
ദില്ലി:അതിർത്തിയിലെ തർക്കത്തിൽ ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിശ്രി ചൈനീസ് ഉന്നത നേതൃത്വത്തിൻെറ നിലപാട് ആരായും. ഗൽവാൻ, പാങ്ഗോംഗ് മേഖലകൾക്ക് മേലുള്ള ചൈനീസ് അവകാശവാദത്തെ തുടർന്ന് സേന ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിലാണിത്. അതിർത്തിയിലെ ചൈനീസ് നീക്കത്തിൻറെ വിശദാംശം ഇന്ത്യ വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
ഈ മാസം ആറിനുണ്ടാക്കിയ ധാരണ ഇന്ത്യയും ചൈനയും പരസ്പരം പിൻമാറും എന്നാണ് ഈ മാസം 22ന് രണ്ട് രാജ്യങ്ങളുടേയും കമാൻഡർമാർ യോഗം ചേർന്ന് തീരുമാനിച്ചത്. കഴിഞ്ഞ ആഴ്ച കമാൻഡർമാർ യോഗം ചേർന്ന് ഇത് വീണ്ടും അംഗീകരിച്ചു. എന്നാൽ ചൈന ഇതിന് തയ്യാറല്ലെന്ന സൂചനയാണ് നല്കുന്നത്.
ഗൽവാൻ താഴ്വര ചൈനയുടേതാണെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ പറഞ്ഞിരുന്നു. ഇതിനു പുറമെ പാങ്കോംഗ് തടാകതീരത്ത് ഫിംഗർ പോയിൻറ് മൂന്നിൻ്റെ കാര്യത്തിലും ചൈന തർക്കം ഉന്നയിക്കുകയാണ്. ചർച്ച എങ്ങുമെത്താത്ത സാഹചര്യത്തിൽ ചൈനീസ് ഉന്നതനേതൃത്വത്തോട് നേരിട്ട് ഇന്ത്യ നിലപാട് ആരായും.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമ്മീഷൻ അംഗങ്ങളുമായി ഇന്ത്യൻ അംബാസഡർ വിക്രം മിശ്രി നേരിട്ട് സംസാരിക്കുമെന്നാണ് അറിയുന്നത്. അതേസമയം ലഡാക്കിൽ നേരിട്ട് എത്തി സ്ഥിതി വിലയിരുത്തിയ കരസേന മേധാവി എംഎസ് നരവനെ അതിർത്തിയിലെ നിലവിലെ അവസ്ഥ ഇന്ന് പ്രധാനമന്ത്രിയെ കണ്ട് ധരിപ്പിച്ചു.
ചൈനീസ് നീക്കത്തിൻറെ വിശദാംശം ഇന്ത്യ പല രാജ്യങ്ങളോടും വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്. എന്താണ് അതിർത്തിയിലെ സ്ഥിതി എന്നാണ് എംബസികൾ മുഖേന പ്രമുഖ രാജ്യങ്ങളുടെ വിദേശകാര്യം ഓഫീസുകളെ അറിയിച്ചത്. അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന ചൈനീസ് സൈന്യത്തിൻ്റെ ഏത് നീക്കവും നേരിടാൻ സജ്ജമായി ഇന്ത്യൻ സൈന്യം അതിർത്തിയിൽ ജാഗ്രത തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam