
ദില്ലി: ഇന്ത്യയിൽ സ്ലീപ്പർ ബസുകൾ പൂർണമായും നിരോധിക്കണമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ മുൻ ചെയർമാൻ ശ്രീകാന്ത് എം വൈദ്യ ആവശ്യപ്പെട്ടു. ആന്ധ്ര പ്രദേശിലും രാജസ്ഥാനിലും ബസിന് തീപിടിച്ചുണ്ടായ ദുരന്തം ചൂണ്ടിക്കാട്ടിയാണ് ശ്രീകാന്ത് എം വൈദ്യയുടെ പ്രതികരണം. ബസുകളുടെ രൂപകൽപ്പനയിലെ പിഴവാണ് ദുരന്തം ക്ഷണിച്ചുവരുത്തുന്നതെന്ന് അദ്ദേഹം ലിങ്ക്ഡ്ഇനിൽ കുറിച്ചു.
"ഇന്ത്യയിലെ സ്ലീപ്പർ ബസുകൾ നിരവധി കുടുംബങ്ങളുടെ ജീവിതം തകർത്തു. തുടർച്ചയായി തീപിടിത്തങ്ങൾ ഉണ്ടാകുന്നു. ഇതിന് കാരണം തികച്ചും നിരുത്തരവാദപരമായ രൂപകൽപ്പനയാണ്. ഈ വർഷം ഒക്ടോബറിൽ മാത്രം കുർണൂലിലും രാജസ്ഥാനിലും ബസിന് തീപിടിച്ച് 41 പേർ വെന്തുമരിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ, ഇന്ത്യയിൽ സ്ലീപ്പർ ബസുകളിൽ ഉണ്ടായ തീപിടിത്തത്തിൽ 130-ലധികം യാത്രക്കാരാണ് മരിച്ചത്. മിക്കപ്പോഴും യാത്രക്കാർ ഉള്ളിൽ കുടുങ്ങിപ്പോകുകയോ നിർണായകമായ ആദ്യ 20-30 സെക്കൻഡിനുള്ളിൽ രക്ഷപ്പെടാൻ കഴിയാതെ വരികയോ ആണ് ചെയ്യുന്നത്. ഇത് ദൗർഭാഗ്യമല്ല, ഡിസൈനിലെ പിഴവാണ്. ഇടുങ്ങിയ ഇടനാഴിയും എവിടെയെന്ന് പോലും മനസ്സിലാകാത്ത എക്സിറ്റും എല്ലാം ചേർന്നതാണ് സ്ലീപ്പർ ബസിന്‍റെ ഡിസൈൻ. അഗ്നിശമന ഉപകരണങ്ങൾ പലപ്പോഴും കൈയെത്താത്ത ദൂരത്തായിരിക്കും. ഉൾക്കൊള്ളാൻ കഴിയുന്നതിലും യാത്രക്കാരെയും കയറ്റിയാണ് പലപ്പോഴും യാത്ര.
ആഗോള തലത്തിൽ ചില രാജ്യങ്ങൾ സ്ലീപ്പർ ബസുകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ചൈനയിൽ 2012 ൽ സ്ലീപ്പർ ബസുകൾ പൂർണമായും നിരോധിച്ചു. വിയറ്റ്നാമിൽ സുരക്ഷാ നിയമങ്ങളും എക്സിറ്റ് സംവിധാനങ്ങളും പരിഷ്കരിച്ചു. ജർമ്മനിയിലാകട്ടെ നിയന്ത്രിത ഡിസൈൻ മാത്രമേ അനുവദിക്കുന്നുള്ളൂ. എന്നാൽ ഇന്ത്യ പ്രതിരോധ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. 16 ലക്ഷം സ്ലീപ്പർ ബസുകളുണ്ട് രാജ്യത്ത്. അതിനാൽ തന്നെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ പരിശോധന നടക്കുന്നില്ല.
ചൈനയ്ക്കും വിയറ്റ്നാമിനുമെല്ലാം സാധിക്കുമെങ്കിൽ എന്തുകൊണ്ട് ഇന്ത്യയ്ക്ക് സാധിക്കില്ല? ഇപ്പോഴത്തെ രൂപത്തിലുള്ള സ്ലീപ്പർ ബസുകൾ പൂർണ്ണമായും നിരോധിക്കുക എന്നതാണ് ന്യായവും യുക്തിസഹവുമായ കാര്യം. യാത്രകൾ എത്തേണ്ടിടത്ത് എത്തണം. അല്ലാതെ കൊണ്ടുള്ള അതിജീവനം ആവരുത്. അനുശോചനങ്ങളുടെ സമയം കഴിഞ്ഞു. പൂർണമായ നിരോധനത്തിനുള്ള സമയമാണിത്"- എന്നാണ് ശ്രീകാന്ത് എം വൈദ്യയുടെ കുറിപ്പ്.
നിരവധി പേർ ഈ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. അതേസമയം അഹമ്മദാബാദ് ദുരന്തമുണ്ടായി എന്നുകരുതി വിമാനങ്ങൾ നിരോധിച്ചോ എന്നാണ് ചിലരുടെ ചോദ്യം. നിരോധിക്കുക എന്നാൽ രോഗത്തെയല്ല, രോഗലക്ഷണത്തെ ചികിത്സിക്കുന്നതിന് തുല്യമാണെന്നും അഭിപ്രായം ഉയർന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam