'സ്വന്തം ജനങ്ങൾക്ക് മേൽ ബോംബിടുന്ന രാജ്യം; ഇന്ത്യക്ക് ഉപദേശം നൽകേണ്ട', യു.എന്നിൽ പാകിസ്ഥാന് മറുപടിയുമായി ഇന്ത്യ

Published : Oct 07, 2025, 09:41 AM IST
india pakistan tension

Synopsis

സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയും തീവ്രവാദം വളർത്തുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാനെന്നും ഇന്ത്യക്ക് ഉപദേശം നൽകേണ്ടതില്ലെന്നും യു എന്നിൽ ഇന്ത്യ. 

ദില്ലി: ഐക്യരാഷ്ട്രസഭയിൽ സ്ത്രീ സുരക്ഷയ്ക്ക് മേൽ നടന്ന ചർച്ചയ്ക്കിടെ ഇന്ത്യയെ വിമർശിച്ച പാകിസ്ഥാനെതിരെ കടുത്ത ഭാഷയിൽ മറുപടി നൽകി ഇന്ത്യ. സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയും തീവ്രവാദം വളർത്തുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാനെന്നും ഇന്ത്യക്ക് ഉപദേശം നൽകേണ്ടതില്ലെന്നും ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. സ്ത്രീകളുടെ സമാധാനവും സുരക്ഷയും എന്ന വിഷയത്തിൽ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി നൽകവെയാണ് ഇന്ത്യൻ പ്രതിനിധി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കശ്മീരി സ്ത്രീകൾ കാലങ്ങളായി ലൈംഗികാതിക്രമം നേരിടുകയാണെന്നായിരുന്നു പാകിസ്ഥാന്റെ വാദം. ഇതിന് രൂക്ഷഭാഷയിൽ മറുപടി നൽകിയ ഇന്ത്യ, മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഇന്ത്യയെ വിമർശിക്കുന്നതിന് മുൻപ് സ്വന്തം രാജ്യത്തെ കാര്യങ്ങളിൽ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു. 

'എല്ലാ വർഷവും, ഇന്ത്യക്കെതിരെ, പ്രത്യേകിച്ച് ജമ്മു കാശ്മീരിനെതിരെ പാകിസ്ഥാൻ നടത്തുന്ന പ്രസംഗം കേൾക്കാൻ ഞങ്ങൾ വിധിക്കപ്പെട്ടിരിക്കുകയാണ്. വനിതകൾ, സമാധാനം, സുരക്ഷാ അജണ്ട എന്നിവയിൽ ഞങ്ങൾക്ക് മികച്ച റെക്കോർഡുണ്ട്. എന്നാൽ സ്വന്തം ജനങ്ങളെ ബോംബിടുകയും, വംശഹത്യ നടത്തുകയും ചെയ്യുന്ന പാകിസ്ഥാന് ഇത്തരത്തിൽ അതിശയോക്തി കലർന്ന പ്രസംഗങ്ങൾ നടത്താനേ കഴിയൂ. ഇന്ത്യയുടെ പ്രദേശങ്ങൾ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന പാകിസ്ഥാൻ, ആ പ്രദേശം ഒഴിയാൻ തയ്യാറാകണം.

1971ൽ ഓപ്പറേഷൻ സെർച്ച്‌ലൈറ്റ് നടത്തിയതും, സ്വന്തം സൈന്യത്തെ ഉപയോഗിച്ച് സ്ത്രീകൾക്ക് നേരെ വംശഹത്യാപരമായ കൂട്ടബലാത്സംഗം നടത്താൻ അനുമതി നൽകിയതും പാകിസ്ഥാനാണെന്ന് ഇന്ത്യൻ പ്രതിനിധി ഓർമ്മിപ്പിച്ചു. പാകിസ്ഥാന്റെ പ്രചാരണങ്ങൾ ലോകം തിരിച്ചറിയുന്നുണ്ടെന്നും ലോകത്ത് മനുഷ്യാവകാശം ഏറ്റവും മോശമായ സ്ഥിതിയിലുള്ള ഒരു രാജ്യം, മറ്റുള്ളവർക്ക് ഉപദേശം നൽകാൻ ശ്രമിക്കുന്നത് തീർത്തും വിരോധാഭാസമാണെന്നും ഇന്ത്യ തുറന്നടിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, ന്യൂഇയർ ആഘോഷത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്