
ദില്ലി: വിമാനത്തിൽ കൊണ്ടുപോവുകയായിരുന്ന ഒരു മൃതദേഹത്തിന്‍റെ പെട്ടിക്ക് മുകളിൽ 'എക്സ്ട്രീം ഹെവി' എന്ന് എഴുതിയ, ആനയുടെ ചിത്രം പതിച്ച സ്റ്റിക്കർ പതിപ്പിച്ചതിൽ ഇൻഡിഗോയ്ക്കെതിരെ വിമര്‍ശനം. ചിത്രം വൈറലായതോടെ, 'ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ യാതൊരു ഉദ്ദേശ്യവുമില്ല' എന്ന് ഇൻഡിഗോ വൃത്തങ്ങൾ പ്രതികരിച്ചു. മറ്റൊരു തരത്തിലാണ് ഇത് മനസിലാക്കിയതെങ്കിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും ഇൻഡിഗോ കൂട്ടിച്ചേർത്തു.
ഹിരവ് എന്ന ഉപയോക്താവാണ് ചിത്രം എക്സിൽ പങ്കുവെച്ചത്. "ഇത് വിഡ്ഢിത്തമായി തോന്നിയേക്കാം, പക്ഷേ @IndiGo6E, മനുഷ്യന്‍റെ മൃതദേഹം കൊണ്ടുപോകുമ്പോൾ, 'എക്സ്ട്രീം ഹെവി' എന്ന ലേബലിൽ ആനയുടെ ചിത്രം ഉപയോഗിക്കുന്നത് നിങ്ങൾ മാറ്റേണ്ടതുണ്ട്. യാത്രയായ വ്യക്തിയോടുള്ള ബഹുമാനത്തിന് വേണ്ടി മാത്രം." - ഹിരിവ് കുറിച്ചു. മൃതദേഹം കൊണ്ടുപോകുന്ന ഏജൻസി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നിന്നാണ് ചിത്രം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദില്ലിയിൽ നിന്ന് പട്‌നയിലേക്കാണ് രേഖകളും പാസ്‌പോർട്ടുമടങ്ങിയ ഈ മൃതദേഹം കൊണ്ടുപോയത്.
ഈ ചിത്രം ഇന്‍റർനെറ്റിനെ രണ്ടായി തിരിച്ചു. ചിലർ ഇത് മരണപ്പെട്ട വ്യക്തിയുടെയും കുടുംബത്തിന്‍റെയും സ്വകാര്യതയുടെ നഗ്നമായ ലംഘനമാണ് എന്ന് ആരോപിച്ചു. എന്നാൽ, മറ്റ് ചിലർ ഇത് സാധാരണ രീതിയുടെ ഭാഗമാണ് എന്ന് വാദിച്ചു. "ആനയുടെ ചിഹ്നം ഭാരം കൂടുതലാണെന്ന് സൂചിപ്പിക്കുന്ന ഒരു സർവ്വദേശീയ ചിഹ്നമാണ്. ഇത് ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ സഹായിക്കും. അതിൽ അനാദരവായി ഒന്നുമില്ല," ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. "ഇത്തരം ലേബലിംഗുകളും കൈകാര്യം ചെയ്യുന്നതിനുള്ള ചിഹ്നങ്ങളും മൃതദേഹങ്ങൾ ആഗോളതലത്തിൽ കൊണ്ടുപോകുമ്പോൾ സാധാരണമായ ഒരു രീതിയാണ്. ഇത് അനാദരവല്ല, സുരക്ഷയ്ക്കും വ്യക്തതയ്ക്കും വേണ്ടിയാണ്. കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് ഇംഗ്ലീഷ് വായിക്കാൻ അറിയണമെന്നില്ല, പക്ഷേ അവർക്ക് ചിഹ്നങ്ങൾ മനസിലാകും," മറ്റൊരാൾ കുറിച്ചു.
അതേസമയം, ചില ഉപയോക്താക്കൾ മൃതദേഹങ്ങൾ കൊണ്ട് പോകുന്ന പെട്ടികളിൽ ഇത്തരം ലേബലിംഗ് ഒഴിവാക്കണമെന്ന് ഇൻഡിഗോയോട് ആവശ്യപ്പെട്ടു. കാർഗോ കൈകാര്യം ചെയ്യുന്ന തൊഴിലാളികൾക്ക് പരമാവധി മനുഷ്യശക്തി ആവശ്യമുള്ളത് ലളിതമായി മനസിലാക്കിക്കൊടുക്കാൻ വേണ്ടിയാണ് ഇത്തരം ചിഹ്നങ്ങൾ ഉപയോഗിക്കുന്നതെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam