ഇരട്ടത്താപ്പ് അനുവദിക്കില്ല; രാജ്യസഭയില്‍ ട്വിറ്ററിന് മുന്നറിയിപ്പുമായി രവിശങ്കര്‍ പ്രസാദ്

By Web TeamFirst Published Feb 11, 2021, 10:27 PM IST
Highlights

അമേരിക്കയില്‍ ഒരു നിലപാടും ഇന്ത്യയില്‍ വേറൊരു നിലപാടും അംഗീകരിക്കില്ല. ഇരട്ടത്താപ്പ് അനുവദിക്കില്ല. ഇന്ത്യയില്‍ പ്രവർത്തിക്കണമെങ്കില്‍ ഇന്ത്യയിലെ നിയമം അനുസരിക്കണമെന്നും രവിശങ്കര്‍ പ്രസാദ് 

ദില്ലി: ട്വിറ്ററിന്  രാജ്യസഭയില്‍ മുന്നറിയിപ്പ് നല്‍കി ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യയിലെ നിയമം അനുസരിക്കാന്‍ കമ്പനി ബാധ്യസ്ഥമാണെന്ന് രവിശങ്കര്‍ പ്രസാദ് സഭയില്‍ പറഞ്ഞു. ഒടിടി പ്ലാറ്റുഫോമുകളെ നിയന്ത്രിക്കുന്നതിനൊപ്പം ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നീ ആപ്ലിക്കേഷനുകള്‍ക്കുമുള്ള നിയന്ത്രണത്തിനും സർക്കാര്‍ തയ്യാറെടുക്കുകയാണ്.

ട്വിറ്റര്‍ അധികൃതരുമായി ഇന്നലെ ഐടി സെക്രട്ടറി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തുകയും നിലവിലെ വിവാദത്തില്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് തന്നെ പാര്‍ലമെന്‍റില്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കയില്‍ ഒരു നിലപാടും ഇന്ത്യയില്‍ വേറൊരു നിലപാടും അംഗീകരിക്കില്ല. ഇരട്ടത്താപ്പ് അനുവദിക്കില്ല. ഇന്ത്യയില്‍ പ്രവർത്തിക്കണമെങ്കില്‍ ഇന്ത്യയിലെ നിയമം അനുസരിക്കണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

തെറ്റായ പ്രചാരണമെന്ന് ചൂണ്ടിക്കാട്ടി സർക്കാര്‍ ആവശ്യപ്പെട്ടതില്‍ ഒരു വിഭാഗം അക്കൗണ്ടുകള്‍ മാത്രമേ ട്വിറ്റര്‍ റദ്ദാക്കിയിട്ടുള്ളു.  ഒപ്പം മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയക്കാരുടെയും ആക്ടിവിസ്റ്റുകളുടെയും അക്കൗണ്ട് റദ്ദാക്കാനാകില്ലെന്ന്  നിലപാടെടുത്ത് സർക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് , ആമസോണ്‍ പ്രൈം അടക്കമുള്ള ഒടിടികളെ നിയന്ത്രിക്കാനുള്ള നീക്കത്തിനൊപ്പം സമൂഹമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണത്തിനും  സർക്കാര്‍ കരട് നിയമം തയ്യാറാക്കുകയാണ്. 

പരാതികള്‍ പരിഗണിക്കാൻ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആശ്രയിക്കാന്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതും പരാതി പരിഹാര സംവിധാനവും അടക്കമുള്ളവയാണ് കരട് നിയമത്തിലുള്ളത്.  അതേസമയം ട്വിറ്ററിന് ബദലായുള്ള ഇന്ത്യന്‍ നിര്‍മ്മിത കൂ ആപ്പ് പേരും ഇമെയില്‍ അഡ്രസും ലിംഗവും അടക്കമുള്ള വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന്  ഫ്രഞ്ച് സൈബർ വിദഗ്ധൻ എലിയറ്റ് ആന്‍ഡേഴ്സണ്‍ ആരോപിച്ചിട്ടുണ്ട്.
 

click me!