ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും വേഗമേറിയ വാക്സീൻ വിതരണം

By Web TeamFirst Published May 27, 2021, 1:57 PM IST
Highlights

നിർമ്മിച്ചെടുക്കാവുന്ന വാക്സീനുകളുടെ എണ്ണത്തിൽ ചില പ്രായോഗിക പരിമിതികളുണ്ട് എന്ന സത്യം മറച്ചുവെച്ചിട്ടാണ് പലരും ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. 

കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ നടത്തുന്ന വാക്സിനേഷൻ മഹായജ്‌ഞം ഇതിനോടകം തന്നെ ആഗോളതലത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞ ഒന്നാണ്. അതിന് കാരണങ്ങൾ പലതുണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളിൽ ഒന്ന് ഇന്ത്യയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാർമികത്വത്തിൽ, കഴിഞ്ഞ കുറേ വർഷങ്ങളായി, പദ്ധതികളുടെ ഊർജിതമായ പൂർത്തീകരണത്തിൽ ഇന്ത്യ സമാനകളില്ലാത്ത മുന്നേറ്റമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

 

 

ഇന്ത്യയിൽ ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാതിരുന്ന 42.3 കോടി ജനങ്ങൾക്കാണ് പ്രധാനമന്ത്രിയുടെ 'ജൻധൻ' പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടുകൾ തുറന്നുകിട്ടിയത്. അതുപോലെ 'ജൻ സുരക്ഷാ' സാമൂഹിക സുരക്ഷാ പദ്ധതിയിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കപ്പെട്ടത് 23.3 കോടി ഭാരതീയർക്കാണ്. മുദ്രാ ലോണുകൾ വഴി 28.8 കോടി സംരംഭകർക്ക് പുതിയ വായ്പകളും ഈടില്ലാതെ വായ്പകൾ അനുവദിച്ചുകിട്ടിയിട്ടുണ്ട്. 

2016 നവംബറിൽ സമാരംഭിച്ച ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവം, ലോകത്തിനു മുന്നിൽ ഇന്ത്യ അവതരിപ്പിക്കുന്ന മറ്റൊരു വിജയ മാതൃകയാണ്. 2500 കോടി തത്സമയ ഇടപാടുകളുമായി, 2020 ജനുവരിയിൽ ഇന്ത്യ ലോകത്തിൽ തന്നെ ഒന്നാമതെത്തുകയുണ്ടായി. 2021 മാർച്ചിൽ മാത്രം ഇന്ത്യയിൽ നടന്നത് 273 കോടി തത്സമയ ഡിജിറ്റൽ ഇടപാടുകളിലൂടെ ഇന്ത്യൻ വിപണി നടത്തിയത് ഏകദേശം 800 കോടി ഡോളറിന്റെ വ്യാപാരമാണ്. 

ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ ഒരു വാക്സിനേഷൻ യജ്ഞത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ, പലരും ഉറ്റുനോക്കിയത് അതെങ്ങനെയാവും നടപ്പിലാക്കപ്പെടുക എന്നായിരുന്നു. ഈ ഭഗീരഥപ്രയത്നത്തിൽ ഇന്ത്യയുടെ പ്രകടനം എങ്ങനെയായിരുന്നു? ഈ വിഷയത്തിൽ ഉയർന്നുവന്നിട്ടുള്ള ചില ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള മറുപടികളിലൂടെ നമുക്ക് അതിനുള്ള ഉത്തരം കാണാൻ ശ്രമിക്കാം. 

ഇന്ത്യയുടെ വാക്സിനേഷൻ യജ്‌ഞം മറ്റുള്ള രാജ്യങ്ങളുടേതിനേക്കാൾ പതുക്കെയാണോ പുരോഗമിക്കുന്നത്?

2021 മെയ് 25 -നുള്ളിൽ ഇന്ത്യ നല്കിക്കഴിഞ്ഞിട്ടുള്ളത് 19.64 കോടി ഡോസ് കൊവിഡ് വാക്സിനുകളാണ്. കൃത്യമായ വിവരങ്ങൾ ലോകത്തോട് പങ്കുവെക്കുന്ന രാഷ്ട്രങ്ങളിൽ അമേരിക്ക മാത്രമാണ് ഈ കണക്കിൽ ഇന്ത്യയേക്കാൾ മുന്നിലുള്ളത്. എന്നാൽ ഇന്ത്യയേക്കാൾ ഒരു മാസം മുൻപുതന്നെ അമേരിക്ക തങ്ങളുടെ വാക്സിനേഷൻ യജ്‌ഞം തുടങ്ങിയിരുന്നു എന്നത് കണക്കിലെടുത്താൽ ഇന്ത്യയുടെ പ്രയത്നങ്ങൾക്ക് വേഗമേറെയാണ് എന്ന് മനസ്സിലാവും. ഇന്ത്യ 17 കോടി ഡോസുകൾ എന്ന നാഴികക്കല്ല് പിന്നിട്ടത് 114 ദിവസങ്ങൾ കൊണ്ടായിരുന്നു. അമേരിക്കക്ക് ഇതേ ലക്‌ഷ്യം പിന്നീടാണ് 115 ദിവസവും, ചൈനയ്ക്ക് 119 ദിവസവും വേണ്ടിവന്നിരുന്നു. 

 

 

ഇന്ത്യയിൽ വാക്സീൻ ക്ഷാമമുണ്ടോ ? 

തദ്ദേശീയമായി വാക്സീൻ വികസിപ്പിച്ചെടുത്തിട്ടുള്ള അപൂർവം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ പൂർണമായും ഇന്ത്യയിൽ നടന്ന ഗവേഷണങ്ങളിലൂടെ വികസിപ്പിക്കപ്പെട്ട ഒന്നാണ്. പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡും ഇന്ത്യയിൽ തന്നെ നിർമിക്കപ്പെടുന്ന ഒന്നാണ്. അടുത്തിടെ, സ്പുട്നിക് എന്ന റഷ്യൻ നിർമിത വാക്സീനും ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുണ്ട്. ലോകത്ത് മറ്റൊരു രാജ്യത്തും ഇങ്ങനെ പലവിധം വാക്സീനുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്ന സാഹചര്യമില്ല. ഇന്ത്യ ഇതുവരെ എടുത്തു പൂർത്തിയാക്കിയിട്ടുള്ള വാക്സീൻ ഡോസുകളുടെ എണ്ണം പരിഗണിച്ചാൽ, ഇത്രയേറെ വേഗതയിൽ മറ്റൊരു രാജ്യവും സ്വന്തം പൗരന്മാർക്ക് കൊവിഡ് പ്രതിരോധം ലഭ്യമാക്കിയിട്ടില്ല. 

ജനസംഖ്യാനുപാതികമായി ഇന്ത്യ വാക്സിനേഷനിൽ പിന്നിലാണോ? 

കൊവിഡ് ബാധിച്ചവരുടെ എണ്ണം പരാമർശിക്കുമ്പോൾ വെറും എണ്ണം മാത്രം പറയുക, വാക്സീൻ എടുത്തവരുടെ എണ്ണം സൂചിപ്പിക്കുമ്പോൾ അത് ജനസംഖ്യയുടെ ശതമാനക്കണക്കുവെച്ചു നോക്കുമ്പോൾ കുറവാണ് എന്ന് പരാതിപ്പെടുക - ഈ സമീപനം ചില ഗൂഢലക്ഷ്യങ്ങൾ വെച്ചുള്ള ഒരു ഇരട്ടത്താപ്പാണ് എന്ന് പറയാതെ വയ്യ. നിർമ്മിച്ചെടുക്കാവുന്ന വാക്സീനുകളുടെ എണ്ണത്തിൽ ചില പ്രായോഗിക പരിമിതികളുണ്ട് എന്ന സത്യം മറച്ചുവെച്ചിട്ടാണ് പലരും ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. ഇന്ത്യയുടെ പ്രതിമാസ വാക്സീൻ നിർമാണശേഷി കഴിഞ്ഞ വർഷത്തേതിനേക്കാൾ വളരെയധികം വർദ്ധിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാൽ, അതേ സമയം ഇങ്ങനെ വർദ്ധിപ്പിക്കാവുന്നതിനും ഒരു പരിധിയുണ്ട്. ഇന്ത്യയുടെ ജനസംഖ്യ തൊട്ടു പിന്നിൽ നിൽക്കുന്ന രാജ്യത്തിന്റെ അഞ്ചിരട്ടിയോളമാണ് എന്നത് കണക്കിലെടുത്താൽ, ജനസംഖ്യാനുപാതികമായ ശതമാനക്കണക്കിലുള്ള വാക്സീൻ കവറേജിന് കാലതാമസം വരും എന്നുറപ്പാണ്. ലോകത്തിലെ വിവിധ കമ്പനികൾ വാക്സീൻ നിർമിക്കുന്നതിന്റെ പ്രതിമാസ വേഗതയോട് താരതമ്യപ്പെടുത്തിക്കൊണ്ട്, എത്ര വേഗത്തിലാണ് ഇന്ത്യ പൗരന്മാർക്ക് വാക്സീൻ നൽകുന്നത് എന്ന് കണക്കാക്കുന്നതാവും നമ്മുടെ വാക്സിനേഷൻ പ്രോഗ്രാമിന്റെ ഫലസിദ്ധി അളക്കാനുള്ള ന്യായമായ ഒരു മാർഗം. 2021 ജനുവരി 16 -ന് ശേഷം, അതായത് ഇന്ത്യയുടെ വാക്സിനേഷൻ യജ്‌ഞം തുടങ്ങിയതിനു ശേഷം, ലോകത്തിൽ ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങളും കൂടി കുത്തിവെച്ചത് ആകെ 113.5 കോടി ഡോസ് വാക്സീനുകളാണ്. അതിൽ ഇന്ത്യ നൽകിയിട്ടുള്ളത് 19.6 കോടിയും. അതായത് ലോകത്താകെ കുത്തിവെക്കപ്പെട്ടിട്ടുള്ള വാക്സീനുകളിൽ 17.3 ശതമാനത്തിൽ അധികം ഇന്ത്യയിലാണ് എന്നർത്ഥം. 

 

ഇന്ത്യ ആവശ്യമുള്ള വാക്സീനുകൾ മുൻകൂട്ടി ഓർഡർ ചെയ്തിരുന്നോ?

വേണ്ടത്ര വാക്സീനുകൾ മുൻകൂട്ടി ഓർഡർ ചെയ്തിരുന്നോ എന്ന ചോദ്യം വാസ്തവത്തിൽ പ്രസക്തമാവുന്നത്, വാക്സീനുകൾക്കായി അന്യരാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്ന രാജ്യങ്ങൾക്കു മാത്രമാണ്. ഉദാ. കാനഡ, കാലേകൂട്ടി ഓർഡർ ചെയ്തിരുന്നത് 33.8 കോടി ഡോസ് വാക്സീനുകളാണ്. അവരുടെ ജനസംഖ്യയെ അഞ്ചുതവണ വാക്സിനേറ്റ് ചെയ്യാൻ പോന്നതാണ് അത്. ഈ ഓർഡർ ചെയ്തുകൂട്ടിയ വാക്സീനുകളിൽ, 2021 മെയ് 24 വരെയുള്ള സമയത്ത് കാനഡ അവരുടെ പൗരന്മാർക്ക് നൽകിയത് എത്ര ഡോസാണ്? വെറും 2.1 കോടി ഡോസ് മാത്രം. ഇതുമായി താരതമ്യപ്പെടുത്തിയാൽ, 11.6 കോടി ഡോസ് വാക്സീൻ മാത്രം മുൻകൂറായി ഓർഡർ ചെയ്തിരുന്ന ഇന്ത്യ വാക്സീൻ വിതരണത്തിൽ എവിടെയാണ് എത്തിനിൽക്കുന്നത് എന്ന് നോക്കൂ. ഇന്ത്യ മേല്പറഞ്ഞ അതേ കാലയളവിൽ സ്വന്തം പൗരന്മാർക്ക് വിതരണം ചെയ്തുകഴിഞ്ഞിട്ടുള്ളത് 19.6 കോടി ഡോസ് വാക്സീനാണ്. ഇന്ത്യ മുൻകൂട്ടി ഓർഡർ ചെയ്തതിന്റെ ഏതാണ്ട് ഇരട്ടിയോളവും, കാനഡ വിതരണം ചെയ്തതിന്റെ പത്തിരട്ടിയോളവും വരും ഇത്. ഇന്ത്യക്ക് വാക്സീൻ നൽകും എന്ന് കരുതിയിരുന്ന നോവാവാക്സ് എന്ന സ്ഥാപനത്തിന്റെ ഉത്പന്നങ്ങൾ അപ്രതീക്ഷിതമായി വൈകിയിട്ടും ഇന്ത്യ ഇത് സാധിച്ചു എന്നതും ശ്രദ്ധേയമാണ്. അപ്പോൾ പിന്നെ ഈ നേരത്തെ കൂട്ടി ഓർഡർ ചെയ്തത് കൊണ്ട് എന്തായിരുന്നു മെച്ചം? ഇന്ത്യ അക്കാര്യത്തിൽ പിന്നാക്കം പോയി എന്ത്‌കൊണ്ട് എന്ത് ദോഷമാണ് ഇവിടെ ഉണ്ടായത്? 

 

ഇന്ത്യയിൽ തദ്ദേശീയമായി വാക്സീൻ നിർമ്മിക്കപ്പെടുന്നുണ്ട് എന്നതിനാൽ, വാക്സീൻ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തപ്പെടുന്നതോടെ, ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന ഓരോ ഡോസ് വാക്സീനും ഇന്ത്യയുടെ ഉപയോഗത്തിന് വേണ്ടി തന്നെ പ്രയോജനപ്പെടുത്തപ്പെടും. തത്വത്തിൽ, വാക്സീൻ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുക വഴി, ഇന്ത്യ 200 കോടി ഡോസ് വാക്സീൻ തങ്ങളുടെ പൗരന്മാർക്ക് വേണ്ടി ഓർഡർ ചെയ്തതിനു സമമായ സാഹചര്യമാണ് സംജാതമായിട്ടുള്ളത് എന്നർത്ഥം. 

ഇന്ത്യ എന്തിനാണ് വാക്സീനുകൾ കയറ്റുമതി ചെയ്തത്? 

ഇന്ത്യ സ്വന്തം പൗരന്മാർക്ക് നൽകിയിട്ടുള്ളത് 19.6 കോടി ഡോസ് വാക്സീനുകൾ ആണെന്ന് പറഞ്ഞു കഴിഞ്ഞല്ലോ. വെറും 6.6 കോടി ഡോസ് വാക്സീൻ മാത്രമാണ് രാജ്യം ഇതുവരെ വിദേശത്തേക്ക് കയറ്റി അയച്ചിട്ടുള്ളത്. അതായത് ഇന്ത്യക്കുള്ളിൽ വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്, നമ്മൾ കയറ്റി അയച്ചതിന്റെ മൂന്നിരട്ടിയോളം ഡോസ് വാക്സീനുകൾ ആണ്. ഇങ്ങനെ കയറ്റി അയക്കപ്പെട്ട വാക്സീനുകളിൽ പത്തു ശതമാനത്തോളം മറ്റു രാജ്യങ്ങളോടുള്ള മനുഷ്യത്വ പരമായ സമീപനത്തിന്റെ പ്രതിഫലനമായി സൗജന്യമായിട്ടാണ് നല്കപ്പെട്ടിട്ടുള്ളത്. ഇങ്ങനെ കയറ്റി അയക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ പലതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, ഒരു പ്രതിസന്ധി ഘട്ടം വരുമ്പോൾ മറ്റാരും തന്നെ സഹായിക്കാൻ ഇല്ലാത്ത അവികസിത രാജ്യങ്ങളുമാണ്. പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുള്ള 6.6 കോടി ഡോസ് വാക്സീനിൽ 3.5 കോടിയും കൊടുത്തയക്കേണ്ടി വന്നിട്ടുള്ളത് വാക്സീൻ നിർമാണ കമ്പനികളോടുള്ള കരാർ നിബന്ധനകളുടെ പേരിലാണ്. ഉദാ. രണ്ടു കോടിയോളം ഡോസ് വാക്സീൻ കൈമാറപ്പെട്ടത് ഐക്യരാഷ്ട്ര സഭയുടെ കോവാക്സ് എന്ന ദരിദ്ര രാജ്യങ്ങളിലെ ജനങ്ങൾക്കുവേണ്ടിയുള്ള വാക്സീൻ ലഭ്യതാ സംരംഭത്തിലേക്കാണ്. ഇന്ത്യ വാക്സീനുകൾ കയറ്റിയയക്കുന്നത്, രാജ്യത്ത് കൊവിഡ് മുന്നണിപ്പോരാളികൾക്കും, ആരോഗ്യ പ്രവർത്തകർക്കും, മുതിർന്ന പൗരന്മാർക്കും മാത്രമായി വാക്സീൻ നൽകപ്പെട്ടു കൊണ്ടിരുന്ന ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ്. അതായത് ആ സമയത്ത് പൊതുജനങ്ങൾക്ക് വാക്സീനുകൾ വിതരണം ചെയ്യപ്പെട്ടു തുടങ്ങിയിരുന്നില്ല എന്ന് സാരം. 

 

ഇന്ത്യയിൽ കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞുവീശിയ ഏപ്രിൽ മാസം ആയപ്പോഴേക്കും കേന്ദ്ര സർക്കാർ ഈ വാക്സീൻ കയറ്റുമതികൾ നിരോധിച്ചു. സ്ഥിതിഗതികൾ നിയന്ത്രണാധീനമായിരുന്ന സെപ്റ്റംബർ-മാർച്ച് കാലഘട്ടത്തിൽ ഇന്ത്യ എങ്ങനെയാണ് ലോകരാജ്യങ്ങളോട് വാക്സീൻ കയറ്റുമതിയുടെ കാര്യത്തിൽ സഹകരിച്ചത് എന്ന സ്മരണയുണ്ടായിരുന്നതുകൊണ്ടാവും രണ്ടാം തരംഗത്തിൽ വാക്സീൻ കയറ്റുമതി താത്കാലികമായി നിർത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ലോകം അംഗീകരിക്കുകയും ചെയ്തു. 

ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം കുറവുണ്ടായിരുന്ന ഘട്ടത്തിൽ ഇന്ത്യ ലോകരാജ്യങ്ങളോട് സഹകരിച്ചിരുന്നില്ല എങ്കിൽ, രണ്ടാം തരംഗം അലയടിച്ച സമയത്ത് മറ്റൊരു രാജ്യവും നമ്മളെ സഹായിക്കാൻ മുന്നോട്ടു വരുമായിരുന്നില്ല. ഇന്ത്യയിൽ വാക്സീനുകൾ നിർമ്മിച്ചെടുക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിലും, അതിനുവേണ്ടുന്ന അസംസ്കൃത വസ്തുക്കൾക്ക് നമ്മൾ ഇപ്പോഴും മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നുണ്ട് എന്നതിനാൽ, മറ്റു രാജ്യങ്ങളുടെ സഹായ സഹകരണങ്ങൾ വാക്സീൻ നിർമാണത്തിൽ ഇന്ത്യയ്ക്ക് അത്യന്താപേക്ഷിതമാണ്. 

നേരത്തെകൂട്ടി ഓർഡർ നൽകിയിരുന്ന ഒരു രാജ്യത്തിന്റെ വാക്സീൻ ഓർഡർ ഇന്ത്യ റദ്ദാക്കിയാൽ, ഭാവിയിൽ വാക്സീൻ നിർമിക്കാൻ വേണ്ട അസംസ്കൃതവസ്തുക്കൾ ഇറക്കുമതി ചെയ്യുന്ന കാര്യത്തിൽ ആ രാജ്യങ്ങൾ പിന്നീട് ഇന്ത്യയുമായി സഹകരിക്കും എന്ന് തോന്നുന്നുണ്ടോ? 'വാക്സീൻ മൈത്രി' എന്ന കേന്ദ്ര നയത്തെപ്പറ്റി ഉയർന്ന ആക്ഷേപങ്ങൾ വിഷയത്തിന്റെ ഗൗരവവും അന്താരാഷ്ട്ര തലത്തിലെ യാഥാർഥ്യങ്ങളും വേണ്ടത്തരം മനസ്സിലാക്കാതെയുളള ജല്പനങ്ങൾ മാത്രമാണ്. 

ഇന്ത്യയുടെ ആഭ്യന്തര വാക്സീൻ ഉത്പാദന ക്ഷമത എങ്ങനെ ?

ഇന്ത്യ വാക്സീൻ ഗവേഷണം തുടങ്ങുന്നത് കഴിഞ്ഞ വർഷം മാത്രമാണ്. എന്നിട്ടും, ഈ കഴിഞ്ഞ കാലയളവിൽ വാക്സീൻ ഉത്പാദന ക്ഷമത എത്രയോ ഇരട്ടിയായി വർധിപ്പിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രായോഗികമായി നോക്കിയാൽ ഇങ്ങനെ ഇരട്ടിപ്പിക്കാൻ പറ്റുന്നതിനും ഒരു പരിധിയുണ്ട്. ചുരുങ്ങിയ കാലം കൊണ്ട്, വാക്സീൻ ഉത്പാദനം ഒരു പരിധിയിൽ കൂടുതൽ വർധിപ്പിക്കുക എന്നത് അപ്രായോഗികമായ ഒരു സംഗതിയാണ്. 

ഇന്ത്യയുടെ വാക്സീൻ നിർമാണ ശേഷിയിൽ ഉണ്ടായ വർദ്ധനവ് എത്രമടങ്ങാണ്?

വാക്സീൻ നിർമാണ ശേഷി പരമാവധി വർധിപ്പിക്കുക എന്ന ലക്‌ഷ്യം വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, നിക്ഷേപകന്റെയും, വാക്സീൻ വികസിപ്പിക്കുന്ന സ്ഥാപനത്തിന്റെയും, അതിന്റെ ഫലസിദ്ധി വിലയിരുത്തുന്നതിന്റെയും വിലകൊടുത്തു വാങ്ങുന്നതിന്റെയും എല്ലാം റോളുകൾ ഏറ്റെടുക്കാൻ,  ഗവൺമെന്റിനോട് നേരിട്ട് ആവശ്യപ്പെട്ടത്. ഈ ലക്ഷ്യത്തോടെ തന്നെയാണ്, വാക്സീൻ നിർമാതാക്കൾക്ക് ഗവൺമെന്റിൽ നിന്ന് സാമ്പത്തിക സഹായവും, സർക്കാർ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നുള്ള ഗവേഷണ സൗകര്യങ്ങളും, ഡ്രഗ്സ് കൺട്രോൾ അതോറിറ്റി പോലുള്ള അനുമതികളും എല്ലാം തന്നെ യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ നൽകപ്പെട്ടത്. 2021 ജൂലൈ ആവുമ്പോഴേക്കും ചുരുങ്ങിയത് 51 കോടി ഡോസ് വാക്സീനുകൾ എങ്കിലും വിതരണം ചെയ്യപ്പെടണം എന്നാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്. അതിനുവേണ്ട വാക്സീനുകൾ ഇതിനോടകം തന്നെ ഓർഡർ ചെയ്യപ്പെട്ടു കഴിഞ്ഞിട്ടുമുണ്ട്. പുതിയ വാക്സീനുകൾ കൂടി രംഗപ്രവേശം ചെയ്യുന്നതോടെ, 2021 അവസാനത്തോടെ ഇന്ത്യയിൽ വിതരണം ചെയ്യപ്പെടാനായി 216 കോടി ഡോസ് വാക്സീനുകൾ എങ്കിലും ലഭ്യമാവും എന്നാണ് പ്രതീക്ഷ. 

 

പൊതു-സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന പന്ത്രണ്ടോളം സ്ഥാപനങ്ങൾ കോവാക്സീൻ നിർമിക്കുന്ന ഭാരത് ബയോടെക്കുമായും സ്പുട്നിക് വാക്സീനു ലൈസൻസ് സ്വന്തമാക്കിയിട്ടുള്ള ഡോ. റെഡ്ഡീസ് ലാബുമായും, വാക്സീൻ നിർമാണം ത്വരിതപ്പെടുത്താൻ വേണ്ടി കരാറിൽ ഏർപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.  അമേരിക്കൻ എഫ്ഡിഎ പോലുള്ള അന്താരാഷ്ട്ര ഡ്രഗ്സ് കൺട്രോൾ അതോറിറ്റിയുടെ അംഗീകാരം കിട്ടിയിട്ടുള്ള മറ്റു ചില വാക്സീനുകൾക്ക് കൂടി ഇന്ത്യയിൽ ദ്രുതഗതിയിൽ അംഗീകാരം നൽകാനും അവയുടെ നിർമ്മാണശേഷി വർധിപ്പിച്ചെടുക്കാനുമുള്ള പരിശ്രമങ്ങൾ പുരോഗമിച്ചു വരുന്നു. ഈ വാക്സീനുകൾ എല്ലാം ലഭ്യമാകുമ്പോഴാണ് 2021 അവസാനത്തോടെ 216 കോടി ഡോസ് വാക്സീനുകൾ ഇന്ത്യക്ക് ലഭ്യമാവുക. 

വാക്സിനേഷൻ യജ്ഞത്തിന്റെ നിലവിലെ പുരോഗതി എന്താണ്?   

ഇന്ത്യയിലെ കൊവിഡ് വാക്സിനേഷൻ യജ്‌ഞം മുന്നോട്ടു പോയിട്ടുള്ളത് ശാസ്ത്രീയമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായും, ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾക്ക് വിധേയമായിട്ടുമാണ്. കൊവിഡ് മരണനിരക്ക് പരമാവധി കുറയ്ക്കുക, പകർച്ചാനിരക്ക് നിയന്ത്രണ വിധേയമാക്കുക എന്നീ രണ്ടു ലക്ഷ്യങ്ങളാണ് നമുക്ക് പ്രധാനമായും നിറവേറാനുള്ളത്. 

 

 

ഈയൊരു ലക്‌ഷ്യം മുൻ നിർത്തി, ജനുവരി 16 മുതൽ ഫെബ്രുവരി 1 വരെയുള്ള ദിവസങ്ങളിൽ ആദ്യം ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് വാക്സിൻ ലഭ്യമാക്കി. ഫെബ്രുവരി രണ്ടാം തീയതി മുതൽ ഫെബ്രുവരി 28 വരെ, കൊവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന മുന്നണിപ്പോരാളികളെ വാക്സിനേറ്റ് ചെയ്തു. മാർച്ച് ഒന്നാം തീയതി മുതൽ അറുപതു വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും, 45 വയസ്സിനു മുകളിൽ പ്രായമുള്ള അനുബന്ധ രോഗങ്ങൾ ഉള്ളവർക്കും, ഏപ്രിൽ ഒന്നാം തീയതി മുതൽക്ക് 45 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാപേർക്കും വാക്സിൻ വിതരണം ചെയ്യപ്പെട്ടു. മെയ് ഒന്നാം തീയതി മുതൽ 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാരും വാക്സിൻ അർഹതാപരിധിക്ക് ഉള്ളിൽ വരികയുണ്ടായി. 

വാക്സിനേഷൻ പ്രക്രിയ ഇപ്പോൾ സംസ്ഥാനങ്ങൾക്കും, സ്വകാര്യ മേഖലയ്ക്കും എല്ലാം സമാന്തരമായി പ്രവർത്തിക്കാൻ പറ്റുന്ന വിധത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്രം.  ഇന്ന് 46,000 -ലധികം കേന്ദ്രങ്ങളിലായി ഒരേസമയം ഇന്ത്യയിൽ വാക്സീൻ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. വാക്സീൻ അർഹതാ പരിധിക്കുള്ളിൽ വന്നതിന് വെറും 25 ദിവസങ്ങൾക്കുള്ളിൽ തന്നെ 18 -45 വയസ്സ് പരിധിക്കുള്ളിലുള്ള 2.86 കോടി പൗരന്മാർക്ക് വാക്സിൻ വിതരണം ചെയ്യപ്പെട്ടുകഴിഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

കേന്ദ്രം നിയന്ത്രിക്കുന്ന സൗജന്യ വിതരണ ശൃംഖലയിലൂടെയാണ് നിലവിലെ വാക്സീനുകളിൽ പകുതിയും ജനങ്ങളിലേക്ക് എത്തിച്ചേരുന്നത്. ഈ 50 ശതമാനം വാക്‌സിനുകൾ കേന്ദ്രം നേരിട്ട് വാക്സീൻ നിർമാണ കമ്പനികളിൽ നിന്ന് വാങ്ങി സംസ്ഥാനങ്ങൾക്ക് ആവശ്യാനുസാരം വിതരണം ചെയ്യാൻ വേണ്ടി തീർത്തും സൗജന്യമായാണ് നൽകിവരുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ രാജ്യത്തെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാപേർക്കും സൗജന്യമായി തന്നെ വാക്സീൻ ലഭ്യമാവും എന്നുറപ്പുവരുത്തുകയാണ് കേന്ദ്രം ചെയ്തിട്ടുള്ളത്. അതേസമയം ശേഷിക്കുന്ന 50 ശതമാനം വാക്സീൻ, അതാത് സംസ്ഥാനങ്ങൾക്ക് തങ്ങളുടെ കൊവിഡ് വ്യാപനത്തിന്റെ തോതിനും വാക്സീൻ ആവശ്യകതയ്ക്കും അനുസരിച്ച് വാക്സീൻ കമ്പനികളിൽ നിന്ന് നേരിട്ട് വിലകൊടുത്തുവാങ്ങി, തങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള വിതരണ യജ്ഞങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാവുന്നതാണ്.

ഇനിയെന്ത്? 

നിലവിലെ പ്രാദേശിക വാക്സീൻ വിതരണ ശൃംഖലക്ക് പുറമെ, മറ്റു പല വിദേശ വാക്സീൻ ഉത്‌പാദകരുമായും ഉള്ള ചർച്ചകൾ, നിലവിൽ അതിന്റെ അന്തിമ ഘട്ടങ്ങളിൽ എത്തി നിൽക്കുകയാണ്. അമേരിക്കൻ മരുന്ന് നിയന്ത്രണ ഏജൻസികളുടെ അംഗീകാരമുള്ള വാക്സീനുകൾക്ക് യുദ്ധകാലാടിസ്ഥാനത്തിലുള്ള അടിയന്തര അനുമതികൾ ലഭ്യമാക്കാനും കേന്ദ്രം ഉത്സാഹിക്കുനുണ്ട്. ഇത് ഇന്ത്യക്കുള്ളിൽ വീണ്ടും ക്ലിനിക്കൽ ട്രയലുകൾ നടത്തുക എന്ന ഔപചാരികത ഒഴിവാക്കി വാക്സീൻ എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കാൻ ഈ വിദേശ കമ്പനികളെ സഹായിക്കും. പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളിൽ പരീക്ഷണാടിസ്ഥാനത്തിൽ കോവാക്സിൻ നൽകാനുളള അനുമതി ഭാരത് ബയോടെക്കിന് കേന്ദ്രം നൽകിക്കഴിഞ്ഞിട്ടുണ്ട്. 

 

തദ്ദേശീയ വാക്സീൻ കമ്പനികളുടെ ഉത്പാദന ശേഷി വികസിപ്പിച്ചും, വിദേശ വാക്സീനുകൾക്കുള്ള അനുമതി ത്വരിതപ്പെടുത്തിയും, പരമാവധി വാക്സീൻ ലഭ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ പരമാവധി പൗരന്മാരെ അധികം വൈകാതെ തന്നെ വാക്സിനേറ്റ് ചെയ്തെടുക്കാനും അതുവഴി ഈ മാരകമായ വൈറസിനെ എത്രയും പെട്ടെന്ന് നമ്മുടെ നാട്ടിൽ നിന്ന് തുരത്താനും വേണ്ട നടപടികളാണ് നിലവിൽ നിലവിൽ കേന്ദ്രം കൈക്കൊള്ളുന്നത്. 

രണ്ടാം തരംഗം ശക്തി പ്രാപിക്കുന്നതോടൊപ്പം രാജ്യത്തെ ആശുപത്രികളിലെ ഓക്സിജൻ, കിടത്തി ചികിത്സ, മരുന്നുകൾ തുടങ്ങിയവയുടെ നിരക്കുകൾ പരമാവധി കുറച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇതിനകം തന്നെ നടപ്പിലാക്കിക്കഴിഞ്ഞു. അതിനു പുറമെ ലോക്ക് ഡൌൺ, കണ്ടെയ്‌ൻമെൻറ് നിയന്ത്രണങ്ങൾ ശക്തമാക്കിയും കൊവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഇന്ത്യ ഈ മഹാമാരിയുടെ ദുരിതങ്ങളിൽ നിന്ന് കരകയറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!