
ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് കുത്തനെ കുറയുന്നു. പ്രതിദിന കൊവിഡ് (Covid) കേസുകള്‍ രണ്ട് ലക്ഷത്തിന് താഴെയെത്തി. 1,67,059 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 11.69 ശതമാനമാണ് ടിപിആർ. അതേസമയം കൊവിഡ് മരണ സംഖ്യ ഉയരുകയാണ്. ഇന്നലെ 1192 മരണമാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്തെ പ്രതിവാര കണക്കുകളും ആശ്വാസകരമാണ്. മൂന്നാം തരംഗം തുടങ്ങിയ ശേഷം ആദ്യമായി പ്രതിവാര കേസുകളിലും കുറവുമണ്ടായി. കഴിഞ്ഞയാഴ്ച്ച പുതിയതായി റിപ്പോർട്ട് ചെയ്തത് 17.5 ലക്ഷം കൊവിഡ് കേസുകളാണ്. തൊട്ടു മുന്നിലെ ആഴ്ചയെക്കാൾ 19 ശതമാനം കുറവ്. കേരളത്തിലെ രോഗവ്യാപനം ആശങ്കയോടെയാണ് കേന്ദ്രം കാണുന്നത്. 42000 ത്തിലധികം പേർക്കാണ് ഇന്നലെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിൽ പതിനായിരത്തിന് മുകളിലാണ് കേസുകൾ. ഈ സംസ്ഥാനങ്ങളിൽ ജാഗ്രത കൂട്ടണമെന്നാണ് കേന്ദ്രം ആവർത്തിച്ച് നിർദേശിക്കുന്നത്.
അതേസമയം കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വീണ്ടും കൂടി. 1192 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. മുൻ തരംഗങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും മൂന്നാം തരംഗത്തിലെ മരണ നിരക്കിൽ വർധന തുടരുകയാണ്. ജനുവരി 9നും 16 നും ഇടയിൽ 2680 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തൊട്ടടുത്ത ആഴ്ച്ചത്തെ മരണസംഖ്യ മൂവായിരത്തി എഴുന്നൂറ്റി എഴുപതായി. സംസ്ഥാനങ്ങളിലെ മുൻപ് പുറത്തുവിടാത്ത കേസുകൾ ഒഴിവാക്കിയുള്ള കണക്കാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam