
ഇന്ത്യൻ യുവതലമുറയുടെ യാത്രാ ശീലങ്ങളിൽ വലിയ മാറ്റം സംഭവിക്കുന്നതായി റിപ്പോർട്ട്. പുതിയ സ്ഥലങ്ങൾ കാണുന്നതിനേക്കാൾ ഉപരിയായി തങ്ങൾക്കിഷ്ടപ്പെട്ട ഗായകരുടെ സംഗീത പരിപാടികളിലും കൺസേർട്ടുകളിലും പങ്കെടുക്കാനായി യാത്രകൾ പ്ലാൻ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് പ്രമുഖ ഹോംസ്റ്റേ പ്ലാറ്റ്‌ഫോമായ എയർബിഎൻബി (Airbnb) പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ജെൻ സികളിൽ 62 ശതമാനം പേരും വരാനിരിക്കുന്ന വർഷങ്ങളിൽ സംഗീത പരിപാടികൾക്കും മ്യൂസിക് ഫെസ്റ്റിവലുകൾക്കുമായി യാത്രകൾ പ്ലാൻ ചെയ്യുകയാണ്. ഏകദേശം 76 ശതമാനം യുവാക്കളും ഒരു പുതിയ നഗരം ആദ്യമായി സന്ദർശിക്കുന്നത് അവിടെ നടക്കുന്ന ഏതെങ്കിലും കൺസേർട്ടിന്റെ ഭാഗമായാണ്. ഇത് ടൂറിസം രംഗത്ത് പുതിയൊരു മാറ്റത്തിന് വഴിയൊരുക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. ഒരു സംഗീത പരിപാടി പ്രഖ്യാപിച്ചാലുടൻ യാത്ര പ്ലാൻ ചെയ്യുന്നവരാണ് മൂന്നിൽ ഒരാൾ, അതായത് 36 ശതമാനം പേരും.
അവധി ദിവസങ്ങളോ ലോങ്ങ് വീക്കെൻഡുകളോ നോക്കുന്നതിന് പകരം പ്രിയപ്പെട്ട കലാകാരന്മാരുടെ പെർഫോമൻസ് കാണാനാണ് ഇവർ മുൻഗണന നൽകുന്നത്. യുവാക്കൾ തങ്ങളുടെ മാസവരുമാനത്തിന്റെ 21 മുതൽ 40 ശതമാനം വരെ ഇത്തരം സംഗീത യാത്രകൾക്കായി മാറ്റിവെക്കുന്നു. ശരാശരി 51,000 രൂപയോളം ഒരു കൺസേർട്ട് യാത്രക്കായി ഇവർ ചെലവാക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 65 ശതമാനം സഞ്ചാരികളും കൺസേർട്ട് നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തായി താമസിക്കാൻ ഇഷ്ടപ്പെടുന്നു. പരിപാടിക്ക് ശേഷം ആ നഗരത്തിലെ പ്രാദേശിക കഫേകളും രാത്രികാല ജീവിതവും ആസ്വദിക്കാൻ പകുതിയിലധികം പേരും താമസം നീട്ടാറുണ്ട്.
ഇന്ത്യയ്ക്കകത്ത് മാത്രമല്ല, വിദേശ രാജ്യങ്ങളിൽ നടക്കുന്ന വമ്പൻ സംഗീത പരിപാടികൾക്കായും ഇന്ത്യൻ യുവാക്കൾ തയ്യാറാണ്. ഏകദേശം 40 ശതമാനം പേർ വിദേശത്തേക്ക് കൺസേർട്ടുകൾക്കായി പറക്കാൻ തയ്യാറാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അമേരിക്ക, യൂറോപ്പ്, ഏഷ്യയിലെ മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പരമ്പരാഗതമായി കാഴ്ചകൾ കാണാൻ പോകുന്ന രീതിയിൽ നിന്ന് മാറി അനുഭവങ്ങൾ തേടിപ്പോകുന്ന രീതിയിലേക്ക് ഇന്ത്യൻ സഞ്ചാരികൾ മാറിക്കഴിഞ്ഞു. നഗരങ്ങളെയും സംസ്കാരങ്ങളെയും പരിചയപ്പെടാനുള്ള ഒരു ഉപാധിയായി യുവാക്കൾ കാണുന്നുവെന്ന് എയർബിഎൻബി ഇന്ത്യ കൺട്രി ഹെഡ് അമൻപ്രീത് സിംഗ് ബജാജ് പറഞ്ഞു.
ചുരുക്കത്തിൽ, വരാനിരിക്കുന്ന കാലത്ത് ഇന്ത്യയിലെ ടൂറിസം മേഖലയെ നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് സംഗീതമായിരിക്കുമെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam