ഇന്ത്യ - തുർക്കി ഭിന്നത നിയമയുദ്ധത്തിലേക്ക്? വിലക്ക് ചോദ്യം ചെയ്യാൻ സെലെബി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Published : May 16, 2025, 08:48 PM IST
ഇന്ത്യ - തുർക്കി ഭിന്നത നിയമയുദ്ധത്തിലേക്ക്? വിലക്ക് ചോദ്യം ചെയ്യാൻ സെലെബി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

Synopsis

ഇന്ത്യ - പാകിസ്ഥാൻ സംഘര്‍ഷത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കുന്ന നിലപാടാണ് തുര്‍ക്കി സ്വീകരിച്ചത്. 

ദില്ലി: ഇന്ത്യ - തുർക്കി ഭിന്നത നിയമയുദ്ധത്തിലേക്ക് നീങ്ങാൻ പോകുന്നുവെന്ന് സൂചന. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, കാർഗോ സേവന ദാതാക്കളായ സെലെബിയുടെ സുരക്ഷാ ക്ലിയറൻസ് വ്യാഴാഴ്ച ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) റദ്ദാക്കിയിരുന്നു. ലൈസൻസ് കരാറുകൾ ഉൾപ്പെടെ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വെല്ലുവിളിക്കാൻ സെലെബി തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ദേശീയ സുരക്ഷാ കാരണങ്ങളാൽ എടുത്ത ഈ തീരുമാനം ഇന്ത്യയിലെ നിരവധി പ്രധാന വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങളിൽ നിന്ന് സെലെബിയെ വിലക്കുകയായിരുന്നു. 

ഓപ്പറേഷൻ സിന്ദൂറിന് കീഴിൽ ഭീകര ക്യാമ്പുകളിലും പാകിസ്ഥാൻ വ്യോമതാവളങ്ങളിലും ഇന്ത്യ നടത്തിയ കൃത്യമായ വ്യോമാക്രമണങ്ങളെ തുർക്കി വിമർശിക്കുകയും പാകിസ്ഥാന് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് സെലെബിക്കെതിരെ കേന്ദ്രസർക്കാർ നടപടി എടുത്തത്. ദേശീയ താൽപ്പര്യവും പൊതു സുരക്ഷയും പരമപ്രധാനമാണെന്നും അതിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതോ ഭീകരതയെ പിന്തുണയ്ക്കുന്നതോ ആയ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഏതൊരു സ്ഥാപനത്തോടും ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെയാണ് ഈ നീക്കം പ്രതിഫലിപ്പിക്കുന്നത്.

സെലിബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (സിഎഎസ്ഐ), സെലിബി ജിഎച്ച് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (സിജിഎച്ച്ഐ), സെലിബി നാസ് എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെലിബി ദില്ലി കാർഗോ ടെർമിനൽ മാനേജ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സെലിബി ജിഎസ് ചെന്നൈ പ്രൈവറ്റ് ലിമിറ്റഡ് (സിജിഎസ്സി) തുടങ്ങി സെലിബിയുമായി ബന്ധപ്പെട്ട അഞ്ച് സ്ഥാപനങ്ങളാണ് പ്രവർത്തനം നിർത്തിവയ്ക്കാൻ നിർബന്ധിതരായത്. ദില്ലി, മുംബൈ, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവയുൾപ്പെടെ ഒമ്പത് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഈ കമ്പനികൾ പ്രവർത്തിച്ചിരുന്നു.

ദില്ലി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി 2034 വരെയും അഹമ്മദാബാദ് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി 2032 വരെയും സാധുതയുള്ള കരാറുകൾ ഇന്ത്യ അവസാനിപ്പിച്ചിരുന്നു. ഇതിന് പുറമെ മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി 2029 വരെയുള്ള ഒരു കരാറും 2036 വരെ സാധുതയുള്ള മറ്റൊരു കരാറും അവസാനിപ്പിച്ചിട്ടുണ്ട്. തുർക്കിയെയുടെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച ഫയലിംഗിൽ സെലെബി തന്നെയാണ് ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നതെന്നാണ് സെബിയുടെ നിലപാട്. ഇത് മറികടക്കാൻ ലഭ്യമായ എല്ലാ ഭരണപരവും നിയമപരവുമായ പരിഹാരങ്ങളും പിന്തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

ഇന്ത്യൻ നിയമങ്ങളോ ദേശീയ സുരക്ഷയോ ലംഘിക്കുന്ന ഒരു പ്രവർത്തനത്തിലും തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളൊന്നും ഏർപ്പെട്ടിട്ടില്ലെന്നാണ് സെലെബി പറയുന്നത്. എന്നാൽ, പാകിസ്ഥാന് അനുകൂലമായി തുർക്കി നയതന്ത്ര നിലപാട് സ്വീകരിച്ചതോടെ വ്യോമാതിർത്തിയും നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും വിട്ടുവീഴ്ച ചെയ്യില്ലെന്ന ശക്തമായ ഭൗമരാഷ്ട്രീയ സന്ദേശമായാണ് ഇന്ത്യയുടെ നടപടി കണക്കാക്കപ്പെടുന്നത്.

അതേസമയം, സെലെബിക്ക് എതിരായ നടപടിയിൽ ഉറച്ചുനിൽക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. സേവനങ്ങളിലെ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനത്താവള ഓപ്പറേറ്റർമാരെ ഏകോപിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്നുണ്ട്. സെലെബിയുടെ ഇന്ത്യൻ ജീവനക്കാരെ സമാനമായ രീതിയിൽ മറ്റ് സേവന ദാതാക്കൾക്ക് ലഭ്യമാക്കുകയെന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. വിദേശ സ്ഥാപനങ്ങൾക്ക് വ്യക്തമായ സന്ദേശം നൽകുന്നതിനൊപ്പം തൊഴിലാളികളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന ഒരു നീക്കം കൂടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം