മോദി വിളിച്ചു, പുടിൻ വരുന്നു; നിർണായക നീക്കങ്ങളുമായി ഇന്ത്യ, കൂടുതൽ എസ് 400 വാങ്ങാൻ ധാരണയായെന്ന് റിപ്പോര്‍ട്ട്

Published : Nov 28, 2025, 05:44 PM IST
Modi - Putin

Synopsis

ഓപ്പറേഷൻ സിന്ദൂറിലെ ഗംഭീരമായ പ്രകടനത്തിന് ശേഷം കൂടുതൽ റഷ്യൻ എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ ഒരുങ്ങുന്നു. ഇതിന് 'സുദർശൻ ചക്ര' എന്നാണ് ഇന്ത്യ നൽകിയിരിക്കുന്ന പേര്.

ദില്ലി: ഓപ്പറേഷൻ സിന്ദൂറിലെ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ റഷ്യൻ എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. എസ് 400ന്റെ അഞ്ച് യൂണിറ്റുകൾ കൂടി വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ലോകത്തെ അത്യാധുനികമായ വ്യോമ പ്രതിരോധ സംവിധാനമെന്നാണ് റഷ്യയുടെ എസ് 400നെ വിശേഷിപ്പിക്കാറുള്ളത്. പുതിയ കരാർ മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാ​ഗമാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എസ് 400നായി മിസൈലുകളും വാങ്ങാൻ ധാരണയായെന്നാണ് വിവരം. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ത്യൻ സന്ദർശനത്തിന് എത്തുമ്പോൾ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടന്നേക്കും.

റഷ്യയുടെ ഈ ഡിഫൻസ് സിസ്റ്റം നിലവിൽ ഇന്ത്യ ഉപയോ​ഗിക്കുന്നുണ്ട്. ഇന്ത്യ-ചൈന, ഇന്ത്യ- പാകിസ്ഥാൻ അതിർത്തികളിലാണ് എസ് 400 സംവിധാനം വിന്യസിച്ചിരിക്കുന്നത്. ചൈനീസ് അതിർത്തികളിലാവും പുതുതായി വാങ്ങുന്നവ ഉപയോ​ഗിക്കുക. സുദർശൻ ചക്ര എന്നാണ് ഇന്ത്യ എസ് 400 സംവിധാനങ്ങൾക്ക് നൽകിയിരിക്കുന്ന പേര്. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ ജെ-10 അടക്കമുള്ള വിമാനങ്ങളെ എസ് 400 സംവിധാനം തകർത്തിരുന്നു. ഇന്ത്യ-പാക് സംഘർഷത്തിലാണ് എസ് 400 അതിന്റെ ദൈർഘ്യമേറിയ പ്രകടനം കാഴ്ചവെച്ചത്. കൂടാതെ, ശത്രുക്കളിൽ നിന്ന് പെട്ടെന്ന് രക്ഷപ്പെടാൻ കഴിയുന്നതും കുറഞ്ഞ സമയത്തിനുള്ള ആക്രമിക്കാൻ കെൽപ്പുള്ളവയുമാണ് ഈ എസ് 400 സംവിധാനങ്ങൾ.

2018ലാണ് എസ് 400 പ്രതിരോധ സംവിധാനം വാങ്ങാൻ ഇന്ത്യ റഷ്യയുമായി ആദ്യ കരാറിൽ ഏർപ്പെട്ടത്. 5 എണ്ണം വാങ്ങാനായിരുന്നു ആ കരാർ. ഈ കരാർ പ്രകാരം രണ്ട് യൂണിറ്റുകൾ കൂടി റഷ്യ ഇന്ത്യയ്ക്ക് കൈമാറേണ്ടതുണ്ട്. 2027ഓടെ ഇവ രാജ്യത്തിന് സ്വന്തമാകും എന്നാണ് കരുതുന്നത്. റഷ്യയിലെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോയാണ് എസ് 400 ഡിഫൻസ് സിസ്റ്റം വികസിപ്പിച്ചത്. ലോകത്തിലെ ഏറ്റവും നൂതനവും ശക്തവുമായ ഉപരിതല - മിസൈൽ സംവിധാനങ്ങളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. 2007ലാണ് ഈ എയർ ഡിഫൻസ് മിസൈൽ സിസ്റ്റം ആദ്യമായി അവതരിപ്പിച്ചത്. യുദ്ധവിമാനങ്ങൾ, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, സ്റ്റെൽത്ത് വിമാനങ്ങൾ എന്നിവയുൾപ്പെടെ വിവിധ വ്യോമ ഭീഷണികളെ തടയാൻ കഴിവുള്ള ഒരു മൾട്ടി-ലെയേർഡ് വ്യോമ പ്രതിരോധ കവചമായിട്ടാണ് പ്രവർത്തിക്കുക.

നിരവധി റഡാറുകളും മിസൈൽ ലോഞ്ചറുകളും ഈ സംവിധാനത്തിൽ സംയോജിപ്പിച്ചിട്ടുണ്ട്. ഇതിന്റെ മൾട്ടിഫംഗ്ഷൻ റഡാർ സ്യൂട്ടിൽ ഗ്രേവ് സ്റ്റോൺ ട്രാക്കിംഗ് റഡാറും ചീസ് ബോർഡ് അക്വിസിഷൻ റഡാറുമുണ്ട്. ഇവയ്ക്ക് 360 ഡിഗ്രി സർവൈലൻസും 600 കിലോമീറ്റർ അകലെയുള്ള ​ടാർ​ഗറ്റുകളെ കണ്ടെത്താനുള്ള കഴിവുണ്ട്. എസ് - 400ന് ഒരേസമയം 300 ലക്ഷ്യങ്ങൾ വരെ ട്രാക്ക് ചെയ്യാനും 30ൽ അധികം ഭീഷണികളെ നേരിടാനും കഴിയും.

വേഗത്തിൽ വിന്യസിക്കാൻ കഴിയും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മൂവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ അഞ്ച് മിനിറ്റിനുള്ളിലും സ്റ്റാൻഡ്‌ബൈയിൽ നിന്ന് 35 സെക്കൻഡിനുള്ളിലും ഇവ പ്രവർത്തനക്ഷമമാകും. റോഡുകളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ഓഫ്-റോഡിൽ 25 കിലോമീറ്റർ വേഗതയിലും സഞ്ചരിക്കാൻ കഴിവുള്ള ഹെവി-ഡ്യൂട്ടി ട്രെയിലറുകളാണ് ഇതിന്റെ വിക്ഷേപണ വാഹനങ്ങളിലുള്ളത്. ജാമിംഗിനെ ചെറുക്കുന്നതിനും സ്റ്റെൽത്ത് സാങ്കേതിക വിദ്യയെ പ്രതിരോധിക്കുന്നതിനും ശേഷിയുള്ളവയാണ് ഈ എയർ ഡിഫൻസ് മിസൈൽ സിസ്റ്റം.

PREV
Read more Articles on
click me!

Recommended Stories

പാഴ്സലുമായി പോവുകയായിരുന്നു ഡെലിവറി ഏജന്റ്, പത്തടി താഴ്ചയുള്ള ഓടയിൽ നിന്ന് ശബ്ദം, ഒരു നോട്ടത്തിൽ രക്ഷയായത് രണ്ട് കുരുന്നകൾക്ക്
'വിവാഹം അടുത്ത മാസം, അച്ഛനുമമ്മയും കരയുകയാണ്'; കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വിഗ്ഗി ഡെലിവറി ഏജൻറായ സുഹൃത്തിനെ കുറിച്ച് കുറിപ്പ്