പാംഗോങ്ങില്‍ നിന്ന് പിന്മാറി ഇന്ത്യയും ചൈനയും; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

By Web TeamFirst Published Feb 11, 2021, 10:46 PM IST
Highlights

പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങളില്‍ നിന്നാണ് സൈന്യം പിന്മാറിയത്. ഇതോടെ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് താല്‍ക്കാലിക വിരാമമായി. അതേസമയം, ചൈനീസ് സൈന്യം നിയന്ത്രണ രേഖ ലംഘിച്ച് പ്രവേശിച്ച കിഴക്കാന്‍ ഭാഗങ്ങളിലടക്കം പുതിയ ധാരണപ്രകാരം പിന്മാറ്റം നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.
 

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയായ കിഴക്കന്‍ ലഡാക്കില്‍ നിന്ന് പിന്മാറി ഇരുരാജ്യങ്ങളുടെയും സൈന്യം. െൈസെന്യങ്ങള്‍ പിന്മാറുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഇന്ത്യ പുറത്തുവിട്ടു. പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങളില്‍ നിന്നാണ് സൈന്യം പിന്മാറിയത്. ഇതോടെ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് താല്‍ക്കാലിക വിരാമമായി. അതേസമയം, ചൈനീസ് സൈന്യം നിയന്ത്രണ രേഖ ലംഘിച്ച് പ്രവേശിച്ച കിഴക്കന്‍ ഭാഗങ്ങളിലടക്കം പുതിയ ധാരണപ്രകാരം പിന്മാറ്റം നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.

Watch: First video of disengagement between Indian & Chinese forces in South of Pangong Lake. pic.twitter.com/XW7fGseto2

— Sidhant Sibal (@sidhant)

തടാകത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ അറിയിച്ചിരുന്നു. നിരവധി തവണ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. മേഖലയില്‍ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കുന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയവും അറിയിച്ചു. തന്ത്രപ്രധാന മേഖലയായ ഫിംഗര്‍ ഫോറില്‍ നിന്ന് ഫിംഗര്‍ എട്ടിലേക്കാണ് ചൈനീസ് സൈന്യം പിന്മാറിയത്. ഇന്ത്യ സ്ഥിരം താവളമായ ഫിംഗര്‍ മൂന്നിലെ ധന്‍സിംഗ് ഥാപ്പ പോസ്റ്റില്‍ തുടരും.

ധാരണ അംഗീകരിച്ചതോടെ ഫിംഗര്‍ മൂന്ന്, എട്ട് എന്നിവക്കിടയില്‍ പട്രോളിംഗ് നടത്തില്ലെന്ന് ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഫിംഗര്‍ നാല്, എട്ട് പ്രദേശങ്ങളില്‍ ചൈന ബങ്കറുകള്‍ നിര്‍മ്മിക്കുകയും ഫിംഗര്‍ നാലിന് അപ്പുറത്തേക്ക് ഇന്ത്യയെ തടഞ്ഞതുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തടാകത്തിന് വടക്ക് ഫിംഗര്‍ നാലില്‍ നിന്ന് എട്ടിലേക്ക് ചൈന പിന്മാറണമെന്നാണ് ചര്‍ച്ചകളില്‍ ഇന്ത്യ പ്രധാനമായി ഉന്നയിച്ചത്. തടാകത്തിന് തെക്ക് ഇന്ത്യയും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ധാരണയായതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ അവിടെനിന്ന് പിന്മാറും. തടാകത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞതിന് ശേഷം സ്ഥിതിഗതികള്‍ ഇരുരാജ്യങ്ങളുടെയും സീനിയര്‍ കമാന്‍ഡര്‍മാര്‍ വിലയിരുത്തും.

അതേസമയം, ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ലെന്ന് കരസേന മേധാവി എംഎം നരവനെ വ്യക്തമാക്കി. പാരമ്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട് ശത്രുക്കളുടെ കടന്നുകയറ്റം അവസാനിച്ചിട്ടില്ല. കടന്നുകയറ്റം വര്‍ധിക്കുകയാണ് ചെയ്തത്. വെല്ലുവിളികള്‍ നേരിടാന്‍ സൈന്യം തയ്യാറെടുപ്പ് തുടരുകയാണെന്നും അപകടങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണിലാണ് കിഴക്കന്‍ ലഡാക്കില്‍ ഇരുസൈന്യവും പരസ്പരം ഏറ്റുമുട്ടിയത്. ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ എത്ര സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന വിവരം ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.
 

click me!