
ദില്ലി: 18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ദില്ലി ഒരുങ്ങി. സെപ്റ്റംബർ 12, 13 തീയതികളിൽ ദില്ലിയിലെ ഭാരത് മണ്ഡപം ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കളുടെ ഉച്ചകോടിക്ക് വേദിയാകും. ബ്രിക്സ് അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ച (സെപ്റ്റംബർ 12) ഉച്ചയ്ക്ക് രണ്ടിന് നടക്കും. 'പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി ഒരുമിക്കാം' എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക മുദ്രാവാക്യം.
ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കൾക്ക് അത്താഴവിരുന്ന് നൽകും. നേതാക്കൾ ഒന്നിച്ച് ഭാരത് മണ്ഡപം പരിസരത്ത് മരം നടും. 'ഭാരത് ഇന്നൊവേറ്റ്സ്' എന്ന പ്രദർശനവും നേതാക്കൾ കാണും. ഞായറാഴ്ച അംഗരാജ്യങ്ങളുടെയും പങ്കാളി രാജ്യങ്ങളുടെയും സംയുക്ത സെഷൻ നടക്കും. ഉച്ചകോടി ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.
ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ദില്ലിയിലെ പ്രധാന ഭാഗങ്ങളെല്ലാം പോസ്റ്ററുകളും ദീപാലങ്കാരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാഷ്ട്രത്തലവന്മാർ, വിദേശ പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനാ മേധാവികൾ, പ്രമുഖ വ്യക്തികൾ എന്നിവരെല്ലാം ഉച്ചകോടിയിൽ പങ്കെടുക്കാനെത്തും. നഗരത്തിലെ ഒമ്പത് ഹോട്ടലുകളിലായാണ് പ്രതിനിധിക താമസിക്കുന്നത്. ഉച്ചകോടിയോടനുബന്ധിച്ച് ദില്ലി ട്രാഫിക് പൊലീസ് വിശദമായ ഗതാഗത നിയന്ത്രണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ഉച്ചകോടിയുടെ ഭാഗമായി 35ലധികം റോഡുകളിൽ ഗതാഗതം നിയന്ത്രിക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുമെന്ന് ദില്ലി പോലീസ് നേരത്തെ അറിയിച്ചിരുന്നു. നിയന്ത്രണങ്ങളിൽ ഏറെയും സെൻട്രൽ, സൗത്ത് ദില്ലിയിലും സമീപ പ്രദേശങ്ങളിലുമായിരിക്കും. വിഐപി വാഹനങ്ങൾ കടന്നുപോകുമ്പോൾ താൽക്കാലികമായി ഗതാഗതം നിർത്തിവെക്കാനും സാധ്യതയുണ്ട്. ഉച്ചകോടിയോടനുബന്ധിച്ച് സെപ്റ്റംബർ 11ന് മുഴുവൻ സ്കൂളുകൾക്കും ദില്ലി സർക്കാർ അവധി പ്രഖ്യാപിച്ചു.
തുടക്കത്തിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്ന് 'ബ്രിക്' എന്ന പേരിലായിരുന്നു ഈ കൂട്ടായ്മ. 2006ൽ ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിക്കിടെയായിരുന്നു കൂട്ടായ്മയിലെ വിദേശകാര്യ മന്ത്രിമാരുടെ ആദ്യ യോഗം. 2009ൽ റഷ്യയിലെ യെക്കാറ്റെറിൻബർഗിൽ ആദ്യ ഉച്ചകോടി നടന്നു. 2011ൽ ദക്ഷിണാഫ്രിക്ക കൂടി ചേർന്നതോടെയാണ് ഇത് 'ബ്രിക്സ്' ആയി മാറിയത്. പിന്നീട് കൂട്ടായ്മ കൂടുതൽ വിപുലമായി.
2024 ജനുവരിയിൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ പൂർണ അംഗങ്ങളായി. 2025 ജനുവരിയോടെ ഇന്തോനേഷ്യയും ഇതിന്റെ ഭാഗമായി. ഇതോടെ 11 അംഗരാജ്യങ്ങളും നിരവധി പങ്കാളി രാജ്യങ്ങളുമുള്ള, ലോക സാമ്പത്തിക, നയതന്ത്ര രംഗത്ത് നിർണായക സ്വാധീനമുള്ള ഒരു ശക്തിയായി ബ്രിക്സ് മാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam