5ജി സ്പെക്ട്രം ലേലത്തിനൊരുങ്ങി ഇന്ത്യ; ലക്ഷ്യമിടുന്നത് 6ലക്ഷം കോടി

By Web TeamFirst Published Jun 14, 2019, 3:06 AM IST
Highlights

സ്മാര്‍ട്ട് കാറുകളിലും സ്മാര്‍ട്ട് സിറ്റികളിലും മാത്രം 5ജി സേവനം പരിമിതപ്പെടുത്തില്ല. ഗ്രാമീണ വിദ്യാഭ്യാസ, ആരോഗ്യമേഖലയില്‍വരെ ഉപയോഗപ്പെടുത്തുന്ന തരത്തിലായിരിക്കും സേവനം നല്‍കുകയെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കി.

ദില്ലി: 5ജി സ്പെക്ട്രം ലേലത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബറില്‍ ലേലം നടക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യം കണ്ട ഏറ്റവും വലിയ ലേലമാണ് നടക്കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.  . ഏകദേശം ആറ് ലക്ഷം കോടി രൂപയാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ ചെലവില്‍ 5ജി സേവനങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം. ഗ്രാമീണ മേഖലയില്‍ ഫൈബര്‍ ടു ദ ഹോം(എഫ്ടിടിഎച്ച്) സംവിധാനത്തിലൂടെ 5ജി ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ട ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍(ഡിസിസി) ലേലത്തിന് അനുമതി നല്‍കി.  

ലേലത്തിലൂടെ ഏറ്റവും കുറഞ്ഞത് 5.8 ലക്ഷം കോടി രൂപയെങ്കിലും സര്‍ക്കാറിന് വരുമാനമായി ലഭിക്കും. എന്നാല്‍, സ്പെക്ട്രം ലേലത്തിലൂടെ സര്‍ക്കാറിന്‍റെ വരുമാന വര്‍ധനവല്ല ലക്ഷ്യം വെക്കുന്നതെന്നും ഉന്നത നിലവാരമുള്ള ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ടെലികോം സെക്രട്ടറിയും ഡിസിസി ചെയര്‍പേഴ്സണുമായ അരുണ സുന്ദരരാജന്‍ 'ടൈംസ് ഓഫ് ഇന്ത്യ'യോട്  പറഞ്ഞു. 5ജി സ്പെക്ട്രത്തിന്‍റെ അടിസ്ഥാന വില നിര്‍ണയിക്കാന്‍ ഡിസിസി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യക്ക്(ട്രായ്) നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്മാര്‍ട്ട് കാറുകളിലും സ്മാര്‍ട്ട് സിറ്റികളിലും മാത്രം 5ജി സേവനം പരിമിതപ്പെടുത്തില്ല. ഗ്രാമീണ വിദ്യാഭ്യാസ, ആരോഗ്യമേഖലയില്‍വരെ ഉപയോഗപ്പെടുത്തുന്ന തരത്തിലായിരിക്കും സേവനം നല്‍കുകയെന്ന് ടെലികോം മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് 5ജി നടപ്പാക്കാനുള്ള ശ്രമം സര്‍ക്കാര്‍ നേരത്തെ ആരംഭിച്ചിരുന്നു. പരീക്ഷണ ഘട്ടത്തില്‍ റിലയന്‍സ് ജിയോ, ഭരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ തുടങ്ങിയ ടെലികോം വമ്പന്മാരെയും നോക്കിയ, സാംസങ് തുടങ്ങിയ മൊബൈല്‍ നിര്‍മാതക്കളെയും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ലേലം വിജയകരമായി നടന്നാല്‍ കാര്യങ്ങള്‍ വേഗത്തിലാകുമെന്നാണ് കണക്കുകൂട്ടല്‍. 5ജിയിലേക്ക് മാറുന്നതിനായി വലിയ സാങ്കേതിക മുന്നൊരുക്കങ്ങള്‍ വേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഗ്രാമീണമേഖലകളില്‍ 5ജി ലഭ്യമാക്കുന്നതിനായുള്ള എഫ്ടിടിഎച്ച് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കഴിഞ്ഞ തവണത്തെ സ്പെക്ട്രം ലേലം സര്‍ക്കാര്‍ പ്രതീക്ഷിച്ചത്ര വിജയമായിരുന്നില്ല. 40 ശതമാനം മാത്രമാണ് വില്‍പന നടന്നത്.  

click me!