റഫാല്‍ കരാറിലെ 'ഇടനിലക്കാരനുള്ള സമ്മാനം' വിവാദത്തില്‍; ആരാണെന്നാണ് അറിയേണ്ടതെന്ന് കോൺഗ്രസ്

By Web TeamFirst Published Apr 5, 2021, 5:08 PM IST
Highlights

റഫാല്‍ യുദ്ധവിമാനത്തിന്റെ ഒരു മാതൃകക്ക് 17.5 ലക്ഷം രൂപ എന്ന നിരക്കില്‍ 50 മാതൃകകള്‍ നിര്‍മ്മിക്കാന്‍ ആണ് ധാരണയുണ്ടായിരുന്നത്

ദില്ലി: റഫാല്‍ കരാറില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം മീഡിയപാര്‍ട്ട്. റഫാല്‍ നിര്‍മ്മാണ കമ്പനിയായ ദാസോ  'ഇടപാടുകാരനുള്ള സമ്മാനം' എന്ന ലേബലില്‍ ഇന്ത്യന്‍ കമ്പനിക്ക് പണം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഫ്രാന്‍സിലെ അഴിമതി വിരുദ്ധ വിഭാഗം നടത്തിയ അന്വേഷണത്തെ ഉദ്ധരിച്ചാണ് മീഡിയപാര്‍ട്ടിന്‍റെ റിപ്പോര്‍ട്ട്. ആരാണ്  ഈ ഇടപാടുകരനാണെന്നാണ് അറിയേണ്ടതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

ഇന്ത്യക്ക് റഫാല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയ ഫ്രഞ്ച് കമ്പനി ദാസോ 2017- 18 വര്‍ഷത്തില്‍ നടത്തിയ ഇടപാട് സംബന്ധിച്ചാണ് മീഡിയ പാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍.  ഇന്ത്യയുമായി റഫാല്‍ കരാര്‍ ഒപ്പിട്ടതിന് പിന്നാലെ 8.62  കോടി രൂപ ഇന്ത്യന്‍ കമ്പനി ഡെഫ്‍സിസ്ന് നല്‍കാൻ ദാസോ തീരുമാനിച്ചു. ഇതില്‍ പകുതി പണം റഫാലിന്‍റെ മാതൃകകള്‍ നിര്‍മ്മിക്കാനായി നല്‍കിയെന്ന് കമ്പനി രേഖകളിലുണ്ട്.  ഇടപാടുകാരനുള്ള സമ്മാനം എന്ന തലക്കെട്ടോടെയാണ് കമ്പനിയുടെ ഈ സാമ്പത്തിക ഇടപാടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മീഡിയപാര്‍ട്ട് പറയുന്നു. 

റഫാല്‍ യുദ്ധവിമാനത്തിന്റെ ഒരു മാതൃകക്ക് 17.5 ലക്ഷം രൂപ എന്ന നിരക്കില്‍ 50 മാതൃകകള്‍ നിര്‍മ്മിക്കാന്‍ ആണ് ധാരണയുണ്ടായിരുന്നത്. എന്തുകൊണ്ട്  ഇടപാടുകാരനുള്ള സമ്മാനം എന്ന് തുക രേഖപ്പെടുത്തി, നിര്‍മ്മിച്ച 50 റഫാല്‍ മാതൃകകള്‍ എവിടെ, സ്വന്തം കമ്പനിയുടെ ഉല്‍പ്പന്നത്തിന്‍റെ മാതൃക നിര്‍മ്മിക്കാന്‍ എന്തിന് ഇന്ത്യയില്‍ കരാര്‍ എന്ന് നല്‍കി, എന്നീ ചോദ്യങ്ങള്‍ക്ക് ദാസോക്ക് മറുപടി നല്‍കാനായില്ലെന്നും മീഡിയപാര്‍ട്ട് പറയുന്നു. 

റഫാൽ കരാറിൽ ഒരു ഇടനിലക്കാരന്‍ ഉണ്ടെന്നും കമ്മീഷന്‍ വാങ്ങിയെന്നും തെളിഞ്ഞിരിക്കുന്നുവെന്ന് പ്രതികരിച്ച കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല പ്രധാനമന്ത്രി രാജ്യത്തോട് മറുപടി പറയുമോ എന്നും ചോദിച്ചു. ദാസോയുടെ ഉപകരാര്‍ കമ്പനിയായ ഡെഫ്സിസിസ് വിവാദ വ്യവസായിയായ സുഷേന്‍ ഗുപ്തയുമായി ബന്ധമുള്ളതാണ്. അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്ടര്‍  കേസില്‍ സുഷേൻ ഗുപ്ത അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അതേസമയം ദാസോയുടെ സംശയാസ്പദമായ ഇടപാട് സംബന്ധിച്ച് അന്വേഷണ ഏജന്‍സി പ്രോസിക്യൂഷന് വിവരം നല്‍കിയിട്ടില്ലെന്നാണ് വിവരം.

ഒരു ഇടവേളക്ക് ശേഷം റഫാല്‍ കരാര്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. ഇപ്പോള്‍ വന്നത് ആദ്യ എപ്പിസോഡ് മാത്രമാണെന്നും രണ്ടാമത്തെയും മൂന്നാമത്തെയും എപ്പിസോഡുകളില്‍ വലിയ വെളിപ്പെടുത്തല്‍ ഉണ്ടെന്നുമുള്ള മിഡിയപാര്‍ട്ടിന്‍റെ അവകാശവാദത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

click me!