ചീഫ് ജസ്റ്റിസിന് നേരെ അതിക്രമശ്രമം; 'കുറ്റബോധമില്ല, ശരിയെന്ന് തോന്നിയത് ചെയ്തു, പ്രത്യാഘാതം നേരിടാൻ തയ്യാർ': അഭിഭാഷകൻ രാകേഷ് കിഷോർ

Published : Oct 07, 2025, 08:44 AM IST
chief justice attack attempt

Synopsis

അഭിഭാഷകർ കേസ് പരാമർശിക്കുന്നതിനിടെ സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കാൻ ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകൻ രാകേഷ് കിഷോറിന്റെ അതിക്രമം

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തിൽ തെല്ല് പോലും കുറ്റബോധമില്ലെന്ന് അഭിഭാഷകൻ രാകേഷ് കിഷോർ. ശരിയെന്ന് തോന്നിയത് ചെയ്തെന്നും ദൈവമാണ് പ്രേരണയെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറെന്നും രാകേഷ് കിഷോർ പറഞ്ഞു. ചീഫ് ജസ്റ്റിസിന് പിന്തുണയറിയിച്ച് പ്രധാനമന്ത്രിയടക്കം നേതാക്കൾ രം​ഗത്തെത്തിയ സാഹചര്യത്തിലാണ് അഭിഭാഷകന്റെ പ്രതികരണം.

ഇന്നലെ രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ച് ചേർന്ന സമയത്താണ് കോടതി മുറിക്കുള്ളിൽ നാടകീയ രംഗങ്ങൾ നടന്നത്. അഭിഭാഷകർ കേസ് പരാമർശിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കുനേരെ ഷൂ എറിയാൻ ശ്രമിച്ചത്. സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കാൻ ആകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകൻ രാകേഷ് കിഷോറിന്റെ അതിക്രമം. കൃത്യസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു, പിന്നീട് പൊലീസിന് കൈമാറി. കോടതി നടപടികൾ തുടർന്ന ചീഫ് ജസ്റ്റിസ് ഇതൊന്നും തന്നെ ബാധിക്കില്ലെന്ന് പ്രതികരിച്ചു.

ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ അത് ദൈവത്തോട് പോയി പറയൂ എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ചില ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതാണ് അതിക്രമത്തിന് കാരണം. സംഭവത്തെ അപലപിച്ച് എസ്‍സിആർഒഎ ഉൾപ്പെടെ സംഘടനകൾ രംഗത്ത് എത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും സംഭവത്തെ അപലപിച്ചു. അതെസമയം അഭിഭാഷകന് എതിരെ കൂടൂതൽ നടപടികൾ ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചതോടെ ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു. ഷൂവും കൈവശമുള്ള രേഖകളും തിരികെ നൽകി. അതേസമയം അഭിഭാഷകനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തു. കിഷോറിനെതിരെ കൗൺസിൽ അച്ചടക്ക നടപടികളും തുടങ്ങി.

അതേ സമയം അതിക്രമ ശ്രമത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. അക്രമത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ചിഫ് ജസ്റ്റിസിനെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിവിധ അഭിഭാഷക സംഘടനകളും പ്രതിഷേധം അറിയിച്ചു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻറെ നേതൃത്വത്തിൽ ഇന്ന് സുപ്രീംകോടതിക്ക് മുന്നിൽ അഭിഭാഷകർ പ്രതിഷേധിക്കും. അഭിഭാഷകനെതിരെ കേസെടുക്കേണ്ട എന്ന നിലപാടിലാണ് ചീഫ് ജസ്റ്റിസ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിനിലെ ശുചിമുറിയിൽ യുവതിയും യുവാവും, വാതിലടച്ചിട്ടത് 2 മണിക്കൂര്‍! നട്ടംതിരിഞ്ഞ് യാത്രക്കാരും ജീവനക്കാരും
പഠനം പാതിവഴിയിൽ, എങ്ങനെയെങ്കിലും ജോലിക്ക് കയറാൻ തിരക്ക്; ഇന്ത്യയിലെ 'ജെൻ സി' നേരിടുന്ന പ്രതിസന്ധികൾ