
ദില്ലി: പാകിസ്ഥാനുമായുള്ള അതിർത്തിയോട് ചേർന്നുള്ള ജനവാസ കേന്ദ്രങ്ങളും ആരാധനാലയങ്ങളും സുരക്ഷിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പൊതുമേഖലാ സ്ഥാപനത്തിൽനിന്ന് ആറ് ട്രക്ക് ഘടിപ്പിച്ച AK-630 സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യൻ സൈന്യം പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് സൈന്യം പ്രൊപ്പോസൽ (ആർപിഎഫ്) സമർപ്പിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.അഡ്വാൻസ്ഡ് വെപ്പൺ ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡുമായി (AWEIL) ആറ് AK-630 എയർ ഡിഫൻസ് ഗൺ സിസ്റ്റങ്ങൾ വാങ്ങുന്നതിനായി ഇന്ത്യൻ ആർമി എയർ ഡിഫൻസ് പ്രപ്പോസൽ തയ്യാറാക്കിയിട്ടുണ്ട്. ഉയർന്ന തോതിലുള്ള ഫയറിങ് കപ്പാസിറ്റിയുള്ള 30എംഎം മൾട്ടി-ബാരൽ മൊബൈൽ എയർ ഡിഫൻസ് ഗൺ സിസ്റ്റമാണ് ഇതിനായി ആവശ്യപ്പെടുന്നതെന്ന് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ഈ സംവിധാനംട്രെയിലറിൽ ഘടിപ്പിച്ച് ഹൈ മൊബിലിറ്റി വാഹനം ഉപയോഗിച്ച് വലിച്ചുകൊണ്ടുപോകും.
റഷ്യൻ നിർമ്മിതമായ ഫുള്ളി ഓട്ടോമാറ്റിക് ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റം (CIWS) നാവിക പ്രതിരോധത്തിനായി രൂപകൽപ്പന ചെയ്തതാണെങ്കിലും, ഈ തോക്കിന്റെ ഉപയോഗം വികസിക്കുകയും മിഷൻ സുദർശൻ ചക്രത്തിന്റെ ഭാഗങ്ങളിലൊന്നായി കാണുന്നു. 2035 ഓടെ മിഷൻ സുദർശൻ ചക്രത്തിന് കീഴിൽ നിർണായകമായ അതിർത്തി പ്രദേശങ്ങൾ അത്യാധുനിക സാങ്കേതികവിദ്യയും ശക്തമായ ആയുധ സംവിധാനങ്ങളും കൊണ്ട് സജ്ജീകരിക്കുമെന്ന് സർക്കാർ അടുത്തിടെ പറഞ്ഞിരുന്നു.
4 കിലോമീറ്റർ വരെ ദൂരവും മിനിറ്റിൽ 3,000 റൗണ്ട് വെടിവെപ്പ് ശേഷിയുമുള്ളതാണ് ഈ തോക്കുകൾ. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും ആളില്ലാ ഡ്രോണുകൾ, റോക്കറ്റ്, പീരങ്കികൾ, മോർട്ടാർ (യുആർഎഎം) എന്നിവയിൽ നിന്നുള്ള ഭീഷണി തടയാൻ ഉപയോഗിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.