്കാഴ്ചയിൽ വിക്രം മിസ്‌രി വ്യക്തമാക്കി. ഷെയ്ഖ് ഹസീന സർക്കാരിൻ്റെ പതനത്തിന് ശേഷം ഇന്ത്യയും ബം​ഗ്ലാ​ദേശും തമ്മിൽ ഇതാദ്യമായാണ് വിദേശകാര്യ സെക്രട്ടറിതലത്തിൽ കൂടിക്കാഴ്ച നടക്കുന്നത്. ബം​ഗ്ലാദേശിൽ മുഹമ്മദ് യൂനസിൻ്റെ ഇടക്കാല സർക്കാർ അധികാരമേറ്റതിന് ശേഷം ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർധിച്ചു വരുന്നതിൽ ഇന്ത്യ പല തവണ ആശങ്ക അറിയിച്ചിരുന്നു. 

READ MORE:  പാ‍ർലമെൻ്റിൽ ആഞ്ഞടിച്ച് ശശി തരൂർ; ദുരന്ത നിവാരണ ഭേദഗതി ബില്ലിൽ വയനാട് വിഷയമുയർത്തി പ്രതിഷേധം

Latest Videos
Follow Us:
Download App:
  • android
  • ios