കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ; പാക് പ്രസ്താവന വ്യാജമെന്ന് വിദേശകാര്യമന്ത്രാലയം

By Web TeamFirst Published Jul 8, 2020, 8:59 PM IST
Highlights

 അന്തരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ അട്ടിമറിക്കാൻ ആണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. കുൽഭൂഷൺ ജാദവിന് നീതി ലഭിക്കാനായി സർക്കാർ ഉചിതമായ വഴികൾ എല്ലാം തേടുമെന്നും വിദേശ കാര്യ മന്ത്രാലയം.

ദില്ലി: വധശിക്ഷയ്ക്ക് എതിരേ അപ്പീൽ നൽകാൻ കുൽഭൂഷൺ ജാദവ് തയ്യാറായില്ലെന്ന പാകിസ്ഥാന്റെ പ്രസ്‌താവന വ്യാജമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അന്തരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ അട്ടിമറിക്കാൻ ആണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. കുൽഭൂഷൺ ജാദവിന് നീതി ലഭിക്കാനായി സർക്കാർ ഉചിതമായ വഴികൾ എല്ലാം തേടുമെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ കുൽഭൂഷൺ ജാദവ് തയ്യാറായില്ലെന്നും ദയാഹർജിയിൽ തുടർനടപടി ആവശ്യപ്പെട്ടു എന്നുമാണ് പാകിസ്ഥാൻ ഇന്ന് അറിയിച്ചത്. കുൽഭൂഷണ് കുടുംബാംഗങ്ങളെ വീണ്ടും കാണാൻ അവസരം നൽകുമെന്നും പാകിസ്ഥാൻ വ്യക്തമാക്കി. 

ജാദവിൻറെ വധശിക്ഷ പുനപരിശോധിക്കാനുള്ള നിയമനടപടികൾക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു. 2016 മാർച്ച് 3-ന് ബലോചിസ്ഥാനിൽ വച്ച് കുൽഭൂഷൺ ജാദവിനെ പാക് സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തുവെന്നാണ് പാക് വാദം. ചാരപ്രവൃത്തി ആരോപിച്ചായിരുന്നു അറസ്റ്റ്. 2017ൽ പാക് പട്ടാളക്കോടതി ജാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ ജാദവിനെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. പാക് ചാരൻമാർ ഇറാനിലെ ഛബഹർ തുറമുഖത്ത് നിന്ന് ജാദവിനെ അനധികൃതമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്നായിരുന്നു ഇന്ത്യയുടെ മറുവാദം. 

ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ 2019 മെയ് മാസത്തിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിച്ചു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാകിസ്താന്‍ കുല്‍ഭൂഷണിനെ തടവില്‍ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അതിനായി കുൽഭൂഷണ് നയതന്ത്രസഹായം പാകിസ്ഥാൻ ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിടുകയായിരുന്നു. 

Read Also: ഇടുക്കിയിലെ നിശാപാർട്ടി; കോൺ​ഗ്രസ് നേതാവ് ഉൾപ്പടെ അഞ്ച് പേർ കൂടി അറസ്റ്റിൽ...
 

click me!