
ദില്ലി: തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് മാറ്റി വച്ച് ഇന്ത്യ. സാങ്കേതിക വിഷയങ്ങൾ പറഞ്ഞാണ് രാഷ്ട്രപതിക്ക് ഉത്തരവ് കൈമാറുന്ന ചടങ്ങ് മാറ്റിയത്. രാഷ്ട്രപതി ഭവനിൽ ഇന്ന് നടക്കാനിരുന്ന ചടങ്ങാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ (എംഇഎ) പ്രോട്ടോക്കോൾ വിഭാഗം മാറ്റി വച്ചത്. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
തുർക്കി അംബാസഡർ അലി മുറാത്ത് എർസോയിയെ കൂടാതെ, ബംഗ്ലാദേശിന്റെ പുതിയ ഹൈക്കമ്മീഷണർ റിയാസ് ഹമീദുള്ളയും തായ്‌ലൻഡ്, കോസ്റ്റാറിക്ക, സെന്റ് കിറ്റ്സ് ആൻഡ് നെവിസ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും ഉൾപ്പെടെ നേരത്തെ പ്രഖ്യാപിച്ച പരിപാടിയിൽ പങ്കെടുക്കേണ്ടതായിരുന്നു. മുൻ അംബാസഡർ ഫിറാത്ത് സുനലിനെ തിരികെ വിളിച്ചതിനെത്തുടർന്ന് അലി മുറാത്ത് എർസോയി മാർച്ചിൽ ചുമതലയേറ്റിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 4 ന് പ്രോട്ടോക്കോൾ മേധാവി അൻഷുമാൻ ഗൗറിന് ഉത്തരവിന്റെ പകർപ്പ് അലി മുറാത്ത് എർസോയ് സമർപ്പിച്ചിരുന്നു.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്നുണ്ടായ ഇന്ത്യ- പാക് സംഘർഷങ്ങളിൽ തുർക്കി പാകിസ്ഥാനൊപ്പമെന്ന് നിലപാടെടുത്തിരുന്നു. എന്നാൽ രാജ്യത്താകമാനം, സോഷ്യൽ മീഡിയയിലടക്കം തുർക്കിക്കെതിരെ ബഹിഷ്കരണാഹ്വാനം ശക്തമാകുകയാണ്. ഇക്കഴിഞ്ഞ ദിവസം 800 ഗുജറാത്തികൾ തുർക്കിയിലേക്ക് തീരുമാനിച്ചിരുന്ന വിനോദ യാത്ര വേണ്ടെന്ന് വച്ചതായി വാർത്തകൾ വന്നിരുന്നു. ടൂറിസം രംഗത്തും തുർക്കിയും അസർബൈജാനും നേരിടുന്നത് കനത്ത പ്രതിസന്ധിയാണ്. ഈ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഇന്ത്യക്കാർ കൂട്ടത്തോടെ റദ്ദാക്കുകയാണ്. അവധിക്കാലമായതിനാൽ ഇപ്പോൾ തുർക്കിയിലേക്കും അസർബൈജാനിലേക്കും യാത്ര നിശ്ചയിച്ച 60 ശതമാനം പേരും ഇത് റദ്ദാക്കി എന്നാണ് യാത്രാ വെബ്സൈറ്റുകളുടെ കണക്ക്. വിമാന നിരക്കുകളിലും കുത്തനെ കുറവ് വന്നു എന്നും കണക്കുകൾ.
രണ്ട് ദിവസം മുന്നേ വരെ ഇസ്താംബൂളിലേക്കും ബാക്കുവിലേക്കും യാത്ര ചെയ്യാൻ ടിക്കറ്റ് ഒന്നിന് ഒന്നര ലക്ഷം മുതൽ അറുപതിനായിരം രൂപ വരെയാകുമായിരുന്നു. ഇപ്പോൾ അത് 50 ശതമാനത്തിലധികം കുറഞ്ഞ് ഇരുപത്തിയയ്യായിരം രൂപ വരെയായി. ഇന്ത്യയിൽ നിന്നുള്ള തുർക്കിഷ് എയർലൈൻസിന്‍റെ പല വിമാന സർവീസുകളും ആളില്ലാത്തത് കൊണ്ട് റദ്ദാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam