
തിരുവനന്തപുരം: സമീപകാലത്തുണ്ടായ ആഗോള സംഘർഷങ്ങളിൽ നിന്നും ഓപ്പറേഷൻ സിന്ദൂറിൻ്റെ വിജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് വ്യോമപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം തടയുന്നതിനുള്ള വ്യോമപ്രതിരോധ റഡാർ വാങ്ങുന്നതിനുള്ള ആർഎഫ്ഐ (റിക്വസ്റ്റ് ഫോർ ഇൻഫർമേഷൻ) പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ചു. ഫൈറ്റർ ജെറ്റ്, ഹെലികോപ്റ്റർ, ചെറു ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള ശക്തമായ പ്രതിരോധത്തിനാണ് ശ്രമം.
തന്ത്രപ്രധാന സ്ഥലങ്ങളിലെ ഉയർന്ന മൂല്യമുള്ള ആസ്തികൾ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. നേരത്തെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചായിരുന്നു അതിർത്തി കടന്നുള്ള വ്യോമാക്രമണങ്ങൾ പ്രധാനമായും നടന്നിരുന്നത്. ഇത് ഇപ്പോൾ ലോകത്ത് ശത്രുരാജ്യങ്ങളുടെ ഭീഷണി നേരിടുന്ന എല്ലാവർക്കും വെല്ലുവിളിയായി മാറിയിട്ടുണ്ട്. റഷ്യ - യുക്രൈൻ യുദ്ധത്തിലും ഹമാസ് - ഇസ്രയേൽ ഏറ്റുമുട്ടലിലും ഓപ്പറേഷൻ സിന്ദൂറിലും ഡ്രോൺ ആക്രമണങ്ങളായിരുന്നു പ്രധാന യുദ്ധമുറ.
ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ ദിവസങ്ങളോളം ഡ്രോൺ ആക്രമണം നടത്തിയിരുന്നു. സൈന്യത്തിൻ്റെ എൽ/70, സു 2B, സചിൽക യുദ്ധോപകരണങ്ങൾ ശക്തമായി പാക് ആക്രമണത്തെ പ്രതിരോധിച്ചു. ആക്രമണം നടത്താനാവുന്ന റഡാറുകളിൽ എൽ/70 തോക്കുകൾ ഘടിപ്പിക്കാനുള്ള ആലോചനയാണ് ഇപ്പോൾ ഇന്ത്യൻ സൈന്യം നടത്തുന്നത്. ഈ ഓരോ റഡാർ സംവിധാനത്തിലും ശത്രുവിൻ്റെ ആയുധങ്ങൾ തിരഞ്ഞ് കണ്ടെത്തി വെടിവച്ച് തകർക്കാനുള്ള സംവിധാനമുണ്ടായിരിക്കും.
ഭാരം കുറഞ്ഞ ഒരു വാഹനത്തിൽ ഉയർത്തിവെക്കാൻ സാധിക്കുന്ന രണ്ട് എൽ70 തോക്കുകൾ ഘടിപ്പിക്കാനാവുന്ന വ്യോമപ്രതിരോധ റഡാറുകളാണ് ഇന്ത്യൻ സൈന്യത്തിൻ്റെ ലക്ഷ്യം. വെൻ്റർമാരോട് 12, 24, 36, 48 സിറ്റങ്ങളുടെ ചെലവും ഇവ ലഭ്യമാക്കാൻ ആവശ്യമായി വരുന്ന സമയവും അറിയിക്കാനാണ് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.