
വാഷിങ്ടൺ: ഇന്ത്യയുമായുള്ള ബന്ധം ശക്തവും ആഴത്തിലുള്ളതുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്ത പ്രസ്താവനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാലെ സംസാരിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ലോകത്തിന് തന്നെ കരുത്തേകുന്നതാണെന്ന് പറഞ്ഞു. സുരക്ഷിത ഭാവിക്കായി ഇരു രാജ്യങ്ങളും ഒന്നിച്ചു ചേർന്ന് പ്രവർത്തിക്കുമെന്നും ഭീകരവാദത്തിനെതിരായ നിലപാട് വിശദീകരിച്ച് കൊണ്ട് ഇരു നേതാക്കളും വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയിലാണ് സംസാരിച്ചത്. ആഗോള നയതന്ത്ര രംഗത്തിന് തന്നെ പുതിയ ദിശയും ഊർജ്ജവും നൽകുന്നതാണ് ഇന്ത്യയും അമേരിക്കയും തമ്മിൽ ഇപ്പോൾ എത്തിയിരിക്കുന്ന സൗഹൃദമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാണ്. സെമി കണ്ടക്ടർ, നിർമ്മിത ബുദ്ധി എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടെലികോം രംഗത്തും പ്രതിരോധ രംഗത്തും സഹകരണം മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജനറൽ ഇലക്ട്രോണിക്സ് രംഗത്ത് സാങ്കേതിക വിദ്യ കൈമാറ്റത്തിലൂടെ എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കാനുള്ള കരാർ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചു. രണ്ട് രാജ്യങ്ങളിലും ഇതിലൂടെ നേട്ടമുണ്ടാകും.
ഇന്ത്യയും അമേരിക്കയും തമ്മിലെ സൗഹൃദത്തിന് പല അനുബന്ധ ഘടകങ്ങളും ശക്തിയേകുന്നുണ്ടെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ജോ ബൈഡൻ പ്രതികരിച്ചു. ഇരു രാഷ്ട്രങ്ങളും ജനാധിപത്യ രാഷ്ട്രങ്ങളാണ്. ഇരു രാജ്യങ്ങളും നാനാത്വത്തിലും വൈവിധ്യത്തിലും ഏറെ സാമ്യതകളുള്ള രാഷ്ട്രങ്ങളാണ്. ഇന്ത്യ - അമേരിക്ക സൗഹൃദം, അമേരിക്കയും ചൈനയും തമ്മിലുള്ള സൗഹൃദത്തെ ബാധിക്കില്ല, തിരിച്ചുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും അമേരിക്കയുടെയും ഇന്ത്യയുടെയും ഡിഎൻഎയിൽ തന്നെ ജനാധിപത്യമുണ്ട്. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടാത്ത രാജ്യങ്ങളിൽ ജനാധിപത്യം നിലനിൽക്കില്ല. എന്നാൽ എല്ലാവരുടെയും വിശ്വാസത്തെയും മൂല്യം കൽപ്പിക്കുന്ന ഇടമാണ്. ഇന്ത്യയിൽ യാതൊരു വിധത്തിലുള്ള വിവേചനവും ജാതിയുടെയോ മതത്തിന്റെയോ പേരിൽ നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam