
ദില്ലി: അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് അമേരിക്ക പിടിച്ചെടുത്ത റഷ്യയുടെ പതാകയുള്ള എണ്ണ ടാങ്കറിൽ ഇന്ത്യക്കാരനായ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനും. ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ നിന്നുള്ള ഋക്ഷിത് ചൗഹാൻ ആണ് അമേരിക്ക പിടിച്ചെടുത്ത കപ്പലിൽ അകപ്പെട്ടത്. വിവാഹത്തിന് അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് സംഭവം. ഋക്ഷിത് ചൗഹാനെ വിട്ടുകിട്ടാനായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് നാവിക ഉദ്യോഗസ്ഥന്‍റെ കുടുംബം പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിൽ നിന്നുള്ള ഒരു വ്യാപാര നാവിക ഉദ്യോഗസ്ഥനായ ഋക്ഷിത് ചൗഹാൻ അടുത്ത മാസം വിവാഹത്തിനായി നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുവെയാണ് അമേരിക്കയുടെ തവിലാകുന്നത്.
ഋക്ഷിത് ക്രൂ അംഗമായി ജോലി ചെയ്തിരുന്ന റഷ്യൻ പതാകയുള്ള എണ്ണ ടാങ്കർ കഴിഞ്ഞയാഴ്ച വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ചാണ് അമേരിക്കൻ സൈന്യം പിടിച്ചെടുത്തത്. മരിനീര എന്ന കപ്പലിലെ മൂന്ന് ഇന്ത്യൻ ജീവനക്കാരിൽ ഒരാളാണ് 26 കാരനായ ഋക്ഷിത് ചൗഹാൻ. കുടുംബം പറയുന്നതനുസരിച്ച്, ജനുവരി 7ന് യുഎസ് സേന കപ്പൽ പിടിച്ചെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വരെ ഋക്ഷിത് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഫെബ്രുവരി 19 ന് ഋക്ഷിത് ചൗഹാന്‍റെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിന് നാട്ടിലേക്ക് വരാനിരിക്കെയാണ് അമേരിക്കൻ സൈന്യത്തിന്റെ പിടിയിലായത്. മകനെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ സഹായക്കണമെന്ന് ചൗഹാന്റെ അമ്മ റീത്ത ദേവി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
2025 ഓഗസ്റ്റിലാണ് ഋക്ഷിത് മെർച്ചന്‍റ് നാവികസേനയിൽ പ്രവേശിച്ചത്. അവസാനം വിളിക്കുമ്പോൾ താൻ സുരക്ഷിതാനണെന്നും ഇനി കുറച്ചു കാലത്തേക്ക് കൂടുതൽ ബന്ധം സാധ്യമല്ലെന്നും പറഞ്ഞിരുന്നു. വെനിസ്വേലയ്‌ക്കെതിരായ അമേരിക്കയുടെ സൈനിക നടപടി കാരണം, കമ്പനി വെനിസ്വേലയിൽ നിന്ന് മടങ്ങാൻ നിർദ്ദേശിച്ചതായും മകൻ പറഞ്ഞിരുന്നു. പിന്നീട് ജനുവരി 10ന് മകന്റെ കപ്പൽ അമേരിക്ക പിടിച്ചെടുത്ത വിവരമാണ് അറിഞ്ഞത്- മാതാവ് പറഞ്ഞു. ഋക്ഷിതിന്റെയും, ഗോവയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള മറ്റ് രണ്ട് പേരുടെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ഞങ്ങൾ പ്രധാനമന്ത്രിയോടും വിദേശകാര്യ മന്ത്രിയോടും അഭ്യർത്ഥിക്കുന്നു, അവർ ഒരേ കപ്പലിലെ ജീവനക്കാരാണ്- മാതാവ് പറഞ്ഞു.
പിടിച്ചെടുത്ത സമയത്ത് കപ്പലിൽ 28 ജീവനക്കാരാണ് ഉള്ളത്. അതിൽ മൂന്ന് ഇന്ത്യക്കാരും 20 ഉക്രേനിയക്കാരും ആറ് ജോർജിയക്കാരും രണ്ട് റഷ്യക്കാരും ഉൾപ്പെടുന്നു. ഞായറാഴ്ച മോചിതരായ രണ്ട് റഷ്യൻ ജീവനക്കാർ ഒഴികെയുള്ള എല്ലാവരും നിലവിൽ തടങ്കലിലാണ്. രണ്ടാഴ്ചയിലേറെയായി കപ്പൽ പിന്തുടർന്നതിനു ശേഷം വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വച്ചാണ് അമേരിക്ക എണ്ണ കപ്പൽ പിടിച്ചെടുത്തത്. വെനസ്വേലിയൻ ബന്ധം ആരോപിച്ചായിരുന്നു നടപടി. നാവിക സേനയുടെ അകമ്പടിയോടെ കപ്പലിനെ സംരക്ഷിക്കാൻ മോസ്കോ ശ്രമിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam