അടിമുടി മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ റെയിൽവേ! ഇനി തത്കാൽ കിട്ടില്ലെന്ന പേടി വേണ്ട! 40 വർഷം പഴക്കമുള്ള ടിക്കറ്റ് റിസ‌‌ർവേഷൻ സിസ്റ്റം മാറുന്നു

Published : Mar 16, 2026, 10:54 AM IST
Train

Synopsis

40 വർഷം പഴക്കമുള്ള ടിക്കറ്റ് റിസർവേഷൻ സംവിധാനം പൂർണ്ണമായി മാറ്റാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. പുതിയ സംവിധാനം നിലവിലുള്ളതിനേക്കാൾ 5 ഇരട്ടി വേഗത നൽകുന്നതിനൊപ്പം, തത്‌കാൽ ടിക്കറ്റ് തട്ടിപ്പുകൾ തടയാനും വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കാനും ലക്ഷ്യമിടുന്നു. 

ദില്ലി: 40 വർഷം പഴക്കമുള്ള ടിക്കറ്റ് റിസർവേഷൻ സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. പുതിയ സാങ്കേതിക വിദ്യയോടെ സഹായത്തോടെ സജ്ജമാകുന്ന സംവിധാനം വരുന്നതോടെ ഇപ്പോഴത്തതിനേക്കാൾ 5 ഇരട്ടി വേ​ഗത്തിൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുമെന്ന് കേന്ദ്രം. ദൂരയാത്ര ചെയ്യുന്ന ട്രെയിനുകളുടെ റിസർവ് ടിക്കറ്റുകൾ സ്റ്റേഷനിൽ വന്ന് ബുക്ക് ചെയ്യാനായി നിലവിലുള്ള സോഫ്റ്റ്‌വെയർ വ‌‍‌‌ർഷങ്ങൾ പഴക്കമുള്ളതാണ്. ഇത് പൂർണമായി മാറ്റി പുതിയ സംവിധാനം കൊണ്ടുവരുന്നതോടെ ബുക്കിംഗ് കൗണ്ടറുകളിൽ ടിക്കറ്റ് നൽകുന്ന ജീവനക്കാർക്ക് വേഗത്തിൽ ടിക്കറ്റ് നൽകാൻ കഴിയും. ഇതിലൂടെ നീണ്ട നിരകളും യാത്രക്കാരുടെ ബുദ്ധിമുട്ടുകളും കുറയുമെന്ന് അധികൃതർ അറിയിച്ചു.

റിസർവ് ടിക്കറ്റിംഗിൽ നടക്കുന്ന തട്ടിപ്പുകളും ഇടനിലക്കാരുടെ ഇടപെടലും തടയുന്നതും പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമാണ്. പ്രത്യേകിച്ച് ഉത്സവകാലങ്ങളിൽ ‘തത്‌കാൽ’ ടിക്കറ്റുകൾ ഇടനിലക്കാർ കൈക്കലാക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് റെയിൽവേയുടെ പദ്ധതി. പുതിയ പാസഞ്ചർ റിസർവേഷൻ സിസ്റ്റം നടപ്പാക്കുന്നതിനായി ഏകദേശം 1,000 കോടി രൂപ ചെലവാകും. ദിവസേന ഏകദേശം 2.5 കോടി പേർ യാത്ര ചെയ്യുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സൗകര്യം മുൻനിർത്തിയാണ് ഈ മാറ്റമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.

പുതിയ സംവിധാനത്തിലൂടെ ഓൺലൈനായും കൗണ്ടറുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വളരെ എളുപ്പമാകും. നിലവിലുള്ള പല സാങ്കേതിക പ്രശ്നങ്ങളും ഇതോടെ പരിഹരിക്കപ്പെടുമെന്നും, ഇടനിലക്കാരുടെ ഇടപെടലിന് ഇടവരാതെയാകും ടിക്കറ്റിംഗ് സംവിധാനമെന്നും അധികൃതർ പറഞ്ഞു. വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കുക എന്നതും റെയിൽവേയുടെ മറ്റൊരു പ്രധാന ലക്ഷ്യമാണ്. ഓരോ യാത്രക്കാരനും കൺഫേംഡ് ടിക്കറ്റ് ലഭിക്കുന്ന രീതിയിൽ സംവിധാനത്തെ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും കേന്ദ്രം അറിയിച്ചു.

റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് സെന്ററിൽ (CRIS) പുതിയ സംവിധാനത്തിന്റെ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും, അടുത്ത മാസം തന്നെ ഇത് ആരംഭിക്കാനും ജൂൺ മാസത്തോടെ പൂർണമായി പ്രവർത്തനക്ഷമമാകാനുമാണ് സാധ്യതയെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. പുതിയ സിസ്റ്റം ഒരു വെണ്ടറിനെയോ കമ്പനിയെയോ മാത്രം ആശ്രയിക്കുന്നതല്ല. മൾട്ടി-ലിംഗ്വൽ ഇന്റർഫേസ് ഉള്ള സംവിധാനമായിരിക്കും ഇത്. നിലവിൽ ഒരു മിനിറ്റിൽ 25,000 ടിക്കറ്റുകൾ മാത്രമാണ് ഇഷ്യു ചെയ്യാൻ കഴിയുന്നത്. പുതിയ സംവിധാനത്തിൽ ഇത് ഒരു മിനിറ്റിൽ 1,25,000 ടിക്കറ്റുകളായി ഉയരും. ഇതിലൂടെ ഓൺലൈൻ ബുക്കിംഗും കൗണ്ടറുകളിലെ തിരക്കും ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.

നിലവിലുള്ള സംവിധാനത്തിലെ പോരായ്മകൾ ഉപയോഗിച്ച് ഇടനിലക്കാർ പ്രത്യേക ആപ്പുകളും വെബ്‌സൈറ്റുകളും വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന പ്രവണതയുണ്ടെന്ന് അധികൃതർ പറയുന്നു. പുതിയ സംവിധാനം ഈ തട്ടിപ്പുകൾ തടയാനും യഥാർത്ഥ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കാനും സഹായിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭക്ഷണം പാകം ചെയ്യാൻ ഗ്യാസില്ല, സ്കൂളിൽ ഉച്ചഭക്ഷണമായി നൽകിയത് പാനീപൂരി, ദൃശ്യങ്ങൾ പശ്ചിമ ബംഗാളിൽ നിന്ന്
മണ്ഡല മാറ്റം വേണം, ഇനിയും വഴങ്ങാതെ മുസ്ലിംലീഗ്, പുനലൂരിന് പകരം ചടയമംഗലം ആവശ്യം