
ദില്ലി: ഇന്ത്യ - യുഎസ് വ്യാപാര കരാറിനുള്ള ചർച്ചകൾ ഇഴഞ്ഞു നീങ്ങുന്നതിനിടെ കാനഡയുമായും യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ഉടമ്പടികൾ ഈ വർഷം തന്നെ പ്രാവർത്തികമാക്കാൻ ഇന്ത്യയുടെ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡ സന്ദർശിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യ - യുഎസ് വ്യാപാര കരാറിനുള്ള നടപടികൾ ചില സാങ്കേതിക വിഷയങ്ങളിൽ ഉടക്കി നിൽക്കുന്നു എന്ന റിപ്പോർട്ട് ഇന്ന് പുറത്തുവന്നിരുന്നു. ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ എത്തുമ്പോൾ കരാറിന് അന്തിമ രൂപം നൽകും എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന പ്രതീക്ഷ. എന്നാൽ ഇത് വൈകുന്ന സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളുമായുള്ള ഉടമ്പടികൾക്ക് വേഗത കൂട്ടാനാണ് ഇന്ത്യയുടെ നീക്കം. 2015ലാണ് പ്രധാനമന്ത്രി ഇതിനു മുമ്പ് കാനഡ സന്ദർശിച്ചത്
ജി20 ഉച്ചകോടിക്ക് മുമ്പ് കാനഡയിൽ നരേന്ദ്ര മോദി എത്തുമെന്നാണ് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയത്. രണ്ട് രാജ്യങ്ങൾക്കും ഇടയിൽ സമഗ്ര സാമ്പത്തിക വ്യാപാര കരാർ ചർച്ചയിലാണെന്നും മാർക്ക് കാർണി അറിയിച്ചു. യുഎസിലേക്ക് പോകുന്ന വഴി ബ്രസൽസിൽ ഇന്ത്യ - യൂറോപ്യൻ യൂണിയൻ കരാർ നടപ്പാക്കുന്നതിനും പ്രധാനമന്ത്രി തുടക്കം കുറിച്ചേക്കും. ഇന്ത്യയുടെ ഈ നീക്കം വ്യാപാര കരാർ നടപടികൾ വേഗത്തിലാക്കാൻ അമേരിക്കയ്ക്ക് മേൽ സമ്മർദം ചെലുത്തുമെന്നും കേന്ദ്രസർക്കാർ കരുതുന്നു.
ഏകപക്ഷീയ താരിഫിനെതിരെ ഇന്നലെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധത്തെ ഇത് ബാധിക്കും എന്നായിരുന്നു മുന്നറിയിപ്പ്. ന്യൂയോർക്കിലുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നിരവധി രാജ്യങ്ങളുള്ള കൂട്ടായ്മകളുമായുള്ള യോഗത്തിൽ തുടരുകയാണ്. വ്യാപാര രംഗത്ത് ന്യായമായ നടപടികൾ ഉണ്ടാകണമെന്നും വികസ്വര രാജ്യങ്ങളുടെ വ്യാവസായിക താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും ഗ്ലോബൽ സൗത്ത് കൂട്ടായ്മയിലെ വിദേശകാര്യ മന്ത്രിമാരോട് സംസാരിക്കവേ എസ് ജയശങ്കർ ആവശ്യപ്പെട്ടു. കൃത്രിമ ഊർജ പ്രതിസന്ധി ഉണ്ടാക്കി വിലക്കയറ്റത്തിന് ഇടനൽകരുത് എന്ന ജയശങ്കറിന്റെ വാക്കുകൾ അമേരിക്കയുടെ തീരുവ നീക്കത്തിനെതിരെയുള്ള സന്ദേശമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam