
ദില്ലി: ഏത് പരിസ്ഥിതിയിലും രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും മറികടക്കാൻ ഇന്ത്യൻ കരസേന സുശക്തമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദിവേദി. 78ാമത് കരസേന ദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രൗഢഗംഭീര പരിപാടികൾ ജയ്പൂരിൽ നടന്നു. ഇതാദ്യമായിട്ടാണ് ആർമി കന്‍റോണ്‍മെന്‍റിന് പുറത്ത് പരേഡ് നടക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിൽ പാക് ഡ്രോണുകളെ തകർത്ത സംവിധാനം മുതൽ പുതിയതായി സേനയിലേക്ക് എത്തിയ ഭൈരവ് ബറ്റാലിയൻ പരേഡിന്‍റെ ഭാഗമായി. ജയ്പൂരിൽ എത്തിയ കാണികളെ ആവേശത്തിലാഴ്ത്തിയാണ് കരസേന ദിനാഘോഷം നടന്നത്.സേനയുടെ ശക്തി വിളിച്ചോതിയ പരിപാടി കാണികൾക്ക് ഒരേ സമയം ആവേശവും അത്ഭുതവും സമ്മാനിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് ജഗത്‌പുര മഹല്‍ റോഡില്‍ പരിപാടികൾ തുടങ്ങിയത്.
കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി പരേഡിനെ അഭിവാദ്യം ചെയ്തു. ഫൈറ്റര്‍ ജെറ്റുകളുടെയും ഹെലികോപ്‌റ്ററുകളുടെയും ഫ്‌ളൈ പാസ്റ്റുകളോടെയുമാണ് പരിപാടികൾക്ക് തുടക്കുമായത്. മദ്രാസ് റെജിമെന്‍റ് അടക്കം പങ്കെടുത്ത മാര്‍ച്ച് പാസ്റ്റ് സൈന്യത്തിന്‍റെ അച്ചടക്കത്തിന്‍റെ അടയാളമായി. ബ്രഹ്മോസ്, നാഗ് അടക്കം മിസൈൽ സംവിധാനകളും ടാങ്കുകളും തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകളും പരേഡിൽ പ്രദർശിപ്പിച്ചു. ഇതാദ്യമായി സേനയിലേക്ക് എത്തിയ ഭൈരവ് ബറ്റാലിയനും പരേഡിൽ പങ്കാളിയായി. തദേശീയമായി വികസിപ്പിച്ച ആയുധ സംവിധാനങ്ങൾ സേനയ്ക്ക് മുതൽക്കൂട്ടായെന്നും ഏതു വെല്ലുവിളി നേരിടാനും ഇന്ത്യൻ കരസേന തയ്യാറാണെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. പരേഡിൽ മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജർ രാജ് പ്രസാദ് വികസിപ്പിച്ച ആളില്ലാ ആയുധം വഹിക്കുന്ന വാഹന സംവിധാനവും ഭാഗമായി. മദ്രാസ് റെജിമെൻ്റിലെ മലയാളി സൈനികർ അവതരിപ്പിച്ച ചെണ്ടമേളവും ജയ്പൂരിലെ കാണികൾക്ക് പുതിയ അനുഭവമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam