ദില്ലി: കേന്ദ്രസര്‍ക്കാര്‍ പത്ത് ആഴ്ചക്കുള്ളില്‍ 60 നിയമങ്ങള്‍ എടുത്തുകളഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ആ നിയമങ്ങള്‍ ആവശ്യമില്ലാത്തവ ആയിരുന്നു. അവ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നവയായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദാരിദ്ര നിർമ്മാർജ്ജനവും പാവപ്പെട്ടവരുടെ ഉന്നമനവുമാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  മുൻ സർക്കാർ പാവപ്പെട്ടവരെ അവഗണിച്ചു. കുടിവെള്ളമെത്താത്ത നിരവധി വീടുകൾ ഇപ്പോഴും ഇന്ത്യയിലുണ്ട്. എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജൽ ജീവൻ മിഷൻ നടപ്പാക്കും. ജൽ ജീവൻ പദ്ധതിക്കായി 3.5 ലക്ഷം കോടി രൂപ നീക്കി വയ്ക്കും. 

രാജ്യത്തെ ജനസംഖ്യാ വർധന ആശങ്ക പ്പെടുത്തുന്നു. കുടുംബാസൂത്രണ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തണം. ആളുകളുടെ മനോഭാവം മാറാതെ സാമൂഹിക പരിഷ്കരണം ലക്ഷ്യം കാണില്ല.  ജനപിന്തുണയുണ്ടങ്കില്‍ മാത്രമേ സർക്കാർ സംരഭങ്ങൾ വിജയിക്കൂ. അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറ് ലക്ഷം കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയെന്ന സ്വപ്നം നാം സാക്ഷാത്കരിക്കും. സാമ്പത്തിക പുരോഗതിക്കായി എല്ലാ ഇന്ത്യക്കാരും കൈകോർക്കണം.

എല്ലാവർക്കം വീടെന്ന സ്വപ്നം സാക്ഷാത്കരിക്കും.  വിനോദ സഞ്ചാര മേഖല വികസിപ്പിക്കും. സമാധാനവും സുരക്ഷയും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. ഇവ രണ്ടും  അനിവാര്യമായവയാണ്. തീവ്രവാദം മനുഷ്യത്വത്തിന് മേലുള്ള കടന്നുകയറ്റമാണ്. തീവ്രവാദത്തെയും അതിനെ പിന്തുണക്കുന്നവരെയും ഇന്ത്യ പ്രോത്സാഹിപ്പിക്കില്ല. സൈനിക സംവിധാനങ്ങൾ ഇന്ത്യ നവീകരിച്ചുകഴിഞ്ഞു. സൈനിക ശക്തിയിൽ നാം അഭിമാനിക്കണമെന്നും പ്രധാനമന്ത്രി പറ‌ഞ്ഞു.